കര്‍ത്താപ്പൂര്‍ ഇടനാഴിക്ക് വേണ്ടി കോണ്‍ഗ്രസ് എന്ത് ചെയ്‌തെന്ന് മോഡി

Web Desk
Posted on October 19, 2019, 3:49 pm

ചണ്ഡിഗഢ്: കോണ്‍ഗ്രസും മറ്റും പാര്‍ട്ടികളും സംസ്‌കാരത്തിനും വിശ്വാസങ്ങള്‍ക്കും വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഹരിയാനയിലെ സിര്‍സയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ത്താപ്പൂര്‍ ഇടനാഴി ഉടന്‍ പൂര്‍ത്തികരിക്കും. ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഏഴു പതിറ്റാണ്ട് വേണ്ടിവന്നു. സ്വതന്ത്ര്യത്തിന് ശേഷം ഇതിന് എഴുപത് വര്‍ഷം വേണ്ടി വന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തിക്കപ്പുറമുള്ള ഗുരുദ്വാര ദര്‍ശനത്തിന് വിശ്വാസികള്‍ക്ക് ബൈനോക്കുലര്‍ വേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഭജനത്തിന് കാരണമായവര്‍ക്ക് നാല് കിലോമീറ്റര്‍ ദൂരം തിരിച്ചറിയാനായില്ലെന്നും മോഡി ആരോപിച്ചു. വിശ്വാസികളെ അവര്‍ ഗുരുവില്‍ നിന്ന് അകറ്റി നിര്‍ത്തി. ഈ അകലം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്‌തോ എന്നും മോഡി ചോദിച്ചു. കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും വിശ്വാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.