കർണാടകയിൽ സർവ്വകലാശാലകൾ പരീക്ഷകൾ പ്രഖ്യാപിച്ചു : മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

ഷാജി ഇടപ്പള്ളി

കൊച്ചി :

Posted on August 03, 2020, 3:10 pm

ഷാജി ഇടപ്പള്ളി

കർണാടകയിൽ വിവിധ സർവ്വകലാശാലകൾ ബിരുദ,ബിരുദാനന്തര കോഴ്‌സുകളുടെ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഇത്തരം സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന മലയാളികളായ നൂറുകണക്കിന് വിദ്യാർത്ഥികൾ  ആശങ്കയിൽ.  കോവിഡ്  രോഗ വ്യാപനം അനുദിനം വർദ്ധിക്കുന്ന  സാഹചര്യത്തിൽ കുട്ടികളെ പരീക്ഷക്ക് അയക്കുന്നതിനെക്കുറിച്ചുള്ള ഭയപ്പാടിലാണ് രക്ഷിതാക്കൾ. ആഗസ്റ്റ് അവസാനത്തെ ആഴ്ചയിലും സെപ്റ്റംബർ  ആദ്യ ആഴ്ചകളിലുമായിട്ടാണ് ഒട്ടുമിക്ക പരീക്ഷകളും നിശ്ചയിച്ചിട്ടുള്ളത്. അവസാന വർഷ സെമസ്റ്റർ പരീക്ഷ എഴുതാനുള്ള വിദ്യാർത്ഥികളാണ് ഏറെ പ്രയാസത്തിലായിട്ടുള്ളത്. തുടർ വിദ്യാഭ്യാസത്തിനും ഇതേറെ പ്രതിസന്ധി സൃഷ്ഠിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

കോവിഡ്  പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് കോളേജുകൾ അടച്ച് കുട്ടികൾ കേരളത്തിലേക്ക് മടങ്ങിയത്. 2019 ആഗസ്റ്റ് മുതൽ 2020  ജൂലൈ വരെയുള്ള കഴിഞ്ഞ അധ്യയന വർഷത്തെ  കോഴ്സ് ഫീസുകളും , ഹോസ്റ്റൽ ഫീസും  എല്ലാ വിദ്യാർഥികളും  പൂർണമായും അടച്ചിട്ടുള്ളതാണ്. എന്നാൽ  മഹാമാരിയെത്തുടർന്ന് കോളേജുകൾ അടക്കുകയും മാറ്റിവെക്കപ്പെട്ട പരീക്ഷ എഴുതാൻ എത്തിച്ചേരുന്ന വിദ്യാർത്ഥികളെ പിഴിയാൻ കാത്തിരിക്കുകയാണ് പല കോളേജുകളും. കേരളത്തിൽ നിന്നും ചെല്ലുന്ന വിദ്യാർഥികൾ ക്വാറന്റൈനിൽ കഴിയണം. അതിന് ഒരു ദിവസം 400  രൂപ മുതൽ സൗകര്യം അനുസരിച്ച് കൂടുതൽ നൽകേണ്ടിവരും. മാർച്ചിൽ വീടുകളിലേക്ക് മടങ്ങിയ വിദ്യാർത്ഥികളുടെ വസ്ത്രങ്ങളും കിടക്കയും  പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികളും ഹോസ്റ്റൽ മുറികളിലാണ്.

ജൂലൈ മാസം വരെയുള്ള  ഹോസ്റ്റൽ ഫീസാണ് കഴിഞ്ഞ വർഷം  അടച്ചിട്ടുള്ളത്.  അതിനാൽ ഈ ആഴ്ചയിൽ സാധന സാമഗ്രികൾ മാറ്റി റൂം ഒഴിയുന്നില്ലെങ്കിൽ ഈ മാസത്തെ ഹോസ്റ്റൽ ഫീസും പരീക്ഷക്ക് മുൻപായി അടക്കണമെന്ന നിർദേശവും ഇതിനകം അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. കോവിഡ്  പ്രതിസന്ധി കണക്കിലെടുത്ത് ഇത്തരം നിർബദ്ധ  പണമീടാക്കൽ ഒഴിവാക്കണമെന്ന ആവശ്യം പല രക്ഷിതാക്കളും ഉന്നയിച്ചിട്ടുണ്ട്.  മലയാളികളായ വിദ്യാർത്ഥികൾക്ക് ഇതര സംസ്ഥാനങ്ങളിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെതിരെ  സംസ്ഥാന സർക്കാർ  ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ENGLISH SUMMARY: kar­nata­ka uni­ver­si­ty exam decleared

YOU MAY ALSO LIKE THIS VIDEO