കര്‍ണാടക; സഖ്യം മാറി സംഘ നാടകത്തിന് അരങ്ങൊരുങ്ങി

Web Desk
Posted on July 24, 2019, 11:25 am

ബംഗളുരു: സഖ്യം മാറി സംഘനാടകത്തിന് അരങ്ങൊരുങ്ങി. സഖ്യസര്‍ക്കാര്‍ അരങ്ങൊഴിഞ്ഞതോടെ കാവി ഭരണത്തിന് വേദി തയ്യാറായി. കര്‍ണാടക ബിജെപി യോഗം ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ബിഎസ് യെഡിയൂരപ്പയെ പാര്‍ലമെന്ററിപാര്‍ട്ടി നേതാവായി ഉടന്‍ തിരഞ്ഞെടുക്കും. തുടര്‍ന്ന് യെഡിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയെക്കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും.

15 സാമാജികരുടെ രാജിയോടെ അംഗങ്ങളുടെ എണ്ണം 210 ആയ നിയമസഭയില്‍ ഭൂരിപക്ഷത്തിന് ആവശ്യമുള്ളത് 105 സീറ്റുകളാണ്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 107പേരുടെ പിന്‍ബലമാണ് ബിജെപി ഉറപ്പാക്കിയത്. ബിഎസ്പി യുടെ ഒരംഗത്തിന്റെ പിന്തുണകൂടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ അവഗണിച്ച് വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ബിഎസ്പിയുടെ ഏക എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ കര്‍ണാടകയിലെ ഏക എംഎല്‍എയായ എന്‍ മഹേഷിനെയാണ് ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കിയത്.
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ എച്ച്ഡി കുമാരസ്വാമിക്ക് വോട്ടു ചെയ്യണമെന്ന് മായാവതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി എംഎല്‍എ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ദുരാഗ്രഹം വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്ന്‘രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നു. അധികാരത്തിലേക്കുള്ള വഴിയിലെ ഭീഷണിയായാണ് സഖ്യത്തെ അവര്‍ കണക്കാക്കിയത്. അവരില്‍ പുറത്തു നിന്നുള്ളവരും അകത്തുനിന്നുള്ളവരും ഉള്‍പ്പെടുന്നു. രാഹുല്‍പറഞ്ഞു.

അതേസമയം ഓപ്പറേഷന്‍ താമരയില്‍ വീണ എംഎല്‍എമാരെ ആകാശം ഇടിഞ്ഞുവീണാലും പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാര്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

‘ഞാന്‍ ഒന്നുകൂടി ഉറപ്പിച്ചു പറയാന്‍ ആഗ്രഹിക്കുകയാണ്. ഓപ്പറേഷന്‍ താമരയില്‍ വീണവരെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ല. അതിനി ആകാശം ഇടിഞ്ഞു വീണാല്‍പ്പോലും.’ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.