Saturday
19 Oct 2019

ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി

By: Web Desk | Friday 12 July 2019 2:28 PM IST


ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയും സംബന്ധിച്ച കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിശ്വാസവോട്ട് തേടണമെന്ന് കുമാരസ്വാമി.
കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി അന്നു പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

സുപ്രീം കോടതി ഉത്തരവ് കര്‍ണാടക സ്പീര്‍ക്കര്‍ കെ.ആര്‍ രമേശ് ലംഘിച്ചുവെന്ന് എം.എല്‍.എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്ഗി വാദിച്ചു. നടപടി ലംഘിച്ച സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കണമെന്നും മുകുള്‍ റോഹ്ഗി ആവശ്യപ്പെട്ടിരുന്നു. രാജി താമസിപ്പിച്ച എം.എല്‍.എമാരെ ആയോഗ്യരാക്കാനുള്ള നടപടിയാണ് സ്പീക്കര്‍ സ്വീകരിക്കുന്നതെന്നും റോഹ്ഗി പറഞ്ഞു.

അതേസമയം, സ്പീക്കര്‍ക്ക് വേണ്ടി അഭിഭാഷകനായ അഭിഷേക് മനു സിംഗ്‌വി ഹാജരായി. 1974ലെ ദേദഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ത്ഥമാണെന്നു ബോദ്ധ്യപ്പെടേണ്ടതുണ്ടെന്നും സിംഗ്‌വി കോടതിയില്‍ പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതെന്നും സിംഗ്‌വി കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു. അങ്ങനെ കരുതുന്നില്ലെന്നും അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് രണ്ട് എം.എല്‍.എമാര്‍ രാജി നല്‍കിയിരിക്കുന്നത്. എട്ടു പേര്‍ അതിനു മുമ്ബ് രാജിക്കത്ത് അയച്ചെങ്കിലും നേരിട്ടു ഹാജരായിരുന്നില്ലെന്നും സിംഗ്‌വി കോടതിയില്‍ പറഞ്ഞു.
ഇതിനിടെ വിശ്വാസവോട്ടാണ് നടത്തേണ്ടതെന്നു് ആവശ്യപ്പെട്ട മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അതിന് സമയം തീരുമാനിക്കാന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു.

Related News