ഉപ്പും മഞ്ഞളും കലക്കിയ വെള്ളം കോറോണയെ ഭേദമാക്കും; വീണ്ടും വിചിത്ര വാദവുമായി കര്‍ണ്ണാടക ആരോഗ്യമന്ത്രി

Web Desk

ബെംഗളൂരു

Posted on April 19, 2020, 4:11 pm

വെയില്‍ കൊള്ളുന്നത് കൊറോണ രോഗത്തെ ഭേദപ്പെടുത്തുമെന്ന വാദത്തിന് പിന്നാലെ ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച്‌ കവിള്‍കൊള്ളുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. ബെല്ലാരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി അശാസ്ത്രീയ വാദമുന്നയിച്ചത്.

ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച്‌ കവിള്‍കൊള്ളുന്നവര്‍ക്ക് കൊവിഡ് രോഗം ഭേദമായെന്നും ചൂടുവെള്ളം കുടിക്കുന്നത് കൊറോണ വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും അദ്ദേഹം പറ‍‍ഞ്ഞു. ചൈനയിലെ ആളുകള്‍ ഇത് ചെയ്താണ് കൊറോണയെ തുരത്തിയതെന്നും ശ്രീരാമലു കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരു ഡോക്ടറല്ല. എന്നാല്‍ ചില ആരോഗ്യമാസികകളില്‍ ഇക്കാര്യം വായിച്ചിരുന്നു’ എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 13 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 384 ആയി. 14 പേരാണ് ഇത് വരെ കര്‍ണ്ണാടകയില്‍ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടത്.