ടിപ്പു ജയന്തി കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ റദ്ദാക്കി

Web Desk
Posted on July 30, 2019, 5:20 pm

ബെംഗളൂരു : കോണ്‍ഗ്രസ് സര്‍ക്കാര്‍ വാര്‍ഷിക ആഘോഷമായി നടത്തിവന്ന ടിപ്പു ജയന്തി കര്‍ണാടകത്തിലെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആഘോഷം റദ്ദാക്കി കന്നഡസാംസ്‌കാരിക വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ടിപ്പു ജയന്തി ആഘോഷം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് കെജി ബൊപ്പയ്യ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്.

ഹസ്രത്ത് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം റദ്ദാക്കി എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 മുതല്‍ ആഘോഷിച്ചുവരുന്നതാണ് ടിപ്പു ജയന്തി. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ യുദ്ധക്കളത്തില്‍ മരിച്ചുവീണ മൈസൂരു ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ഇദ്ദേഹത്തിന്റെ ജന്മദിനമാണ് കോണ്‍ഗ്രസ് ആഘോഷമാക്കി്. ടിപ്പു ഹിന്ദു വിരുദ്ധനാണ് എന്ന പേരില്‍ ബിജെപി ഇതിനെ എതിര്‍ത്തിരുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരനായകനെന്ന നിലയിലാണ് ടിപ്പുവിനെ കോണ്‍ഗ്രസ് പറയുന്നത്.
കഴിഞ്ഞവര്‍ഷം കൊടക് ജില്ലയില്‍ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും ബൊപ്പയ്യ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.