കരിനാടിന്റെ പടവെട്ടും രാഷ്ട്രീയ കൗതുകങ്ങളും

Web Desk
Posted on July 19, 2019, 10:49 pm

valsan-ramakulath

നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കരിനാടിന്റെ പടയോട്ടം ഇന്നും ഒരു കൗതുകം തന്നെയാണ്. രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധവും വെട്ടിപ്പിടുത്തവും തീര്‍ന്ന് കരു-നാടും കരു-നടവും ലോപിച്ച് എഴുപതുകളില്‍ കര്‍ണാടകം എന്ന സംസ്ഥാനത്തിലെത്തിയപ്പോഴും ആ വീറിന് അവസാനമായില്ല. അധികാരത്തിനുള്ള പടയോട്ടം രാജാക്കന്മാരില്‍ നിന്ന് പിന്നെ രാഷ്ട്രീയാധികാരികളിലൂടെ ആയെന്നുമാത്രം. കര്‍ണാടകയുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ പിന്നെ അന്ത്യമില്ല; അവരുടെ പടയോട്ടം പോലെ തന്നെ കുതിപ്പിലാണത്. വീറും വാശിയും കാലുവാരലും കൂറുമാറലും എല്ലാം സിനിമാക്കഥ പോലെ തുടരുന്നു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ ബിജെപി നടത്തുന്ന പരിശ്രമങ്ങളെ വര്‍ധിതവീര്യത്തോടെയാണ് അവര്‍ നേരിടുന്നത്. നിലവിലെ കണക്കുകളെല്ലാം അനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പുപോലുമില്ലെന്ന തിരിച്ചറിവിലും കോണ്‍ഗ്രസും ജനതാദളും നടത്തുന്ന ചെറുത്തുനില്‍പ്പ് നിയമ തന്ത്രങ്ങളിലൂന്നിയാണെന്നതാണ് വലിയ പ്രത്യേകത. ബിജെപിക്കുവേണ്ടി നിലകൊള്ളുന്ന ഗവര്‍ണറെ രണ്ടാം ദിവസവും കര്‍ണാടക സ്പീക്കര്‍ നിഷ്പ്രഭമാക്കി. സഭയ്ക്കുള്ളിലെ അധികാരം സ്പീക്കര്‍ക്കാണ്. അംഗങ്ങള്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി നല്‍കുന്ന വിപ്പ് വെറും പീറക്കടലാസല്ലെന്ന് വിളിച്ചുപറയുന്നു. എംഎല്‍എമാരോട് സഭയിലെത്താന്‍ പറയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെയും തിരുത്താനാകുമോ എന്നും പരീക്ഷിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി സഭ നിലവില്‍ വന്നത് കര്‍ണാടകത്തിലാണെന്നത് അത്ഭുതമൊന്നുമല്ല. അതിന്റേതായ എല്ലാ രാഷ്ട്രതന്ത്രങ്ങളും ചടുലതകളും ഇവിടത്തെ രാഷ്ട്രീയത്തിനുണ്ടുതാനും. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നന്ദരാജവംശവും ശതവാഹന രാജാക്കന്മാരും മൗര്യസാമ്രാജ്യവും കദംബ രാജവംശവും ഗംഗ രാജവംശവും മയൂരശര്‍മ്മന്‍ രാജാവുമൊക്കെയായിരുന്നു ആദ്യ കന്നഡ ഭരണകൂടങ്ങളെ നിയന്ത്രിച്ചിരുന്നത്. പിന്നീടിങ്ങോട്ട് ചാലൂക്യന്മാരും രാഷ്ട്രകൂടന്മാരും ഭരണത്തിലേറി. ചോളരാജവംശവും കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളെ അടക്കിവാണു. ഇവരെ പടവെട്ടി തോല്‍പ്പിച്ചാണ് വിഷ്ണുവര്‍ധന്റെ ഹൊയ്‌സാല രാജവംശം അധികാരം പിടിച്ചെടുത്തത്.
വിജയനഗരസാമ്രാജ്യവും ഡെകാന്‍ സുല്‍ത്താനത്തുകളും തമ്മില്‍ നടന്ന തളിക്കോട്ട യുദ്ധത്തിനൊടുവില്‍ ബിജാപ്പൂര്‍ സുല്‍ത്താനേറ്റിനായി ഭരണം. മുഗള്‍ ചക്രവര്‍ത്തിമാര്‍ വെട്ടിപ്പിടിച്ച കര്‍ണാടകയുടെ ഉത്തരമേഖലയില്‍ നൈസാമിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. പാതി പിടിച്ചെടുത്ത് ബ്രിട്ടീഷുകാരും ഭരണം തുടങ്ങി. ഹൈദരാലിയും ടിപ്പുസുല്‍ത്താനും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരന്തര യുദ്ധം നടത്തി. ടിപ്പുവിന്റെ മരണത്തോടെ മൈസൂറും ബ്രിട്ടീഷ് സാമ്രാജ്യം പിടിച്ചെടുത്ത് വൊഡെയാര്‍ രാജകുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നു. 1881 ഓഗസ്റ്റില്‍ മൈസൂര്‍ രാജാവ് ചാമരാജ വാഡിയാര്‍ പത്താമന്റെ കീഴില്‍ ദിവാനായിരുന്ന സി വി രംഗചാര്‍ലുവാണ് ഇവിടെ രാജ്യത്തെ ആദ്യ പ്രജാ പ്രതിനിധി സഭ രൂപീകരിച്ചത്.
കര്‍ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാള്‍ ഹനുമന്തയ്യ, നിട്ടൂര്‍ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ സ്വാതന്ത്ര്യസമരമായിരുന്നു പിന്നീട് കര്‍ണാടകം കണ്ടത്. സ്വാതന്ത്ര്യത്തിനുശേഷം മൈസൂര്‍ ഇന്ത്യയോട് ചേര്‍ത്ത് 1950ലാണ് മൈസൂര്‍ സംസ്ഥാനം രൂപീകരിച്ചത്. 1973 ല്‍ മൈസൂരിനെ കര്‍ണാടക എന്ന് പുനര്‍നാമകരണം ചെയ്തു.
അവിടന്നിങ്ങോട്ടുള്ള കഥ വേറെ. യുദ്ധത്തില്‍ നിന്നും പടയോട്ടത്തില്‍ നിന്നും കുതിരക്കച്ചവടത്തിന്റെ തേരോട്ടത്തിലേക്ക് കര്‍ണാടകയെ വഴിതിരിച്ചത് 1984 ല്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയാണ്. കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ രണ്ട് ലക്ഷം രൂപ മൊയ്‌ലി വാഗ്ദാനം ചെയ്തായിരുന്നു തുടക്കം. പിന്നെ ഓരോ ഘട്ടത്തിലും കര്‍ണാടകയുടെ രാഷ്ട്രീയ കച്ചവടത്തിന്റെ രൂപവും ഭാവവും മാറിമാറിവന്നു. ഒടുവില്‍ അവിടത്തെ ആ രാഷ്ട്രീയ കൗതുകം റിസോര്‍ട്ടുകളിലേക്കും റിമോര്‍ട്ടുകളിലേക്കും എത്തിനില്‍ക്കുകയാണ്.
ഇന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് കര്‍ണാടകയുടെ രാഷ്ട്രീയക്കളിയില്‍ വെള്ളം കുടിക്കുന്നത്. ഒരിക്കല്‍ സ്വന്തം പിതാവായ എച്ച് ഡി ദേവഗൗഡയെ അവഗണിച്ച് പാര്‍ട്ടി പിളര്‍ത്തിയാണ് കുമാരസ്വാമി 41 എംഎല്‍എമാരുമായി ബിജെപിയെയും കൂട്ടി സര്‍ക്കാരുണ്ടാക്കിയത്. ഈ കച്ചവടത്തിലും കുമാരസ്വാമി വെള്ളം ചേര്‍ത്തു. ധാരണപ്രകാരം തങ്ങളുടെ ഊഴത്തിനുശേഷം അടുത്ത 20 മാസത്തേയ്ക്ക് മുഖ്യമന്ത്രിപദം ബിജെപിക്കായി ഒഴിഞ്ഞുകൊടുക്കാന്‍ കുമാരസ്വാമി തയ്യാറായില്ല. രാഷ്ട്രപതിഭരണത്തിലാണ് ഈ പോര് കലാശിച്ചത്.
ബിജെപി ദേശീയ രാഷ്ട്രീയത്തില്‍ പച്ചപിടിക്കാന്‍ തുടങ്ങിയതോടെ ജനാധിപത്യം അതിരുകടന്ന കച്ചവടത്തിലെത്തി. കര്‍ണാടക ഇക്കാര്യത്തില്‍ ഒരുപടി മുന്നിലുമെത്തി. തെക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള കവാടമായാണ് ബിജെപി കര്‍ണാടകയെ അന്നും ഇന്നും കാണുന്നത്. 2008 ല്‍ ബിജെപി ഓപ്പറേഷന്‍ താമരയ്ക്ക് തുടക്കമിട്ടതും ഇവിടെ നിന്നുതന്നെയാണ്.
2018 മെയ് 15 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 104 സീറ്റും കോണ്‍ഗ്രസ് 78 സീറ്റും ജെഡിഎസ് 37 സീറ്റും നേടി. ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യം രൂപീകരിച്ച് എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. പക്ഷെ മെയ് 16ന് ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ തുടക്കമായി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു.
സുപ്രീംകോടതിയുടെ ചരിത്രത്തില്‍ അര്‍ദ്ധരാത്രി വാദം കേട്ട് വിധി പ്രഖ്യാപിച്ച കേസായിരുന്നു അത്. ബി എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളുകയാണ് അന്നുണ്ടായത്. മെയ് 17ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കി. മെയ് 19ന് സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കെ ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോട്ടെം സ്പീക്കറായി നിയമിച്ചത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. പ്രോട്ടേം സ്പീക്കറെ മാറ്റേണ്ടി വന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്ന് പറഞ്ഞ കോടതി, സുതാര്യത ഉറപ്പാക്കാന്‍ വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാനും ഉത്തരവിട്ടു.
2018 മെയ് 19 ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദ്യൂരപ്പ നാടകീയമായി രാജി പ്രഖ്യാപിച്ചു. മെയ് 23 ന്–അധികാരമേറ്റ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനേറ്റ ആദ്യ തിരിച്ചടി 2018 ഒക്ടോബര്‍ 11 ന് മന്ത്രിയായിരുന്ന ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് രാജിവച്ചതാണ്. പിന്നീടിങ്ങോട്ട് കര്‍ണാടകത്തിലെ മന്ത്രിസഭ ആടിയുലഞ്ഞു. ഒരുരാത്രി വിധാന്‍ സൗധത്തില്‍ അന്തിയുറങ്ങിയിട്ടും ബിജെപി പ്രതീക്ഷിച്ചതൊന്നും നടന്നില്ല. രണ്ട് അവധിനാള്‍ കഴിഞ്ഞുകാണാം കരിനാടിന്റെ പുതിയ അങ്കം. അതുവരെ ബിജെപിയും വിമതരും രാജിവച്ചവരും പിന്തുണപിന്‍വലിച്ചവരും മാറിനിന്നവരും ജാഗ്രതൈ.