ഒറ്റയാള്‍ മന്ത്രിസഭ: ഇതുവരെ നാല് മന്ത്രിസഭാ യോഗങ്ങള്‍

Web Desk
Posted on August 18, 2019, 11:58 am

ബംഗളുരു: കര്‍ണാടകയിലെ ഏകാംഗ മന്ത്രിസഭ ഇതുവരെ ചേര്‍ന്നത് നാലുതവണ. യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി മാത്രം. മുഖ്യമന്ത്രിയായി മൂന്നാഴ്ച പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാനാകാത്ത കര്‍ണാടകയിലാണ് ഏകാംഗ മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നത്.
യോഗങ്ങളില്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് പുറമെ ചീഫ് സെക്രട്ടറിയും മറ്റ് വകുപ്പ് തലവന്മാരുമാണ് പങ്കെടുക്കുന്നത്. വന്‍ പ്രളയം സംസ്ഥാനത്തെ അഭിമുഖീകരിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടവിധം പ്രവര്‍ത്തിക്കാനായിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച നടക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ചയ്ക്കുശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ബിജെപി നിയമസഭാ കക്ഷി യോഗവും ചൊവ്വാഴ്ച ചേരും.
മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയുമായി ഹൈക്കമാന്‍ഡിന്റെ അനുമതി തേടാന്‍ ഈ മാസം രണ്ടുതവണ യെദിയൂരപ്പ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടുതവണയും മുത്തലാഖ് ബില്‍, കശ്മീര്‍ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി അനുമതി ലഭിച്ചിരുന്നില്ല.