Web Desk

കൊല്ലം

March 10, 2020, 10:40 pm

രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി…

Janayugom Online

നാരീശക്തി പുരസ്കാര നേട്ടത്തിലൂടെ കേരളത്തിന്റെ അഭിമാനമായ അക്ഷരമുത്തശ്ശിമാർ ആദ്യമായി കണ്ടുമുട്ടി. രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചെത്തിയ കാർത്ത്യായനിയമ്മയാണ് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ പ്രാക്കുളം നമ്പാളിയഴികത്ത് വീട്ടിലെത്തി ഭാഗീരഥിയമ്മയെ സന്ദർശിച്ചത്. പരസ്പരം കാണണമെന്നുള്ള ഇരുവരുടെയും ദീർഘനാളായുള്ള ആഗ്രഹമാണ് സഫലമായത്.

ഡൽഹി വിശേഷങ്ങളും രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ടതിന്റെ ആഹ്ലാദവും കാർത്ത്യായനിയമ്മ പങ്കുവച്ചു. അവാർഡ് ഏറ്റുവാങ്ങാൻ ഭാഗീരഥിയമ്മ കൂടെയുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അവർ പറഞ്ഞു. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മൂലം ഡൽഹി സന്ദർശനം ഒഴിവാക്കിയ ഭാഗീരഥിയമ്മ അക്ഷരവഴിയിലെ തന്റെ കൂട്ടുകാരിയെ ആശ്ലേഷിച്ചും പാട്ടുപാടിയും സ്നേഹം പ്രകടിപ്പിച്ചു. തൊണ്ണൂറ്റിയാറും നൂറ്റിയഞ്ചും വയസുള്ള അമ്മമാർ കുട്ടികളെപ്പോലെ ഭാവി പഠനത്തെക്കുറിച്ച് സംസാരിച്ചത് കണ്ടുനിന്നവരിൽ ചിരിപടർത്തി.

നേരത്തെ കൊല്ലം കലക്ട്രേറ്റിലെത്തി തന്റെ പുരസ്കാര യാത്രയുടെ ഏകോപനം നടത്തിയ ജില്ലാ കലക്ടർ ബി അബ്ദുൽ നാസറിനെ കാർത്ത്യായനിയമ്മ സന്ദർശിച്ചു. കലക്ടർ പൊന്നാടയണിയിച്ച് പുരസ്കാര ജേതാവിനെ ആദരിച്ചു. സ്നേഹ സമ്മാനമായി തന്റെ കൈയ്യിൽ കരുതിയ ഷാൾ കലക്ടറുടെ കഴുത്തിലണിയിച്ച് അവർ കലക്ട്രേറ്റിന്റെ പടികൾ ഇറങ്ങി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി കെ പ്രദീപ്കുമാർ, സാക്ഷരതാ പരിശീലക സതി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

you may also like this video;