കർണ്ണാടക ഉപതെരഞ്ഞെടുപ്പ് :15 മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്

Web Desk
Posted on December 05, 2019, 8:37 am

ബംഗളുരു: കർണാടകത്തിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മഹാരാഷ്ട്രയിലെ നാടകീയതകൾക്കൊടുവിൽ ബിജെപിയിതര സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇനി എല്ലാ ശ്രദ്ധയും കർണാടകത്തിലേക്കാണ്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് — ജെഡിഎസ് സർക്കാർ തകർന്ന് വീണത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നൽകിയ ‘ഓപ്പറേഷൻ താമര’യാണിതെന്നും, എംഎൽഎമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും, കോൺഗ്രസും ജെഡിഎസ്സും ആരോപിച്ചു.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഇവയാണ്: അത്താനി, ചിക്ബല്ലാപൂർ, ഗോകക്, ഹിരെകേരൂർ, ഹോസകോട്ടെ, ഹുനസുരു, കാഗ്‍വാഡ്, കെ ആർ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂർ, ശിവാജിനഗർ, വിജയനഗര, യെല്ലാപൂർ, യശ്വന്ത്പൂർ. മറുകണ്ടം ചാടിയതിനാൽ അയോഗ്യരാക്കപ്പെട്ട 17 പേരിൽ 13 പേർക്കും ബിജെപി അതേ മണ്ഡലങ്ങളിൽ സീറ്റ് നൽകിയിട്ടുണ്ട്. വർഷങ്ങളായി കോൺഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതിൽ പലരും.

you may also like this video

അധികാരത്തിൽ തുടരണമെങ്കിൽ ആറ് സീറ്റുകളെങ്കിലും മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം. ഇല്ലെങ്കിൽ കോൺഗ്രസ് — ജെഡിഎസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് അധികാരം നഷ്ടമാകും. സഖ്യസർക്കാർ താഴെപ്പോയ ശേഷം കർണാടകത്തിൽ ജെഡിഎസ് — കോൺഗ്രസ് സഖ്യം തകർന്നിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിക്കുന്നത്. ഭൂരിപക്ഷം കിട്ടില്ലെന്ന്‌ ഉറപ്പായതോടെ കൂടുതൽ എംഎൽഎമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ്‌ ആരോപിക്കുന്നു. എന്നാൽ, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.