വിമത നീക്കത്തിന് പിന്നില്‍ കളിച്ച മൂന്ന് പേരെ അയോഗ്യരാക്കി

Web Desk
Posted on July 25, 2019, 10:15 pm

കര്‍ണാടകയിലെ കണക്കുകൂട്ടലുകള്‍ പാളി;
സര്‍ക്കാരുണ്ടാക്കാനാവാതെ ബിജെപി

സ്വന്തം ലേഖകന്‍

ബംഗളുരു: കര്‍ണാടകയില്‍ നടക്കുന്നത് കണക്കിലെ കളികള്‍. കണക്കുകൂട്ടലുകള്‍ പാളിയ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പായി. കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിമതനീക്കത്തിന് പിന്നില്‍ കളിച്ച ആര്‍ ശങ്കര്‍, രമേഷ് ജര്‍ക്കിഹോളി, മഹേഷ് കുംതവല്ലി എന്നിവരെ സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അയോഗ്യരാക്കി.
ആര്‍ ശങ്കറിനെ അയോഗ്യനാക്കിക്കൊണ്ടുള്ള സ്പീക്കറുടെ പ്രഖ്യാപനമാണ് ആദ്യം വന്നത്. അരമണിക്കൂറിന് ശേഷമാണ് രമേഷ് ജര്‍ക്കിഹോളി, മഹേഷ് കുംതവല്ലി എന്നിവരെക്കൂടി അയോഗ്യരാക്കിയ നടപടി വെളിപ്പെടുത്തിയത്. മറ്റു വിമതര്‍ക്കെതിരെയുള്ള നടപടി രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ 13 എംഎല്‍എമാരും ജെഡിഎസിലെ മൂന്ന് എംഎല്‍എമാരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിക്കുന്നതുവരെ ഇവര്‍ നിയമസഭയിലെ അംഗങ്ങളായി തുടരുകയും സഭയിലെ അംഗബലം നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 ആയി നിലനില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കണണമെങ്കില്‍ 113 പേരുടെ പിന്തുണ വേണം. വിശ്വാസ വോട്ടെടുപ്പോടെ ബിജെപിക്ക് ലഭിച്ചത് 107 പേരുടെ പിന്തുണമാത്രമാണ്.

സഖ്യകക്ഷിയെ വെട്ടിലാക്കി മന്ത്രിസ്ഥാനം രാജിവച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടായാലും പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഴിയില്ല.
സഭയിലെ ഈ കണക്കുകള്‍ തന്നെയാണ് ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള സ്പീക്കറുടെ മനക്കണക്ക്. സ്പീക്കര്‍ പദവിയുടെ ശക്തി എന്താണെന്ന് ഉടനെ എല്ലാവര്‍ക്കും ബോധ്യമാകുമെന്ന് കെ ആര്‍ രമേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്പീക്കര്‍ പദവി അവസാനിക്കും മുമ്പേ രമേഷ്‌കുമാറിലൂടെ തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ്-ജനതാദള്‍-എസ് അജണ്ട.

മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി വന്നതോടെ ബിജെപി വീണ്ടും പരുങ്ങലിലായി. പുതിയ സാഹചര്യത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തയാറല്ലെന്ന് ബിജെപി വക്താവ് ജി മധുസൂധനന്‍ വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണിപ്പോള്‍. മറ്റു വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കാനോ തള്ളാനോ സ്പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കില്ല. സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യും മധുസൂധനന്‍ പറഞ്ഞു.

അതേസമയം യെദ്യൂരപ്പ അധികാരത്തിലേറിയാല്‍ വിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കാനുള്ള തന്ത്രങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ട്. ബിജെപിയിലെ നാല് എംഎല്‍എമാരെ കോണ്‍ഗ്രസും ജനതാദള്‍ എസും അനുകൂലമാക്കിയിരിക്കുകയാണ്. ഹൊസദുര്‍ഗ എംഎല്‍എ ഗൂളിഹട്ടി ശേഖര്‍, ഹിരിയൂര്‍ എംഎല്‍എ കെ പൂര്‍ണ്ണിമ ശ്രീനിവാസ്, കനകഗിരി എംഎല്‍എ ബസവരാജ് ദാദേസുഗര്‍ എന്നിവരാണ് സഖ്യകക്ഷിയുടെ വാഗ്ദാനങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിത നീക്കങ്ങളായിരിക്കും കര്‍ണാടക നിയമസഭയില്‍ ഇനിയും അരങ്ങേറുക.