വിശ്വാസപ്രമേയം ഇന്നു തന്നെ വോട്ടിനിടണമെന്ന് ഗവര്‍ണര്‍

Web Desk
Posted on July 18, 2019, 6:12 pm

ബെംഗളൂരു : കര്‍ണാടക നിയമസഭ വിശ്വാസപ്രമേയം ഇന്നു തന്നെ വോട്ടിനിടണമെന്ന് ഗവര്‍ണര്‍. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ സഭയില്‍വായിച്ചു. എന്നാല്‍ ഗവര്‍ണര്‍ക്ക് അത്തരത്തില്‍ നിര്‍ദ്ദേശത്തിന് അധികാരമില്ലെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ ഇടപെടല്‍. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധിയില്‍ അവ്യക്തത നില നില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് നടത്തുകയും വിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്താലും കോടതിവിധിയുടെ ആനുകൂല്യമുള്ളതുകൊണ്ട് വിമത എംഎല്‍എമാര്‍ സഭയിലെത്തില്ലെന്നും അത് സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഇന്നു തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ബിജെപിയും സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകില്ലെന്ന ആശങ്കയാണ് സഖ്യ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.