ഞങ്ങൾ 80 ശതമാനം നിങ്ങൾ വെറും 20 ശതമാനം: മുസ്ലീംങ്ങള്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി ബിജെപി എംഎൽഎ — വീഡിയോ

Web Desk
Posted on January 03, 2020, 10:30 pm

ബംഗളൂരു: പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗവുമായി കര്‍ണാടകത്തിലെ  ബിജെപി എംഎല്‍എ. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ബെല്ലാരി  എം എൽ എ സോമശേഖര റെഡ്ഡി പറഞ്ഞത്. പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇവര്‍ (പൗരത്വഭേദഗതിക്കെതിരെ റാലി നടത്തുന്നവര്‍) വെറും അഞ്ച് ശതമാനമേയുള്ളു.  കോണ്‍ഗ്രസിലെ മണ്ടന്മാര്‍ നിങ്ങളോട് കള്ളം പറയുകയാണ്. അവരെ വിശ്വസിച്ച് നിങ്ങള്‍ തെരുവിലേക്കും വരുന്നു. ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു. ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ എന്താകും അവസ്ഥ? പൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറഞ്ഞു.

ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത്‌ കത്തിക്കാൻ തങ്ങൾക്ക്  അറിയാമെന്നും റെഡ്ഡി പറഞ്ഞു.  പേരെടുത്തു പറയാതെയുള്ള പരാമര്‍ശങ്ങള്‍ മുസ്ലീംകള്‍ക്കെതിരെയാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീംകളും എന്നു തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുസ്ലീം ജനത തങ്ങളുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കില്ലെന്നും സോമശേഖരറെഡ്ഡി പറഞ്ഞു.