20 April 2024, Saturday

കര്‍ഷക മഹാപഞ്ചായത്ത് ബിജെപിക്ക് താക്കീത്

Janayugom Webdesk
September 6, 2021 4:40 am

ന്നലെ മുസഫര്‍നഗര്‍ ഗവണ്മെന്റ് ഇന്റര്‍കോളജ് മെെതാനിയില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്ത് നരേന്ദ്രമോഡി, ആദിത്യനാഥ് സര്‍ക്കാരുകള്‍ക്കുള്ള ശക്തമായ താക്കീതായി മാറിയതായി അവിടെനിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മോഡി സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന ഇതര ജനവിഭാഗങ്ങളും ചരിത്രംകുറിച്ച മഹാപഞ്ചായത്തില്‍ അണിനിരന്നു. കോവിഡ് വ്യാപനത്തിന്റെ ഭീഷണിയെ വകവയ്ക്കാതെ മഹാപഞ്ചായത്തില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് വെെദ്യസഹായം ഉറപ്പുവരുത്താന്‍ മുസഫര്‍നഗറിലും അവിടേക്കുള്ള മാര്‍ഗങ്ങളിലും നൂറിലധികം മെഡിക്കല്‍ ക്യാമ്പുകളും ഭക്ഷണം നല്കാന്‍ സഞ്ചരിക്കുന്ന അടുക്കളകളടക്കം അയ്യായിരത്തില്‍പരം ലങ്കറുകളും (സാമൂഹിക അടുക്കളകള്‍) പ്രവര്‍ത്തിച്ചിരുന്നു എന്നത് മഹാപഞ്ചായത്തിന്റെയും അതിന്റെ സംഘാടനത്തിന്റെയും വെെപുല്യം വിളിച്ചറിയിക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുസഫര്‍നഗറില്‍ എത്തിച്ചേരുന്നതു തടയാന്‍ ബിജെപിയുടെ കേന്ദ്ര, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ നടത്തിയ എല്ലാ തടസങ്ങളെയും മറികടന്നാണ് അവര്‍ മഹാപഞ്ചായത്തിന് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ഒമ്പതുമാസങ്ങളായി രാഷ്ട്ര തലസ്ഥാന അതിര്‍ത്തികളില്‍ തമ്പടിച്ച് കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം രാഷ്ട്രീയ സ്വഭാവം കെെവരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് മുസഫര്‍നഗര്‍ കര്‍ഷക മഹാപഞ്ചായത്ത് നല്കുന്നത്. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാത്ത ബിജെപിയെ അടുത്തവര്‍ഷം ആരംഭത്തില്‍ നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് അടക്കം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് കര്‍ഷകര്‍ നല്കുന്നത്. ആ ലക്ഷ്യത്തിന് ജാതി, മത, വര്‍ഗ, പ്രാദേശിക ഭേദഭാവങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന പ്രഖ്യാപനം കൂടിയായി മഹാപഞ്ചായത്ത്. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപഭൂമി ആയിരുന്നു മുസഫര്‍നഗര്‍ എന്നതും ശ്രദ്ധേയമാണ്.

 


ഇതും കൂടി വായിക്കുക ; തെരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യംവച്ച്‌ പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രി രാജ്യത്തിന്‌ അപമാനം, Editorial


 

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അരങ്ങേറിയ ഹിന്ദു-മുസ്‌ലിം വര്‍ഗീയ കലാപത്തില്‍ മുസഫര്‍നഗര്‍ ജില്ലയില്‍ 62 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്, 42 മുസ്‌ലിങ്ങളും 20 ഹിന്ദുക്കളും. 93 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്പതിനായിരത്തിലധികം മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. താരതമ്യേന സമ്പന്നമായ കരിമ്പ് കൃഷി മേഖലയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ല. ജാട്ട് ഹിന്ദുക്കളും മുസ്‌ലിങ്ങളുമായ കര്‍ഷകര്‍ വലിയ അസ്വാരസ്യങ്ങള്‍ കൂടാതെ കാര്‍ഷിക വൃത്തിയില്‍ വ്യാപൃതരായിരിക്കെയാണ് ചില നിസാര സംഭവങ്ങളുടെ പേരില്‍ മുസഫര്‍നഗര്‍ കലാപഭൂമിയായി മാറിയത്. കലാപം തടയുന്നതിനൊ അത് പൊട്ടിപ്പുറപ്പെടുമ്പോള്‍ നിയന്ത്രിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനൊ അന്ന് അധികാരത്തിലിരുന്ന അഖിലേഷ് യാദവ് സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും കലാപസാധ്യത സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും തീവ്ര നിലപാടുള്ള മുസ്‌ലിം സംഘടനകളും അവസരം മുതലെടുത്തു. ബിജെപിയും സംഘപരിവാറും ജനങ്ങളെ ഭിന്നിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പിനുള്ള സുവര്‍ണാവസരമായും കലാപത്തെ ഉപയോഗിച്ചു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ഭിന്നത നേട്ടമാക്കി മാറ്റിയ ബിജെപി കലാപത്തില്‍ കുറ്റാരോപിതരായ ബിജെപി, സംഘപരിവാര്‍ അംഗങ്ങളെയും കൊലയാളികളെയും ഇപ്പോള്‍ കലാപം സംബന്ധിച്ച കേസുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ എട്ടുവര്‍ഷം നീണ്ട ആ ഭിന്നതക്ക് തല്‍ക്കാലത്തേക്കെങ്കിലും വിരാമമാകുന്നതിന്റെ വ്യക്തമായ സൂചനയാണ് കര്‍ഷക മഹാപഞ്ചായത്ത് നല്കുന്നത്. തങ്ങള്‍ക്കിടയിലെ ഭിന്നത മുതലാക്കി കര്‍ഷകതാല്പര്യങ്ങള്‍ ഹനിച്ച് കോര്‍പ്പറേറ്റ് പ്രീണനം ലക്ഷ്യംവച്ചുള്ള കരിനിയമങ്ങളാണ് ബിജെപി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതെന്ന തിരിച്ചറിവ് പശ്ചിമ യു പിയിലെ ജാട്ട് ഹിന്ദു, മുസ്‌ലിം കര്‍ഷകരുടെ മഹാപഞ്ചായത്ത് പങ്കാളിത്തത്തില്‍ പ്രകടമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ മൗലിക താല്പര്യങ്ങള്‍ക്കായി ഒരുമിച്ചുനിന്ന് പൊരുതാന്‍ അവരെ നിര്‍ബന്ധിതരാക്കുമെന്ന പാഠമാണ് മുസഫര്‍ നഗര്‍ മഹാപഞ്ചായത്ത് നല്കുന്നത്.

 


ഇതും കൂടി വായിക്കുക ;മിണ്ടാതിരിക്കുക എന്ന ഭീഷണി, എന്നിട്ടും കലിയടങ്ങാതെ കേന്ദ്രത്തിന്റെ മാധ്യമവേട്ട, Editorial


ജാതി, മത ഭേദചിന്തകള്‍ക്ക് അതീതമായി കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഇതര തൊഴിലാളി വിഭാഗങ്ങളെയും മറ്റു ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കാനും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനും പൊരുതാനുമുള്ള അവസരവും അന്തരീക്ഷവുമാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശ സമരങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഈ ഐക്യം ഊട്ടിഉറപ്പിക്കുന്നതില്‍ ഇടതുപക്ഷ ജനാധിപത്യ, മതേതതര ശക്തികള്‍ക്ക് നിര്‍ണായക പങ്കാണ് നിര്‍വഹിക്കാനുള്ളത്. അത് തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകവും പുരോഗമനോന്മുഖവുമായ മാറ്റത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.