August 9, 2022 Tuesday

Related news

May 6, 2022
May 5, 2022
April 9, 2022
February 18, 2022
November 30, 2021
November 29, 2021
September 4, 2021
May 30, 2021
March 31, 2021
March 30, 2021

മലയാളികളെ ലക്ഷ്യംവച്ചുള്ള കര്‍ണാടക പൊലീസ് നടപടിയിൽ പ്രതിഷേധം

Janayugom Webdesk
January 20, 2020 10:50 pm

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളുരുവില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മംഗളുരു സ്റ്റേഷനില്‍ ഹാജരാകാന്‍ 1,800 മലയാളികള്‍ക്ക് കര്‍ണാടക പൊലീസ് നോട്ടീസ് നല്‍കിയ നടപടി പ്രതിഷേധത്തിനിടയാക്കുന്നു. കാസര്‍കോട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയിലെ മംഗളുരുവിൽ ചികിത്സയ്ക്കും പഠനാവശ്യത്തിനും പോയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കര്‍ണാടക പൊലീസിന്റെ നടപടി. കാസര്‍കോട്, ഉപ്പള, മഞ്ചേശ്വരം മേഖലയിലെ സ്ത്രീ പുരുഷ ഭേദമന്യേയുള്ള 1,800 പേര്‍ക്കാണ് മംഗളുരു സിറ്റി ക്രൈം റോക്കോഡ് ബ്യൂറോ അസി. കമാന്റ് ഓഫീസില്‍ നിന്ന് നോട്ടീസ് അയച്ചത്.

മഞ്ചേശ്വരത്ത് മാത്രം 400 പേര്‍ക്ക് നോട്ടീസ് ലഭിച്ചു. വെടിവയ്പ്പും മരണവും നടന്ന 2019 ഡിസംബര്‍ 19 ന് മംഗളുരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ അഞ്ച് മൊബൈല്‍ ടവറുകളുടെ പരിധിയില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറുകളുടെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. മംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും നോട്ടീസ് ലഭിച്ചവരില്‍പെടും. ചികിത്സയുമായി ബന്ധപ്പെട്ട് അന്നേ ദിവസം മംഗലാപുരത്ത് എത്തി സംഘര്‍ഷത്തെ തുടര്‍ന്ന് മംഗലാപുരത്ത് കുടുങ്ങി പോയവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കര്‍ഫ്യൂ ലംഘിക്കല്‍, പൊലീസുകാരെ മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഇരുപതോളം വകുപ്പുകള്‍ ചേര്‍ത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. മംഗളുരുവിൽ കലാപം സൃഷ്ടിച്ചത് കേരളത്തില്‍ നിന്നുള്ള മലയാളികളാണെന്ന് നേരത്തെ തന്നെ കര്‍ണാടക ആഭ്യന്തര വകുപ്പ് ആരോപിച്ചിരുന്നു.

മംഗളുരു സിറ്റി പൊലീസ് കമ്മിഷണര്‍ പി ഹര്‍ഷയും വാര്‍ത്താ സമ്മേളനം വിളിച്ച് ഇതുതന്നെ പറയുകയുണ്ടായി. മാരകായുധങ്ങളുമായി എത്തിയെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകരെയും ഏഴ് മണിക്കൂറോളം കസ്റ്റഡിയില്‍ വച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയും മന്ത്രി ഇ ചന്ദ്രശേഖരനും ഉള്‍പ്പെടെ ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. സ്‌റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ മംഗളുരുവിലെ കലാപത്തില്‍ കുറ്റകൃത്യവും ഗൂഢാലോചനയും നടത്തിയതായി കണക്കാക്കുമെന്നും അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തൊട്ടടുത്ത പ്രദേശമായ മംഗളൂരുവിലേക്ക് നിത്യേന നിരവധി മലയാളികളാണ് പോകാറുള്ളത്. വിദ്യാര്‍ത്ഥികള്‍, ആശുപത്രികളില്‍ പോകുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍, എയര്‍പോര്‍ട്ടില്‍ പോകുന്നവര്‍, വിവിധ തൊഴിലെടുക്കുന്നവര്‍ എന്നിവരോടൊക്കെ മംഗളൂരുപൊലീസിന് മുന്നില്‍ ഹാജരാവാന്‍ ഉത്തരവിട്ടത് കര്‍ണാടകയിലെ ബിജെപിയുടെ ഫാസിസ്റ്റ് സമീപനത്തിന്റെ ഭാഗമാണെന്ന് പൊതുവേ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry: Kar­nata­ka police take action against Malayalees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.