ഒറ്റയാള്‍ ഭരണവുമായി യെദ്യൂരപ്പ; കേന്ദ്ര നേതൃത്വം ഇടഞ്ഞുതന്നെ

Web Desk
Posted on August 09, 2019, 7:56 pm

ബംഗളൂരു: കേന്ദ്ര നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് അധികാരം പിടിച്ചെടുത്ത ബി എസ് യെദ്യൂരപ്പ രണ്ടാഴ്ചയായിട്ടും ഭരണം നിര്‍വഹിക്കുന്നത് തനിച്ച്. കര്‍ണാടക മന്ത്രിസഭ വികസിപ്പിക്കാനാകാനുള്ള അനുമതിയും നിര്‍ദ്ദേശങ്ങളും ഇനിയും നേതൃത്വത്തില്‍ നിന്ന് ലഭിക്കാത്തതാണ് കാരണം.
മന്ത്രിസഭ വികസിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷന്‍ കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണാന്‍ യെദ്യൂരപ്പ ശ്രമം നടത്തിയിട്ടും അതിനുപോലും അനുമതി ലഭിച്ചിട്ടില്ല. ജൂലൈ 26 നാണ് രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു ശേഷം കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലേറിയത്. മുഖ്യമന്ത്രിക്കുപുറമെയുള്ള 33 മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
മുഖ്യമന്ത്രി പദത്തില്‍ കയറുന്നതിന് ഒരുദിവസം മുന്‍പ് യെദ്യൂരപ്പ ഷായുമായും മോഡിയുമായും മൂന്നു പ്രാവശ്യം കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അന്നും നടന്നിരുന്നില്ല. ഷായ്ക്കു സമയമില്ലാത്തതിനാല്‍ പകരം സത്യപ്രതിജ്ഞയ്ക്ക് വന്നത് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറായിരുന്നുവെന്നാണ് പറഞ്ഞത്.
അതേസമയം 14 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ സുപ്രീം കോടതി തീരുമാനമെടുത്തതിനു ശേഷമേ മന്ത്രിസ്ഥാനങ്ങളില്‍ തീരുമാനമാകൂ എന്ന് ബിജെപി വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നു. മന്ത്രിസഭാ വികസനം വൈകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരപ്രശ്നം ഉടലെടുത്തുതുടങ്ങിയതോടെയാണ് ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചിരിക്കുന്നത്. അയോഗ്യരാക്കിയ തീരുമാനം കോടതി റദ്ദാക്കിയാല്‍ കോണ്‍ഗ്രസും ജെഡിഎസും വിട്ടുവന്ന നേതാക്കള്‍ക്കു മന്ത്രിസ്ഥാനം നല്‍കേണ്ടിവരുമെന്നത് മറ്റൊരു തലവേദനയായിട്ടുണ്ട്. പന്ത്രണ്ടോളം വിമതരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്നാണ് അവകാശമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്പീക്കറുടെ തീരുമാനം കോടതി ശരിവച്ചാല്‍ പാര്‍ട്ടി നേതാക്കള്‍ക്കു തന്നെ മന്ത്രിപദവി നല്‍കി ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളൊഴിവാക്കാമെന്നതാണ് യെദ്യൂരപ്പയുടെ ആലോചന.