Web Desk

ന്യൂഡല്‍ഹി

March 18, 2021, 9:28 pm

വിശന്ന വയറുമായി പഠിക്കാന്‍ കഴിയില്ല : കര്‍ണാടക ഹൈക്കോടതി

ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം
Janayugom Online

വിശക്കുന്ന വയറുമായി ആര്‍ക്കും പഠിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ചില സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നത് നിര്‍ത്തിവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു കോടതി. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ഉച്ചഭക്ഷണം നിര്‍ത്തിവച്ച് സ്കൂളുകള്‍ തുറക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും തുറന്നതോടെ ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാധ എം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്ന എസ് സഞ്ജയ് ഗൗഡ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേരള- കര്‍ണാടക അതിര്‍ത്തിയിലുള്ള ചില സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിവച്ചതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. 

‘ഒരു വര്‍ഷമായി ഇത്തരമൊരു സാഹചര്യത്തെ നേരിടുന്നു. എന്നിട്ടും ഒരു പദ്ധതിയും നിലവിലില്ലേ. സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക എന്നത് ഒരു കൂടിച്ചേരല്‍ ആണ്. പിന്നീട് എന്തുകൊണ്ടാണ് ഉച്ചഭക്ഷണം നല്‍കാന്‍ കഴിയാത്തതെന്നും ബെഞ്ച് ചോദിച്ചു. 

ആർട്ടിക്കിൾ 21 എ പ്രകാരം വിദ്യാഭ്യാസം മൗലികാവകാശത്തിന്റെ ഭാഗമാണ്. എന്നാൽ ഉച്ചഭക്ഷണം കഴിക്കാതെ ആര്‍ക്കും പഠിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് കേന്ദ്രത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ENGLISH SUMMARY;Karnataka High Court says no one can study with a hun­gry stomach
YOU MAY ALSO LIKE THIS VIDEO;