അടച്ചിടലിനെത്തുടർന്ന് വിറ്റഴിക്കാൻ കഴിയാതെ വന്നതോടെ കർണാടകയിലെ മാണ്ഡ്യയിൽ ടൺ കണക്കിന് കാർഷിക വിളകൾ തടാകത്തിൽ തള്ളി കർഷകൻ. മൊത്തവിപണിയിലേക്ക് പച്ചക്കറികൾ എത്തിക്കാനാകാത്തതാണ് കർഷകർക്ക് വിനയായിരിക്കുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് നഗരങ്ങളിൽ പഴത്തിനും പച്ചക്കറിക്കും വേണ്ടി ജനങ്ങൾ ക്യൂ നിൽക്കുമ്പോഴാണ് മറുഭാഗത്ത് കർഷകർ ഉൽപന്നങ്ങൾ വിറ്റഴിക്കാനാവാതെ നശിപ്പിക്കേണ്ട സ്ഥിതിയുണ്ടായിരിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ പ്രതിഷേധിച്ച കർഷകർ ഉൽപന്നങ്ങൾ റോഡരികിൽ നശിപ്പിച്ചു. മൂന്ന് ടൺ തക്കാളിയാണ് മാണ്ഡ്യയിലെ പാണ്ഡവപുരത്തുള്ള യുവ കർഷകൻ തടാകത്തിൽ തള്ളിയത്. ഇത് ചീഞ്ഞളിഞ്ഞിരുന്നു. മൈസൂരിലേക്ക് എത്തിക്കാൻ തക്കാളി തന്റെ മിനി ലോറിയിൽ കയറ്റിയ ഇയാളെ പൊലീസ് തടഞ്ഞ് മടക്കി അയച്ചു. രണ്ട് ദിവസം കൂടി കാത്തിരുന്നെങ്കിലും ഇത് വില്പന കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇയാൾക്ക് സാധിച്ചില്ല. അപ്പോഴേക്കും തക്കാളി ചീഞ്ഞു തുടങ്ങിയിരുന്നു. ഇതോടെയാണ് ഇയാൾ തക്കാളി തടാകത്തിൽ തള്ളിയത്.
ശ്രീരംഗപട്ടണത്തെ ഗഞ്ചാമിൽ കർഷകനായ സോമു മൂന്ന് ടൺ സപ്പോട്ടയാണ് റോഡരികിൽ തള്ളിയത്. വിപണിയിൽ എത്തിക്കാൻ കഴിയാത്തതിനാലും ആരും വാങ്ങാനില്ലാത്തതിനാലും മറ്റു മാർഗമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ചിക്ക്ബല്ലാപുരിൽ ലോഡ് കണക്കിന് മുന്തിരിയും നശിപ്പിച്ച് കർഷകർ പ്രതിഷേധിച്ചു. പശ്ചിമബംഗാളിലെ ക്ഷീരകർഷകർ പാൽ റോഡിലൊഴുക്കിയും പ്രതിഷേധിച്ചു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.