ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ പരിധിയിൽ വരില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ഭരണഘടനയുടെ 19(1)(എ) വിഭാഗത്തിലാണ് ഈ അവകാശം വരുന്നതെന്നും കർണാടകയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവാഡ്ഗി വാദിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് 25ാം അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നത്. 19(1)(എ) ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ഥാപനങ്ങളുടെ അച്ചടക്കത്തിന് വിധേയമായി നിയന്ത്രണങ്ങളോടെ ഹിജാബ് ധരിക്കുന്നതിന് ഇന്ത്യയില്‍ വിലക്കില്ലെന്നും നവാഡ്ഗി വാദിച്ചു.
ഫ്രാന്‍സിലെ പൊതുയിടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ അതൊരു മുസ്‌ലിം വിരുദ്ധരാജ്യമല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്ത് ഹിജാബ് ധരിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റെവിടെയും ഹിജാബ് ധരിക്കുന്നതിന് വിലക്കില്ല. ഹിജാബ് ധരിക്കുന്നത് മതത്തിന്റെ അടിസ്ഥാന ആചാരത്തില്‍ ഉള്‍പ്പെടുന്നതാണെന്ന വാദം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.
ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ വിശാലബെഞ്ചാണ് സ്കൂളുകളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി പരിഗണിക്കുന്നത്. കേസില്‍ ഇന്ന് വീണ്ടും വാദം തുടരും.
English Summary: Karnataka says hijab is not a fundamental right
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.