ചതിച്ചത് സിദ്ധരാമയ്യ; കര്‍ണാടക ഭരണനഷ്ടത്തില്‍ ദേവഗൗഡ

Web Desk
Posted on August 21, 2019, 12:58 pm

കരിനാട്ടിലെ കറുത്ത നാടകങ്ങള്‍ തുടരുകയാണ്. ഭരണത്തിലിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ കളിച്ചത് കോണ്‍ഗ്രസ് കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണെന്ന് തുറന്നടിച്ച് എച്ച് ഡി ദേവഗൗഡ. തന്റെ മകനും മുഖ്യമന്ത്രിയുമായിരുന്ന എച്ച് ഡി കുമാരസ്വാമിക്കെതിരെയുള്ള സിദ്ധരാമയ്യയുടെ പോര് കോണ്‍ഗ്രസ്-ജനതാദള്‍ സെക്കുലര്‍ സഖ്യസര്‍ക്കാരിനെയാണ് ബാധിച്ചത്. അതുവഴി ബിജെപിയെ ഒഴിവാക്കുകയെന്ന രാഷ്ട്രീയ ധാരണ തകരുകയായിരുന്നു.

രാഷ്ട്രീയ കച്ചവടത്തിലൂടെ ബിജെപി കളിച്ച അന്തര്‍നാടകവും സിദ്ധരാമയ്യയുടെ ചതിയുമാണ് ഒരുമാസം മുമ്പ് സഖ്യസര്‍ക്കാരിന്റെ പതനത്തിന് വഴിവച്ചത്. ആ വീഴ്ച്ചയുടെ കാരണം അക്കമിട്ട് നിരത്തി മുന്‍പ്രധാനമന്ത്രികൂടിയായ എച്ച് ഡി ദേവഗൗഡ പുതിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കുള്ള വാതാനയം തുറന്നിട്ടിരിക്കുന്നത്. കര്‍ണ്ണാടകത്തിലെ എല്ലാ ദോഷങ്ങള്‍ക്കും കാരണം സിദ്ധരാമയ്യയാണെന്ന് ദേവഗൗഡ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിക്കുന്നു.

നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ പ്രധാന ഉദ്ദേശം ബിജെപിയെ മാറ്റി നിര്‍ത്തുക എന്നതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയക്ക് തീരുമാനവുമായി ഒത്തുപോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ദേവഗൗഡ വിവരിക്കുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന ചോദ്യത്തിന് മറുപടിയായാണ് ദ ഹിന്ദുവിന് ഗൗഡ ഇത്തരമൊരു മറുപടി നല്‍കിയത്. ‘സിദ്ധരാമയ്യയും മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും തമ്മിലായിരുന്നു തര്‍ക്കങ്ങള്‍. കുമാരസ്വാമി മുഖ്യമന്ത്രി പദത്തില്‍ തുടരുന്നതില്‍ സിദ്ധരാമയ്യ അസ്വസ്ഥനായിരുന്നു. മൈസൂരുവിലെ തോല്‍വിക്ക് ശേഷം ജെഡിഎസിനെ നശിപ്പിക്കാനുള്ള തീരുമാനമാണ് സഖ്യസര്‍ക്കാരിന്റെ പതനത്തിലൂടെ സിദ്ധരാമയ്യ ഉന്നംവച്ചതെന്ന് ദേവഗൗഡ ആരോപിച്ചു.

ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയും താന്‍ പ്രതിപക്ഷനേതാവായി തുടരണമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ആഗ്രഹം. സിദ്ധരാമയ്യയും യെദ്യൂരപ്പയും മുന്‍പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്. നിയമവിരുദ്ധമായ ഖനനത്തിനെതിരെ നടത്തിയ പദയാത്ര ഒഴിച്ചാല്‍ ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സിദ്ധരാമയ്യ യാതൊന്നും ചെയ്തിട്ടില്ല. കഴിഞ്ഞ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ ഒരു പോരാട്ടം പോലും സംഘടിപ്പിച്ചില്ല. എന്നാല്‍ കര്‍ണാടകത്തില്‍ അന്നും യഥാര്‍ഥ പോരാളി കുമാരസ്വാമിയായിരുന്നുവെന്ന് എച്ച് ഡി ദേവഗൗഡ അവകാശപ്പെട്ടു.

ജെഡിഎസിനെ തകര്‍ക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും ദേവഗൗഡ ആരോപിച്ചു. 2016 ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഞങ്ങളുടെ നാല് എംഎല്‍എമാരെ കൈപ്പിടിയിലാക്കി. മുഖ്യമന്ത്രിയായിരുന്ന കെ എം കൃഷ്ണയുടെ സഹായത്തോടെ 2004 ല്‍ തുടങ്ങിയതാണ് ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം. എന്‍ ധരംസിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരിക്കുമ്പോഴും അഹിന്ദ കണ്‍വന്‍ഷനുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആക്രമിച്ചിരുന്നു. 1996 ല്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാത്തതില്‍ വിദ്വേഷം ഉണ്ടായി. 2004 ല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ എത്രമാത്രം ശ്രമിച്ചുവെന്ന് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി വെളിപ്പെടുത്തണമെന്ന് ദേവദൗഡ ആവശ്യപ്പെട്ടു. ജെഡിഎസിന തകര്‍ക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമത്തിന്റെ ഫലമായാണ് ഇപ്പോള്‍ സഖ്യസര്‍ക്കാര്‍ വീണതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ രാജിയെതുടര്‍ന്ന് സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുകയും വോട്ടെടുപ്പിനൊടുവില്‍ 14 മാസം പ്രായമുള്ള കുമാരസ്വാമി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു. 99 പേരുടെ പിന്തുണ മാത്രമാണ് സഖ്യ സര്‍ക്കാരിന് നേടാനായത്. എന്നാല്‍ 105 പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ടു ചെയ്തു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത് 204 എംഎല്‍എമാരാണ്.

you may also like this video