മംഗലാപുരത്ത് സംഘർഷമുണ്ടാക്കിയത് മലയാളികൾ: വിദ്വേഷ പ്രസ്താവനയുമായി കർണാടക ആഭ്യന്തര മന്ത്രി

Web Desk
Posted on December 20, 2019, 9:43 am

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സംഘര്‍ഷമുണ്ടാക്കിയത് അയല്‍സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ആക്രമണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യർത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവിൽ എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബെംഗളൂരുവിൽ സമരം ചെയ്യുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചതെന്ന് ആഭ്യനന്ത മന്ത്രി വ്യക്തമാക്കി. സംഘര്‍ഷ സാദ്ധ്യതയുണ്ടാകുമെന്ന ഇന്റലിജന്റ്സ് മുന്നറിയിപ്പിനെതുടര്‍ന്ന് മംഗലാപുരത്ത് നേരത്തെതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്ബോള്‍ തന്നെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തി. കമ്മീഷണര്‍ ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. അതിനിടെ പൗരത്വ നിയമത്തിന് എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം എണ്ണം മൂന്നായി. മംഗളൂരുവില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേരും ലഖ്‌നൗവിലെ സംഘര്‍ഷത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

you may also like this video