എല്ലാ ജില്ലകളിലും കര്‍ഷക സാന്ത്വനം നടപ്പിലാക്കും: കൃഷിമന്ത്രി

Web Desk
Posted on August 26, 2019, 8:39 pm

തൃശൂര്‍: പ്രളയ ദുരിതം നേരിട്ട കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നതിന് എല്ലാ ജില്ലകളിലും കര്‍ഷക സാന്ത്വനം പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഉണ്ടായ പ്രളയം കര്‍ഷകരെ തകര്‍ത്തു. കര്‍ഷകരുടെ തകര്‍ച്ച നാടിന്റെയും ഭക്ഷ്യസുരക്ഷയുടെയും തകര്‍ച്ചയാണ്.

പ്രളയത്തില്‍ വലിയ വിള നാശമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്. ഇതിനൊപ്പം ഉല്പന്നങ്ങള്‍ക്ക് വില ലഭിക്കാത്ത സാഹചര്യവും പ്രളയത്തിനു ശേഷം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓണത്തിനു മുന്നോടിയായി ഇത്തരമൊരു സംരംഭത്തിന് കൃഷി വകുപ്പ് തുടക്കം കുറിക്കുന്നത്. ഇതിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്പന്നങ്ങള്‍ സ്വീകരിച്ച് വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഇടനിലക്കാരുടെ ചൂഷണം ഇതിലൂടെ ഒഴിവാകും. തേക്കിന്‍ക്കാട് മൈതാനിയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക സാന്ത്വനം കര്‍ഷക വിപണിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ക്യഷി വകുപ്പിന്റെ ഓണ വിപണി അവസാനിക്കുന്നതു വരെ ഈ സംരംഭം എല്ലാ ജില്ലയിലും തുടരാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു വിപണിയില്‍ നിന്ന് പരമാവധി കാര്‍ഷിക ഉല്ലന്നങ്ങള്‍ വാങ്ങി പൊതു സമൂഹം കര്‍ഷകര്‍ക്ക് താങ്ങായി നില്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. തൃശൂര്‍ മേയര്‍ അജിത വിജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദ്യവില്‍പ്പന നിര്‍വഹിച്ചു.

you may like this video also