ഡി കെ ശിവകുമാര്‍ അറസ്റ്റില്‍

Web Desk
Posted on September 03, 2019, 8:44 pm

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ന്യൂഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ദിവസങ്ങളായി ശിവകുമാറിനെ ചോദ്യംചെയ്ത് വരുകയായിരുന്നു. നാലുദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടകയിലെ മുന്‍മന്ത്രി കൂടിയായ ഡി കെ ശിവകുമാറിന് വ്യാഴാഴ്ച രാത്രിയിലാണ് ഇ ഡി സമന്‍സ് ലഭിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സംരക്ഷണം തേടി ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ വ്യാഴാഴ്ച രാത്രി ഇ ഡി പുതിയ സമന്‍സ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് ചോദ്യംചെയ്യലിന് ഹാജരായത്.  വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ശിവകുമാര്‍ ഇഡി ആസ്ഥാനമായ ന്യൂഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ ലോക് നായക് ഭവനില്‍ എത്തിയത്. തന്നെ വേട്ടയാടുകയാണെന്ന് ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.