കർത്താർപൂർ; പഞ്ചാബിൽ നിന്നും പഞ്ചാബിലോക്കൊരു ഇടനാഴി

Web Desk
Posted on November 24, 2019, 8:40 am

അന്ന

ഏതാണ്ട് ഏഴ് കിലോമീറ്റർ നീളമുള്ള ഒരു റോഡാണ് കർത്താർപൂർ. പരസ്പരം മിത്രങ്ങളായി കാണാൻ മടിക്കുന്ന രണ്ട് രാജ്യങ്ങളിലെ രണ്ട് ‘ഇട’ങ്ങളെ ബന്ധിപ്പിക്കുന്നതായതുകൊണ്ട് ഇടനാഴിയെന്ന് പേരിട്ടു. ഇടനാഴിയുടെ ഇങ്ങേത്തല പഞ്ചാബിലെ ഗുരുദാസ്പൂരിനടുത്തുള്ള ദേര ബാബ നാനാക്ക് എന്ന സിക്ക്ദേവാലയത്തിൽ തുടങ്ങുന്നു. അങ്ങേത്തല അവസാനിക്കുന്നത് സിക്കുമതത്തിലെ തന്നെ ദർബാർ സാഹിബ് എന്ന മറ്റൊരു ആരാധനാലയത്തിൽ!. അതാവട്ടെ പാക്കിസ്ഥാനിലെ പഞ്ചാബിലും.

പഞ്ചാബിൽ നിന്ന് പഞ്ചാബിലേക്കൊരു ഇടനാഴി! അതാണ് കർത്താർപൂർ ഇടനാഴി!

നവംബർ ഒൻപതാം തീയതി മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ഈ രണ്ട് അറ്റങ്ങളും രണ്ട് രാഷ്ട്രങ്ങളുടെ നായകർ പൊതുജനയാത്രക്കായി തുറന്നുകൊടുത്തത്. വിഭജനത്തിനൊപ്പം മുറിച്ചുമാറ്റപ്പെട്ട രണ്ട് ഇടങ്ങളിലെ സിക്ക് ദേവാലയങ്ങളെ പരസ്പരം ബന്ധിക്കുന്ന ഇടനാഴി ഇന്ത്യയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക്കിസ്ഥാനിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനും ഒരേനേരം ഉദ്ഘാടനം ചെയ്തു, പഞ്ചാബിലെ സിക്ക് ദേവാലയത്തിലേക്ക് ആ ഇടനാഴിയിലൂടെ ആദ്യം കടത്തിവിട്ടവരിൽ ഏറ്റവും പ്രമുഖൻ ഇന്ത്യയുടെ മറ്റൊരു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗായിരുന്നു. രണ്ട് പ്രധാനമന്ത്രിമാർ ചേർന്ന് ഒരു മുൻപ്രധാനമന്ത്രിയ്ക്ക് ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചുമുള്ള വഴിയൊരുക്കുമ്പോൾ ഒരു കാര്യവുമില്ലാതൊരു കൗതുകം തലനീട്ടിവരുന്നു. 1947ൽ മുഹമ്മദാലിജിന്ന മുസ്ലീംരാഷ്ട്രത്തിനായി വാദിച്ച് പാക്കിസ്ഥാനുണ്ടാക്കി അതിന്റെ ഭരണാധികാരിയാവുകയും ഹിന്ദുവായ ജവഹർലാൽനെഹ്റു ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്തപ്പോൾ ഹിന്ദുവിലും മുസ്ലീമിലും പെടാത്ത സിക്കുകാർ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും അതിർത്തിയേതെന്നറിഞ്ഞും അറിയാതെയും പലായനം ചെയ്തിരുന്നു. അതേയിടത്തിലാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഹിന്ദുവും മുസ്ലീമും സിക്കുമായ മുന്നുപേർ ഒരു നിമിത്തമെന്നപോലെ സന്ധിച്ചത്. പക്ഷെ കത്താർപുർ ഇടനാഴിയുടെ കവാടത്തിൽ വിഭജനകാലത്ത് അരിഞ്ഞുതള്ളിയ പച്ചമാംസത്തിന്റെ ഗന്ധത്താൽ വിറങ്ങലിച്ചുനിന്ന കാലം മാത്രമല്ല പലതും മാറിയിരുന്നു. തുറന്നിട്ട കവാടത്തിലൂടെ കാറ്റും വെളിച്ചവും സ്വതന്ത്രമായി സഞ്ചരിച്ചു.

അഞ്ച് നദികളുടെ നാടാണ് പഞ്ചാബ്. ജലത്തിന്റെ വിലയറിയാവുന്നവരാണ് സിക്കുകാർ. ജീവദായിനികളായ ഈ ‘അഞ്ചു‘കളിൽ നിന്നാവാം വിശിഷ്ടമായ ‘പാഞ്ചു‘കളിൽ മതസ്ഥാപക ആചാര്യനായ ഗുരു നാനാക്കും എത്തിയത്. മനുഷ്യനെ സൃഷ്ടിക്കുന്ന അഞ്ച് മൂലകങ്ങൾ, അഞ്ച് പ്രാർത്ഥനകൾ, അഞ്ച് ദിവ്യൻമാർ, അഞ്ച് വിളക്കുകൾ അങ്ങനെ പോകുന്നു അഞ്ചിനോടുള്ള പ്രണയം. കെട്ടിവച്ച മുടി, കാങ്ക (ചീപ്പ്), കാച്, കാര (സ്റ്റീൽ വള), കൃപാൺ എന്നിങ്ങനെ ശരീരത്തിലണിയുന്ന അടയാളങ്ങൾ പോലും അഞ്ച്. ചൂടാറാത്ത ഭക്ഷണവും ഒരിക്കലും നിശബ്ദമാകാത്ത ‘ലങ്കാർ ’ എന്ന അടുക്കളയും.… . ഇങ്ങനെപോകുന്നു അനിതര സാധാരണമായ സിക്ക് ജീവിതദർശനം. ഭൗതികജീവിതത്തെ അടിമുടി അഭിസംബോധന ചെയ്ത് രൂപപ്പെടുത്തിയ സിക്കുമതം സ്ഥാപിച്ച ഗുരുനാനാക്ക് തന്റെ കുടുംബത്തോടൊപ്പം രണ്ട് പതിറ്റാണ്ടോളം 1539 സെപ്റ്റംബർ 22ന് മരിക്കുംവരെ ജീവിച്ചത് നരോവൽ ജില്ലയിലാണ്. പാകിസ്താനിലെ ആ ഇടം ഇന്ന് ദർബാർ സാഹിബ് എന്നറിയപ്പെടുന്നു. വിശുദ്ധഗ്രന്ഥമായ ഗ്രന്ഥസാഹിബ് സൂക്ഷിച്ചിരിക്കുന്നതാവട്ടെ പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലും. അവിടം ദേരബാബ് നാനാക്ക് എന്ന ആരാധനാലയമായി മാറിയിരിക്കുന്നു. രണ്ടും സിക്കുകാർക്ക് ഒരുപോലെ വിശുദ്ധമായ ഇടങ്ങൾ. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് സിക്കുവിശ്വാസികൾ സർവസ്വാതന്ത്ര്യത്തോടെയും ഒരുപോലെ ആരാധിക്കുന്ന ആ വിശുദ്ധസ്ഥാനങ്ങൾ രാഷ്ട്രത്തിന് സ്വാതന്ത്ര്യം കിട്ടിയതോടെ വെട്ടിമുറിക്കപ്പെട്ട് രണ്ടിടങ്ങളിലായി. 1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടാനൊരുങ്ങുമ്പോൾ ഉയർന്നുവന്ന പ്രധാനവാദം ഇന്ത്യ മുറിക്കപ്പെടുന്നുവെങ്കിൽ പഞ്ചാബും മുറിക്കപ്പെടണം എന്നതായിരുന്നു. ബംഗാൾ പോലെയായിരുന്നില്ല, പഞ്ചാബ്. അത് വിഭജിക്കുന്നത് ഒരു കീറാമുട്ടിയായിരുന്നു. ബംഗാളാവട്ടെ ഇംഗ്ലീഷുകാരൻ വളരെപ്പണ്ടേ മതംകൊണ്ട് വിഭജിച്ച് പാകം ചെയ്തു വച്ചിരുന്നു. പക്ഷെ പഞ്ചാബിസ്ഥിതി അൽപ്പം സങ്കീർണമായിരുന്നു. 57% മുസ്ലീങ്ങൾ, 26% ഹിന്ദുക്കൾ, 15% സിക്കുകാർ. ഇതായിരുന്നു പഞ്ചാബിലെ സ്ഥിതി. മാത്രവുമല്ല, വെറും 15% വരുന്ന സിക്കുകാർക്ക് ഇന്ത്യൻ സൈന്യത്തിലും പഞ്ചാബിലെ കാർഷികസാമ്പത്തിക രംഗത്തും വലിയ സ്വാധീനമുണ്ടായിരുന്നു. അങ്ങനെ പെട്ടെന്ന് കാണാതെ മാറ്റിവെക്കാനാവാത്ത ജനതയായതുകൊണ്ടാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി അന്നത്തെ വൈസ്രോയി ആയ മൗണ്ട് ബാറ്റണ് പ്രത്യേകം നിർദേശം കൊടുത്തത്, ‘ഇന്ത്യ വിഭജിക്കുമ്പോൾ ’ മറ്റേ വിഭാഗ’ ത്തെ (Oth­er Fac­tor) കണിശമായും കണക്കിലെടുക്കണ’മെന്ന്. ആ മറ്റേ വിഭാഗം പഞ്ചാബല്ലാതെ മറ്റൊന്നുമായിരുന്നില്ല. മാത്രവുമല്ല പഞ്ചാബിലല്ലാതെ മറ്റൊരിടം സിഖുകാർക്കില്ലായിരുന്നു. അവരെ പരിഗണിക്കാത്ത ഒരു അതിർത്തിനിർണയം സാധ്യമാകുമായിരുന്നില്ല. മുസ്ലീംഭൂരിപക്ഷവാദം കൊണ്ടുള്ള ജിന്നയുടെ പല ക്ലെയിമുകളും പഞ്ചാബിൽ ഏൽക്കാതെ പോയതും അതുകൊണ്ടാണ്; ഒടുവിൽ അഞ്ചുനദികളുടെ സുന്ദരതീരം മതത്തിന്റെ പേരിൽ രാഷ്ട്രമെന്ന പാരികല്പനയിൽ വെട്ടിമുറിക്കാൻ തീരുമാനിച്ചു, പക്ഷെ ആര് ഏറ്റെടുക്കും ആ കൊടിയ ദൗത്യം?

മതവെറിപൂണ്ട ഭാരതനാടിനെ അത്രയൊന്നുമറിഞ്ഞുകൂടാത്ത രാഷ്ട്രീയവുമായി അധികം ബന്ധമില്ലാത്ത സൗമ്യനും ദൃഢചിത്തനും അതീവലളിതനും ലണ്ടനിലെ പ്രഗൽഭവക്കീലുമായ സർ സിറിൽ റാഡ്ക്ലിഫിനാണ് ആ ചരിത്രദൗത്യത്തിനുള്ള നറുക്ക് വീണത്. ‘ഇന്ത്യയുടെ ബാരോമീറ്റർ’ എന്നറിയപ്പെടുന്ന പഞ്ചാബും ബംഗാളും ‘വരച്ചുമുറിക്കാൻ’ റാഡ്ക്ലിഫിനെ മൗണ്ട് ബാറ്റൺ ജൂൺ 3ന് വിളിച്ചുവരുത്തി. റാഡ്ക്ലിഫ് ഇന്ത്യൻ ബൗണ്ടറി കമ്മീഷന്റെ ചുമതലയേറ്റെടുത്തു. 5000 പൗണ്ട് ശമ്പളം 2000 പൗണ്ട് അലവൻസ് ആവശ്യത്തിന് ജീവനക്കാർ. ഇതായിരുന്നു ഇന്ത്യയെ പകുത്തുമാറ്റുന്നതിന് റാഡ്ക്ലിഫിന് നിശ്ചയിച്ച കൂലി. എന്നാൽ ഭാര്യയെപോലും കൂട്ടാതെ ഇന്ത്യയിലെത്തിയ റാഡ്ക്ലിഫ് വെറും 200 പൗണ്ട് മാത്രമാണ് ശമ്പളമായി സ്വീകരിച്ചത്. കൊടിയ വേനൽ ചൂടുകാരണം പഞ്ചാബ് മണ്ണിലിറങ്ങാൻ അദ്ദേഹത്തിനായില്ല. സമയം കൂട്ടിച്ചോദിച്ചെങ്കിലും മൗണ്ട് ബാറ്റൺ അനുവദിച്ചില്ല. കാരണം ആഗസ്ത് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുക എന്നത് മൗണ്ട് ബാറ്റന്റെ സ്വകാര്യ അഭിമാനം കൂടിയായിരുന്നു. രണ്ടുവർഷം മുൻപ് അവസാനിച്ച ലോകാകയുദ്ധതിൽ ചീഫ് കമാണ്ടറായിരുന്നുകൊണ്ട് ബ്രിട്ടനെ നയിച്ച് ജപ്പാനെന്ന ശക്തിയെ അടിയറവു പറയിച്ച ദിനമായിരുന്നു ആഗസ്ത് 15.. തന്റെ യുദ്ധ വിജയം ലോകത്തെ ഓർമ്മിപ്പിക്കാൻ ഗവർണർ ജനറൽ തെരഞ്ഞെടുത്ത ദിനം ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ആഗസ്ത് 15 ഇന്ത്യയെ പിളർത്തി സ്വതന്ത്രമാക്കാൻ പഞ്ചാബ് ഹൈക്കോടതിയിലെ ആഡംബരങ്ങളിലില്ലാത്ത മുറിയിലിരുന്ന് റാഡ്ക്ലിഫ് പണിതുടങ്ങി. ആയിരക്കണക്കിന് വിവരങ്ങളും ചിത്രങ്ങളും ദിനംപ്രതി വിമാനമാർഗം ആ മുറിയിലെത്തി. കഴിയുന്നത്ര പഠിച്ചു, നിരന്തരം മീറ്റിംഗുകൾ, പ്രതിഷേധങ്ങളും കൊടിയ സമരങ്ങളും.… ഇതിനൊക്കെയിടയിൽ റാഡ്ക്ലിഫ് ഇന്ത്യനതിർത്തി വരച്ചും മായ്ച്ചും പിന്നെയും വരച്ചും പിന്നെ തിരുത്തിയും നിർമിച്ചുകൊണ്ടേയിരുന്നു. കൂട്ടിയോജിപ്പിക്കാനിനിയൊരിക്കലുമാവില്ലെന്നറിയാവുന്ന ’ വട്ടിമുറിക്കൽ ശസ്ത്രക്രിയ’ യായിരുന്നു റാഡ്ക്ലിഫ് നടത്തിയത് അ. ത് പക്ഷെ ഏതെങ്കിലും മുറിവോ ഏതെങ്കിലും കുറവോ സുഖപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നില്ല എന്ന് മാത്രം.

സ്വാതന്ത്ര്യദിനത്തോടടുക്കുംതോറും ആഹ്ലാദത്തേക്കാൾ വിഭജനത്തിന്റെ വീര്യമായിരുന്നു വർദ്ധിച്ചുവന്നത്. എണ്ണിയാലൊടുങ്ങാത്തത്രയും പലായനം. വർഗീയലഹളയിൽ ലക്ഷക്കണക്കിന് പേർ കൊലചെയ്യപ്പെട്ടു. മുറിച്ചുമാറ്റപ്പെട്ട ജഡങ്ങൾ കാകനും കഴുകനും കൊത്തിവലിച്ചു. മറ്റു പലയിടങ്ങൾപോലെ പഞ്ചാബും ശവപ്പറമ്പായി. വിശുദ്ധനദികൾക്കൊക്കെയും ചോരയുടെ നിറം. 88 ദശലക്ഷംപേരെ അന്തിമമായി വെട്ടിമാറ്റാനുള്ള ദിനമെടുത്തു. അഞ്ചു നദികളുടെ ഓരം ചേർന്ന് റാഡ്ക്ലിഫ് ഒരു മഹാരാജ്യത്തെ ജനതയെയും ജീവിതെത്തെയും ചരിത്രത്തെയും പിളർത്തികൊണ്ടുള്ള കടുംരേഖ കൈവിറയലോടെ വരച്ചുതീർത്തു. മതമില്ലാത്ത രക്തം കൊണ്ടുനിറഞ്ഞൊഴുകിയ നദികളെപോലെ കടുംചുവപ്പാർന്ന രേഖ!

രവി, സത്ലജ്, ബിയാസ്, എന്നീ നദികൾ ഇന്ത്യയ്ക്കും ഝലം, ചിനാബ് എന്നിവ പാക്കിസ്ഥാനും ലഭിച്ചു. റാഡ്ക്ലിഫ് രേഖ രവി നദി മുറിച്ച് കടന്നുപോയി. അതോടെ നാനാക്കിന്റെ ജന്മ/സമാധി സ്ഥലമായ ദർബാർ സാഹിബും വിശുദ്ധ ദേര സാഹിബും പാകിസ്താനിലും ഇന്ത്യയിലുമായി. അര മിനിറ്റ് യാത്ര ചെയ്ത് …. . സിക്കുകാർ തൊഴുതുവന്ദിച്ചിരുന്ന സ്ഥലങ്ങൾ പാസ്പോർട്ടും വിസയും ആവശ്യമുള്ള രണ്ട് ‘ഭൂഖണ്ഡ’ങ്ങളായി മാറി. മണ്ണിലെ വെറും ഏഴു കിലോമീറ്റർ എന്നത് ഭൂമിയും നക്ഷത്രവുമെന്നപോലെ കോടി നാഴിക അകലെയായി. വെറുമൊരു വര, അത് മണ്ണിൽ അതിരായി വരച്ചാൽ വരക്കപ്പുറവും ഇപ്പുറവും രണ്ടു രാജ്യങ്ങളല്ല രണ്ടു ജീവികളായിത്തന്നെ മാറും എന്ന് ഇന്ത്യയറിഞ്ഞു, പാകിസ്ഥാനും!

ആ ’ ഭൂഖണ്ഡങ്ങൾക്കു ’ നടുവിൽ കത്താർപുർ ഇടനാഴി തിടംവച്ചു നിൽക്കുന്നു. നിർവാഹമില്ലാതെ ചെയ്തുപോയ ഒരു റാഡ്ക്ലിഫ് വര(…ണ്ട് മുറിഞ്ഞുപോയ ബന്ധങ്ങളെ കാലം തുന്നിചേർക്കാൻ തുടങ്ങുകയാണോ? കാലത്തിന്റെ കുമ്പസാരം?

സിക്കുകാരുടെ ഒട്ടേറെ ആരാധാനലയങ്ങൾ റാഡ്ക്ലിഫിന്റെ അന്തിമവരയിൽ പാക്കിസ്ഥാനിലായിട്ടുണ്ട്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിരുകളിൽ റാഡ്ഡ്ക്ളിഫ് ഒടുങ്ങാത്ത സാന്നിധ്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി വളരെ വർഷങ്ങൾക്ക് ശേഷം പ്രശസ്തനായ ഇന്ത്യൻ ജേർണലിസ്റ്റും എഴുത്തുകാരനുമായ കുൽദീപ്നയ്യാർ സ, ർ റാഡ്ക്ലിഫിനെ ലണ്ടനിൽ ചെന്ന് കണ്ട് നടത്തിയ അഭിമുഖം Scoop എന്ന തന്റെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ഒരു ചോദ്യത്തിനുത്തരമായി റാഡ്ക്ലിഫ് പറഞ്ഞത് ‘യഥാർത്ഥത്തിൽ ലാഹോർ കൂടി ഞാനന്ന് ഇന്ത്യക്ക് തന്നേനെ, പക്ഷെ പാക്കിസ്ഥാന് മറ്റ് വലിയ നഗരങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടാണ് അന്നങ്ങനെ ചെയ്തത്” എന്നാണ്.

റാഡ്ക്ലിഫ് വരച്ചിട്ട വരകൾക്ക് മേൽ പലപ്പോഴും രക്തംചചുവപ്പ് പടർന്നൊലിക്കുന്നുണ്ട്, വരകൾക്കപ്പുറവും ഇപ്പുറവും വെടിയൊച്ച മുഴങ്ങുന്നുണ്ട്; വരകളിൽ കൊലയും മരണവും പതിയിരിക്കുന്നുണ്ട്. ഇന്നും ഇന്ത്യൻ‑പാക് രാഷ്ട്രീയം അതിന്റെ ശക്തിയുടെയും വിജയത്തിന്റെയും യുദ്ധത്തിന്റെയും അന്തസ്സാരം അന്വേഷിക്കുന്നത് ഈ വരകളിലാണെന്നോർക്കണം. ഒരു വൻജനതതിയുടെ ചരിത്രം മാറ്റിവരച്ച, അഥവാ മുറിച്ചുമാറ്റിയ വിഭജനത്തിന്റെ ഇരുണ്ട ഇടങ്ങളിലേക്കാണ് പുതിയകാലത്ത് ഒരു ഇടനാഴി തലനീട്ടുന്നത്. സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും സൗഹൃദത്തിന്റെ പാതകൾ നീണ്ടുനിവർന്ന് വളരണം. അതിലൂടെ നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കുവാനുണ്ട്.

‘ബർലിനിൽ മതിലിടിച്ചുകളയാമെങ്കിൽ കർത്താപുർ ഇടനാഴി നിർമിച്ചാലെന്ത്? ’ എന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ ഇമ്രാൻഖാൻ പറഞ്ഞത്. ‘രണ്ട് പാതകൾ അതിർത്തിബിന്ദുക്കളിലൊന്നിക്കുന്നത് ഡബിൾ സന്തോഷം’ എന്നായിരുന്നു നരേന്ദ്രമോഡി പ്രതിവചിച്ചത്. ഇവ ഒട്ടും ചെറുതായി കാണാതിരിക്കാൻ നിർബന്ധിക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ ഒരു ജനതയിവിടുണ്ട്. ഇനിയെങ്കിലും അവരെ പരിഹസിക്കാതിരിക്കുന്ന രാഷ്ട്രീയവിദ്യാഭ്യാസം അവരും നേടട്ടെ.

റാഡ്ക്ലിഫിന്റെ വരകളിൽ അമിതാവേശവും അമിതാഭിമാനവും നിറച്ച് അപരൻമാരെ അമിതമായി നിർമിക്കുന്ന ദേശസ്നേഹത്തെയാണ് ടാഗോർ നിർലജ്ജമെന്നും മനുഷ്യവിരുദ്ധമെന്നും പറഞ്ഞ ത്ള്ളിക്കളഞ്ഞത്. പഞ്ചാബിൽ നിന്ന് പഞ്ചാബിലേക്കുള്ള ഇടനാഴിയുടെ ദൂരം പൂജ്യമാകുമ്പോഴാണ് അപരത്വവും അപരനുമില്ലാതാകുന്നത്. കർത്തർപുർ ഇടനാഴിയിലെ കല്ലുകൾ നമ്മോടു ശബ്ദമുയർത്തി പറയുന്നു “പുതിയ സാഹചര്യങ്ങളാണ് പുതിയ രാഷ്ട്രീയത്തിന്റെ നിർമാണക്കല്ലുകൾ. ” എന്ന്.