ചര്‍ച്ച തീരാതെ അവിശ്വാസ വോട്ടെടുപ്പില്ല; ഗവര്‍ണറുടെ അന്ത്യശാസനം വീണ്ടും തള്ളി

Web Desk
Posted on July 19, 2019, 9:26 pm

സ്വന്തം ലേഖകന്‍

ബംഗളൂരു: സഖ്യകക്ഷി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നല്‍കിയ രണ്ടാമത്തെ അന്ത്യശാസനയും സ്പീക്കര്‍ തള്ളി. അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പ് നടത്താനാവില്ലെന്നും നിയമത്തിലൂന്നിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ രമേശ്കുമാര്‍ വ്യക്തമാക്കി. സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവര്‍ണര്‍ വാജുഭായ് വാല അന്ത്യശാസനം നല്‍കിയത്. സമയം അവസാനിച്ചിട്ടും സഭയില്‍ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായിരുന്നില്ല. 20 പേര്‍കൂടി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവശേഷിക്കെ സഭ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഇതില്‍ ക്ഷുഭിതനായാണ് ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിക്ക് കത്തയച്ചത്. വൈകിട്ട് ആറിന് മുമ്പ് അവിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നായിരുന്നു അന്ത്യശാസനം.

വൈകിട്ട് മൂന്നോടെ വീണ്ടും ചേര്‍ന്നപ്പോള്‍ രണ്ടാമതും ഗവര്‍ണറുടെ കത്ത് വന്ന കാര്യം മുഖ്യമന്ത്രി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. ‘ഗവര്‍ണറുടെ രണ്ടാമത്തെ ‘ലവ് ലെറ്റര്‍’ എന്നെ വളരെയധികം വേദനിപ്പിച്ചു’ എന്ന ആക്ഷേപത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഈ കത്തുകളില്‍ നിന്ന് സംരക്ഷിക്കണം. വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ ഡല്‍ഹിയില്‍ നിന്നല്ല നിര്‍ദ്ദേശങ്ങള്‍ വരേണ്ടത്. തീരുമാനം സ്പീക്കര്‍ കൈക്കൊള്ളണം. പത്ത് ദിവസമായി ഇവിടെ അരങ്ങേറുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് ഗവര്‍ണര്‍ക്ക് അറിയില്ലെന്നാണോ?’ യെദ്യൂരപ്പയും പാ സന്തോഷും സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷുമായി നില്‍ക്കുന്ന ഫോട്ടോ സഭയില്‍ ഉയര്‍ത്തിക്കാട്ടി കുമാരസ്വാമി ചോദിച്ചു. ‘നിങ്ങള്‍ക്ക് ഇന്നോ തിങ്കളാഴ്ചയോ ഒക്കെ സര്‍ക്കാരുണ്ടാക്കാം, പക്ഷെ ഈ ചര്‍ച്ച കഴിഞ്ഞിട്ട് മാത്രം’ പ്രതിപക്ഷത്തോടും കുമാരസ്വാമി ആവര്‍ത്തിച്ചു. അരുണാചല്‍ പ്രദേശ് ഗവര്‍ണറുടെ നടപടിയിലെ സുപ്രീം കോടതി വിധി കുമാരസ്വാമി നിയമസഭയില്‍ വായിച്ചു. ഗവര്‍ണര്‍ സഭയുടെ അധികാരത്തില്‍ ഇടപെടരുത്. അക്കാര്യം വിധിയില്‍ വ്യക്തമാക്കണമെന്ന് കുമാരസ്വാമി പറഞ്ഞു. ഗവര്‍ണറുടെ കത്തില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നായിരുന്നു കുമാരസ്വാമിയുടെ ആവശ്യം. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെ അതിന് തയ്യാറല്ലെന്ന കോണ്‍ഗ്രസ് നിലപാട് വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ബിജെപിയും വെട്ടിലായി.

ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസ് വലിയ പ്രതിരോധമാണ് തീര്‍ക്കുന്നത്. ഒപ്പം സുപ്രീംകോടതി നടത്തിയ ഇടക്കാല വിധിക്കെതിരെയും നിയമയുദ്ധത്തിനുതന്നെയാണ് സഖ്യകക്ഷി നീക്കം. കോടതി ഉത്തരവ് വിപ്പ് നല്‍കാനുള്ള അവകാശത്തിന്മേലുള്ള ലംഘനമാണെന്ന് കാണിച്ച് കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉത്തരവില്‍ വ്യക്തത തേടി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.