ബിജെപി ക്യാംപിലേക്ക് കടക്കാന്‍ ശ്രമിച്ച വിമത എംഎല്‍എയെ കുമാരസ്വാമി അറസ്റ്റ് ചെയ്യിച്ചു

Web Desk
Posted on July 16, 2019, 9:55 am

ബംഗളൂരു: അനുനയമില്ലെങ്കില്‍ അറസ്റ്റ്, കോണ്‍ഗ്രസ് വിമത എം.എല്‍.എ റോഷന്‍ ബെയിഗിനെ തട്ടിപ്പുകേസില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരു കംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അജ്ഞാതകേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഇന്നലെ അര്‍ധരാത്രി  ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യെദിയൂരപ്പയുടെ പേഴ്‌സനല്‍ സ്റ്റാഫ് സന്തോഷിനൊപ്പം പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ബെയ്ഗ്.

കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രത്യേക അന്വേഷണ സംഘം ബെയിഗിനെ കസ്റ്റഡിയിലെടുത്തതായി ട്വിറ്ററിലൂടെ അറിയിച്ചത്.

‘ഇന്ന് റോഷന്‍ ബെയ്ഗിനെ ബിയാല്‍ വിമാനത്താവളത്തില്‍ നിന്നും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു. ആ സമയത്ത് ബി.എസ് യെദ്യൂരപ്പയുടെ പേഴ്‌സണല്‍ സ്റ്റാഫ് സന്തോഷ് ഒപ്പമുണ്ടായിരുന്നു, അവര്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ പൊലിസിനെ കണ്ടപ്പോള്‍ സന്തോഷ് കടന്നു കളഞ്ഞു’ കുമാരസ്വാമി ട്വീറ്റ് ചെയ്യുന്നു. ബി.ജെ.പി എം.എല്‍.എ യോഗേശ്വറും ആ സമയത്ത് അവിടെ ഉണ്ടായിരുന്നെന്നും കുമാരസ്വാമി ട്വീറ്റില്‍ പറയുന്നു.ഇത് തെളിയിക്കുന്നത് സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കുമാരസ്വാമി ആരോപിക്കുന്നു.
ഐ.എം.എ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘമാണ് ബെയ്ഗിനെ പിടികൂടിയത്. നിക്ഷേപ തട്ടിപ്പു കേസില്‍ ആരോപണം നേരിടുന്ന ബെയ്ഗിനോട് കഴിഞ്ഞ വ്യാഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബെയ്ഗ് ഹാജരായിരുന്നില്ല.

തട്ടിപ്പു നടത്തിയ കേസില്‍ ഐഎം.എ ഉടമ മന്‍സൂര്‍ഖാന്‍ ഒളിവിലാണ്. 400 കോടി രൂപ ബെയ്ഗ് തട്ടിയെടുത്തതായി ഒളിവില്‍പോകുന്നതിനു മുമ്പ് മന്‍സൂര്‍ഖാന്‍ ആരോപിച്ചിരുന്നു.
അതേസമയം കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ തുടരുമോയെന്നറിയാന്‍ ഇനി രണ്ടുനാള്‍ മാത്രമാണുള്ളത്. വ്യാഴാഴ്ച നടക്കുന്ന വിശ്വാസവോട്ടിലാണ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുക. ഭരണപക്ഷത്തുള്ള പ്രതീക്ഷ വിമതരിലാണ്. നേതൃത്വം അനുനയിപ്പിച്ച എം.ടി.ബി. നാഗരാജ് അടക്കമുള്ള മൂന്നുപേര്‍ നിലപാട് മാറ്റി മുംബൈയിലെത്തി വിമതരോടൊപ്പം ചേര്‍ന്നതാണ് ഭരണപക്ഷത്തെ ആശങ്കയിലാക്കിയത്. കുതിരക്കച്ചവടത്തിന്റെ സകല സാധ്യതയും പയറ്റുകയാണ് ബിജെപി.