Friday
19 Jul 2019

കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധി

By: Web Desk | Saturday 6 July 2019 4:03 PM IST


ബംഗളുരു: കോണ്‍ഗ്രസ്-ജനതാദള്‍ എസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ണാടകയില്‍ പതിനൊന്ന് ഭരണകക്ഷി എംഎല്‍എമാര്‍ രാജിവച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി തന്ത്രമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. 105 അംഗങ്ങളുമായി തങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെന്നും സൂചിപ്പിച്ച് ബിജെപി രംഗത്തുണ്ട്.
പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബാര്‍, മഹേഷ് കുമാതള്ളി, ബി സി പാട്ടീല്‍, ബൈരതിബാസവരാജ്, എസ് ടി സോമശേഖര്‍, രാമലിംഗ റെഡ്ഡി തുടങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരും ജനതാദള്‍ എസിലെ എ എച്ച് വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരുമാണ് രാജി നല്‍കിയിരിക്കുന്നത്. ആരും രാജിവച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ പറഞ്ഞതിന് പിറകെ, 11 പേര്‍ രാജി നല്‍കിയതായി സ്പീക്കര്‍ രമേഷ് കുമാര്‍ സ്ഥിരീകരിച്ചു. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ സെക്രട്ടറിക്കാണ് എംഎല്‍എമാര്‍ കത്ത് നല്‍കിയത്. രാജിയുടെ കാര്യത്തില്‍ ചൊവ്വാഴ്ച അന്തിമ തീരുമാനമുണ്ടാകും.

കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്, രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു. ഇതോടെ ഭരണമുന്നണിയുടെ അംഗബലം 116 ആയി ചുരുങ്ങി. 113 ആണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട കേവല ഭൂരിപക്ഷം. 224 അംഗ സഭയില്‍ കോണ്‍ഗ്രസിന് ആനന്ദ് സിങും ജാര്‍ക്കിഹോളിയും അടക്കം 79 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ജെഡിഎസിന് 37 പേരും. ബിജെപിക്ക് 105 എംഎല്‍എമാരുമാണുള്ളത്. അതിനിടെ കോണ്‍ഗ്രസിലെയും ജെഡിഎസിലെയും മൂന്ന് എംഎല്‍എമാര്‍ വീതം ഗവര്‍ണറെ കാണാനെത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ തങ്ങള്‍ തിരികെവരാമെന്ന് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

രാജിവച്ച നേതാക്കളെ അനുനയിപ്പിക്കാന്‍ ഡി കെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കര്‍ണാടകയിലേക്ക് തിരിച്ചു. എംഎല്‍എമാരുടെ രാജിനീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. രാജി നല്‍കിയ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡി കെ ശിവകുമാറിന്റെ വസിതിയിലെത്തി. മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയെ ശിവകുമാറിന്റെ നിര്‍ദേശപ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇപ്പോള്‍ വിദേശത്താണ്.

പ്രതിസന്ധി മുതലെടുത്ത് പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള തന്ത്രത്തിലാണ് ബിജെപി നേതൃത്വം. സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ വ്യക്തമാക്കി. ഗവര്‍ണറാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഭരണഘടന അനുസരിച്ച് തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മന്ത്രി ഡി കെ ശിവകുമാര്‍ എംഎല്‍എമാരുടെ രാജിക്കത്ത് കീറിക്കളഞ്ഞു എന്നാരോപിച്ച് ബിജെപി നേതാവ് യെദ്യൂരപ്പയും രംഗത്തെത്തി. സ്പീക്കറുടെ ഓഫീസില്‍വച്ച് ശിവകുമാര്‍ രാജിക്കത്ത് കീറിക്കളഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.

Related News