പാര്‍ലമെന്റ്-നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തില്‍ കേന്ദ്രത്തിനെതിരെ പോരാടാന്‍ കര്‍ണാടകയും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടത്തുന്ന യോജിച്ച പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മതമറിയിച്ചു. തമിഴ്‌നാട് വനം മന്ത്രി കെ പൊന്‍മുടി, രാജ്യസഭാംഗം എം എം അബ്ദുള്ള എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് തമിഴ്‌നാട് നടത്തുന്ന സംയുക്ത കര്‍മ്മ സമിതിയില്‍ ചേരാന്‍ സിദ്ധരാമയ്യയെ ക്ഷണിക്കാനാണ് പ്രതിനിധി സംഘം എത്തിയത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും സംഘം കണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു. സംസ്ഥാന താല്പര്യങ്ങളെ വ്രണപ്പെടുത്തുന്നതും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതും ഫെഡറിലിസത്തിന് വിരുദ്ധവുമായ കേന്ദ്രസര്‍ക്കാരിന്റെ ഏതുനീക്കത്തെയും കര്‍ണാടക അപലപിക്കുമെന്നും അറിയിച്ചു.
മണ്ഡലപുനര്‍നിര്‍ണയം സംബന്ധിച്ച കൂട്ടായ തീരുമാനം എടുക്കുന്നതിന് 22ന് ചെന്നൈയില്‍ സംയുക്ത കര്‍മ്മ സമിതിയുടെ ആദ്യ യോഗം ചേരും. സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും നിലപാട് വ്യക്തമാക്കുന്നില്ലെന്നും സിദ്ധരാമയ്യയ്ക്ക് എഴുതിയ കത്തില്‍ സ്റ്റാലിന്‍ ആരോപിച്ചു. ജനസംഖ്യാടിസ്ഥാനമാക്കി രണ്ട് തരത്തിലുള്ള അതിര്‍ത്തി നിര്‍ണയ പ്രക്രിയ കേന്ദ്രം പരിഗണിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തേതില്‍ നിലവിലെ 543 സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ പുനര്‍നിര്‍ണയം നടത്താനും രണ്ടാമത്തേത് മൊത്തം സീറ്റുകളുടെ എണ്ണം 800ലധികമാക്കാനുമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 2026ന് ശേഷമുള്ള ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതെങ്കില്‍, രണ്ട് സാഹചര്യങ്ങളിലും ജനസംഖ്യാനിയന്ത്രണം വിജയകരമായി പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങള്‍ക്ക് ഗണ്യമായ സീറ്റുകള്‍ കുറയും. ജനസംഖ്യാ വളര്‍ച്ച ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ദേശീയ വികസന ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും തങ്ങളെ ഇങ്ങനെ ശിക്ഷിക്കരുതെന്നും സ്റ്റാലിന്‍ വാദിച്ചു. പുതിയ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം 129ല്‍ നിന്ന് 103 ആയി കുറയുമെന്ന് കര്‍ണടക റവന്യുമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.