കറുത്ത തോണിക്കാരന്റെ പാട്ട്

Web Desk
Posted on July 07, 2019, 7:25 am

ഡോ. എം ഡി മനോജ്

ഓരോ പാട്ടും ഓരോ ഇന്ദ്രജാലമാണ്. തന്നെത്തന്നെ തിരഞ്ഞാണ് ഓരോരുത്തരും പാട്ടില്‍ മുങ്ങുന്നത്. സിനിമയുടെ സന്ദര്‍ഭങ്ങള്‍ക്കപ്പുറം പോകുന്നു എന്നതാണല്ലോ ഒരു നല്ല പാട്ടിന്റെ അനശ്വരതയും ആയുര്‍ദൈര്‍ഘ്യവും. ജീവിതത്തിന്റെ സാര്‍വലൗകിക സ്പന്ദനങ്ങളും സ്പര്‍ശങ്ങളുമുണ്ടാകുമ്പോഴാണ് ഒരു പാട്ട് മറ്റൊന്നില്‍ നിന്ന് മാറി നില്‍ക്കുന്നത്. സംഗീതം അടിസ്ഥാനപരമായി വിഷാദാത്മകതയിലേക്കാണ് സഞ്ചരിക്കുന്നതെന്ന മൗലിക നിരീക്ഷണത്തിന് കരുത്തുകൂടും ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍. അത്തരമൊരു പാട്ടിന്റെ കാതലായി പ്രപഞ്ചത്തിലെ എല്ലാ സ്‌നേഹവും പ്രണയവും സമാഗമസുഗന്ധവും രതിയും എന്നുവേണ്ട; മരണം വരെ ഉണ്ടാകുമെന്നുറപ്പാണ്. മധ്യേ നിലയുറപ്പിച്ചിട്ടുള്ള മനുഷ്യജീവിതത്തിന്റെ ഇരുകരകളിലായി ജനനവും മരണവുമെന്ന സത്യങ്ങള്‍ എപ്പോഴുമുണ്ട് എന്നറിയാെമല്ലാര്‍ക്കും. മരണത്തിന്റെ മറുകര തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ ചലച്ചിത്രഗാനങ്ങളില്‍ നാമെത്രയോ അനുഭവിച്ചിട്ടുണ്ട്. വയലാറും പി ഭാസ്‌കരനുമെല്ലാം മരണമെന്ന മഹാസത്യത്തിന്റെ പതാകകള്‍ പാട്ടില്‍ പാറിച്ചവരാണ്. എന്നാല്‍ മരണമെന്ന മഹാശൂന്യതയുടെ ചിത്രം വരച്ചുകാട്ടുന്ന ഒരു ഗീതം വിജിഗീഷുവായി നമുക്ക് മുന്നില്‍ നില്‍ക്കുന്നത് ‘ഒഎന്‍വി‘യുടെ വരികളിലൂടെയാണെന്ന യാഥാര്‍ഥ്യം നാമറിയുന്നു. ‘അക്ഷരങ്ങള്‍’ (1984) എന്ന എം ടി- ഐ വി ശശി സിനിമയിലെ ‘കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ’ എന്ന ഒഎന്‍വി ഗാനം ജീവിതത്തിന്റെയും മരണത്തിന്റെയും അപാരതയും സൗന്ദര്യവും കാണിച്ചുതരികയായിരുന്നു. കവിയുടെ ജീവിതമായിരുന്നു അക്ഷരങ്ങള്‍ എന്ന സിനിമ. സൗമ്യവും ശ്യാമനിര്‍ഭരവുമായ (ശ്യാം ആയിരുന്നു സംഗീതസംവിധായകന്‍) സംഗീതം ഈ പാട്ടിനെ മറ്റേതോ ആത്മീയതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

‘കറുത്ത തോണിക്കാരാ, കടത്തുതോണിക്കാരാ
മാനമിരുണ്ടു, മനസിരുണ്ടു മറുകരയാരു കണ്ടു’
എന്ന പല്ലവിയില്‍ത്തന്നെ മരണം കറുത്ത തോണിക്കാരനായും കടത്തു തോണിക്കാരനായുമൊക്കെ പ്രത്യക്ഷമാവുന്നു. കറുപ്പ് (ശ്യാമം) മരണത്തിന്റെ അടയാളം കൂടിയാണല്ലോ. കടത്തു തോണിയേറി മനുഷ്യജന്‍മത്തിന്റെ മറുകടവിലേക്കുള്ള ക്ഷണികസഞ്ചാരമായി മരണത്തെ കാണുകയാണ് കവി. ഏകാന്തതയുടെ പെരുക്കങ്ങള്‍ മരണത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഭാവമായി മാറുകയാണ് പാട്ടില്‍. ഇരുളുന്ന മാനവും ഇരുളുന്ന മനസുമെല്ലാം ദുഃഖത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മറുകര കാണാനാവാത്ത ഈ മരണഗീതത്തിനവസാനമില്ല. കാരണം മരണമൊരിടത്ത് ഒരവസാനമാകുമ്പോള്‍ത്തന്നെ മറ്റൊരു ജീവിതത്തിന്റെ ആരംഭവുമാകുന്നു. മരണമെന്ന മറുകര ആര്‍ക്കും കാണാനാവാത്ത ഒരിടമാണെന്നും അതാര്‍ക്കും പ്രവചിക്കാനാവില്ലെന്നുമുള്ള യാഥാര്‍ഥ്യത്തെ ഓര്‍മിപ്പിക്കുന്ന പാട്ടിന്റെ നേരറിവു കൂടിയാണിത്. ബെര്‍ഗ്മാന്റെ ‘ഏഴാംമുദ്ര’ എന്ന സിനിമയില്‍ കറുത്ത മേലങ്കിയണിഞ്ഞ മരണം പ്രഭുവിനോട് ചതുരംഗം കളിക്കുന്ന കഥാപാത്രമായി മാറുന്നപോലെ ഒരു ഇമേജറി (ഇവിടെ കറുത്ത തോണിക്കാരന്‍) ഈ പാട്ട് മനസിലേക്ക് കൊണ്ടുവരുന്നുണ്ട്. ഈ ജന്‍മത്തിനപ്പുറത്തേക്കുള്ള യാത്രയില്‍ കടത്തുകാരനെപോലെയാണ് മരണം. ഏകാന്തതയുടെയും സാന്ദ്രവിഷാദത്തിന്റെയും കാല്‍പനികരൂപമായി മരണമെന്ന മറുകരയെ കാണാനാകും. വിഷാദാത്മകത, ഏതോ അഗാധതയില്‍ നിന്നൊഴുകി വരുമ്പോഴുള്ള സ്ഥായികള്‍ എന്നിവ ഈ ഗാനത്തില്‍ നിറഞ്ഞുകിടക്കുന്നു. ‘ഗ്ലൂമി സണ്‍ഡേ’ എന്ന ഹംഗേറിയന്‍ സിനിമയിലെ ആത്മഹത്യാഗീതത്തെ ഒരുതരത്തില്‍ അനുസ്മരിപ്പിക്കുന്നുണ്ട് ഈ ഗാനം. സംഗീതത്തിന് മനുഷ്യനെ ജീവിതത്തിലേക്ക് മടക്കിവിളിക്കാനും ജീവിതത്തില്‍ നിന്ന് മടക്കി വിളിക്കാനുമൊക്കെ കഴിയുന്ന ഒരു ദര്‍ശനമുണ്ടെന്നറിയാന്‍ ഈ പാട്ട് സഹായിക്കുന്നു. ‘മരണം ഒരു നഖക്ഷതം പോലെയാണ്. അത് വേദനിപ്പിക്കുമ്പോഴും ആനന്ദിപ്പിക്കുന്നു’ എന്ന ആശയവുമായെത്തുന്ന ക്ലിയോപാട്രയെയും നാമോര്‍ത്തുപോകുന്നു. ‘മരണമാണ് സമാശ്വസിപ്പിക്കുന്നത്. നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജീവിതത്തിന്റെ പരമലക്ഷ്യവും പ്രതീക്ഷയും അതുതന്നെയാണ്’ എന്ന് ബോദലേര്‍ എഴുതിയതെത്ര ശരിയാണ്! മരണം നമ്മെ ഉത്തേജിപ്പിക്കുകയും ജീവിതസായാഹ്നത്തിലേക്ക് പതറാതെ നീങ്ങാന്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്നു എന്നും ബോദലേര്‍ പറയുന്നുണ്ട്.

‘മരണമേ, സഖേ, നാവികാ
നമുക്ക് പുറപ്പെടാം
കടലുമാകാശവും മഷിതൂവിയപോലെ
കറുത്തിരുണ്ടിരിക്കുന്നു,’ എങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ പ്രകാശബിന്ദുക്കളാണ്’ എന്ന് വീണ്ടും ബോദ്‌ലേര്‍ എന്ന കവിയുടെ വരികള്‍. സമാനമായ ഇമേജറികള്‍കൊണ്ടാണ് ഇവിടെ ഒഎന്‍വി ഇങ്ങനെ ഒരു പാട്ട് ചമയ്ക്കുന്നത്. പാട്ടിന്റെ അനുപല്ലവിയുടെ പടവിറങ്ങുമ്പോള്‍ കാണുന്നത് മരണസദൃശവും വിരഹസമാനവുമായ ഇമേജറികള്‍ തന്നെയാണ്.

‘വിടര്‍ന്ന പൂവിതു കൊഴിയും മുമ്പേ
ദിനാന്തമകലും മുമ്പേ
ഇനിയൊരീരടികൂടിപ്പാടാന്‍
കൊതിപ്പൂ ഹൃദയദലങ്ങള്‍’

വിടര്‍ന്ന പൂവ് കൊഴിയുന്നതുപോലെയും ദിനാന്തമകലും പോലെയുമാണ് മരണമെന്ന് പറയുമ്പോള്‍ത്തന്നെ മൃത്യുഭീതിക്കതീതമായ ജീവിതത്തിലൂടെ ദീപ്തിപടലമുയര്‍ത്തുന്നുണ്ട്, ഈ ഗാനം. മരണത്തിന് മുമ്പ് ഒരു ഈരടികൂടി പാടാനാഗ്രഹിക്കുകയാണ് കവി (കഥാപാത്രം). അനുനിമിഷം സമയസമുദ്രത്തില്‍ അലിഞ്ഞുതീരുന്ന മനുഷ്യജന്‍മം (ദിനാന്തമകലല്‍, പൂകൊഴിയല്‍, ക്ഷണികത) അകന്നകന്നുമായുന്ന വാഴ്‌വിലെ ഓരോ വിനാഴികയുമാണെന്ന് കൂടി നാമോര്‍ക്കുന്നു; ഈ പാട്ടനുഭവിക്കുമ്പോള്‍.

ഇതാണിതാണെന്‍ യാത്രാഗാനം
ഇതിനിവിടില്ലവസാനം
വിരാമതിലകം ചാര്‍ത്തരുതാരും
വരുമീവഴി ഞാനിനിയും’

എന്ന ചരണത്തിലേക്ക് പ്രവേശിക്കുന്ന പാട്ട് മരണത്തിന്റെ (ജീവിതാന്ത്യം) തത്വശാസ്ത്രത്തെ നിര്‍വചിക്കുകയാണ്. ഒരേസമയം ഏകാന്തതയുടെ മരവിപ്പില്‍ നില്‍ക്കുന്ന നമ്മള്‍ പുകമൂടിയ വിശ്രാന്തിയിലേക്ക് വിഴുകയും തുടര്‍ന്ന് ജീവിതത്തിന്റെ ഇളം പച്ചയിലേക്ക് മടങ്ങുകയും ചെയ്യുന്നു എന്നതാണ് കവി ഈ പാട്ടില്‍ പറഞ്ഞുവച്ചത്. മരണമെന്ന ശുദ്ധ സൗന്ദര്യാനുഭൂതിയെ പാട്ടില്‍ കൊത്തിവച്ചിരിക്കുകയാണ് ഒഎന്‍വി. കീറ്റ്‌സിന്റെ ‘വിഷാദത്തിനൊരു ഗീതം’ എന്ന കവിത മനസില്‍ വരുന്നു. മധുപന്‍ നുകരാനരികില്‍ വിഷമായി മാറുന്ന മധുവാണ് ആനന്ദമെന്നും അതിന്റെ ചുണ്ടില്‍ ‘വിട’ എന്ന വാക്ക് അടരാന്‍ വെമ്പിനില്‍ക്കുന്നുണ്ടെന്നും കീറ്റ്‌സ്. ഇതുതന്നെയാണ് ഈ പാട്ടിലും നാമനുഭവിക്കുന്നത്.
ജീവിതത്തിന്റെ വിലാപശ്രുതിയുണ്ട് ഒഎന്‍വിയുടെ പല പാട്ടുകളിലും. ‘മരണമേ നീ വരികയെന്റെ പ്രണയഗാനം കേള്‍ക്കൂ; നീയും ഏറ്റുപാടാന്‍ പോരൂ’ എന്ന ഗാനത്തില്‍ പ്രണയവും മരണവും ഇണചേരുന്ന മുഹൂര്‍ത്തത്തെ അതീവ ഹൃദ്യമായി പകര്‍ത്തിവച്ചു കവി. ജീവിതാസക്തി ജീവിതാന്ത്യം വരെയും പ്രകടിപ്പിക്കുക എന്ന കാല്‍പനിക ചോദനയെയാണ് ഒഎന്‍വി ഈ പാട്ടിലൂടെ ബോധ്യപ്പെടുത്തിയത്. ശൂന്യതയുടെ ഭാവനിമിഷങ്ങള്‍ ‘കറുത്ത തോണിക്കാരാ’ എന്ന പാട്ടില്‍ ചേര്‍ത്തുവയ്ക്കുമ്പോഴും ഇടയ്ക്ക് നാമ്പിടുന്ന കനവുകളെയും കവി കാണിച്ചുതരുന്നു. ‘ഇതാണിതാണെന്‍ യാത്രാഗ്രാനം’ എന്ന വരിയില്‍ തുടിക്കുന്നത് പ്രതീക്ഷയുടെയും പ്രണയത്തിന്റെയും പ്രണഞരമ്പുകളാണ്. ഒഎന്‍വി എന്ന കവിയുടെ പദബോധവും കാവ്യബോധവും സൗന്ദര്യബോധവും ജീവിതത്തിന്റെ കാല്‍പ്പനികഭാവങ്ങളോട് എത്രമാത്രം ഒത്തുചേര്‍ന്നു പോകുന്നു എന്നറിയാന്‍ ഈ പാട്ടുകേട്ടാല്‍ മതി. വാക്കുകളിലൂടെയും സ്വരങ്ങളിലൂടെയുമുള്ള സ്‌നേഹസ്പര്‍ശം കൂടിയാണ് ഈ ഗാനം. താളനിബദ്ധമായ സ്വരസംവിധാനത്തിനപ്പുറത്ത് ഭാവാത്മകതയുടേതായ ഒരാന്തരിക സംഗീതത്തിന്റെ തിരിതെളിയുന്നുണ്ടിവിടെ. മനസിലൊരു മയില്‍പ്പീലി വീശുന്നതിന്റെ മനോഹാരിതയും തെന്നല്‍ക്കുളിരും ഈ ഗാനത്തില്‍ ഒരുപോലെ സമന്വയിച്ചിട്ടുണ്ട്. തീക്ഷ്ണമായ മൃത്യുബോധത്തിന്റെ അഗാധധ്വനികളുണ്ടീ പാട്ടില്‍. അങ്ങനെ ‘കറുത്ത തോണിക്കാരാ’ എന്ന ഗാനം ‘മരണത്തിനൊരു ഗീതം’ ആയിത്തീരുന്നു.
ഇനി ശ്യാം എന്ന സംഗീത സംവിധായകനിലേക്ക്. വയലിനില്‍ തീര്‍ത്ത ഈണത്തിന്റെ ചടുലവേഗങ്ങളില്‍ റിഥമിക് ആയി പാട്ടുണ്ടാക്കാനറിയുന്ന ശ്യാം തികച്ചും വിഭിന്നമായ ഒരു ശൈലിയിലേക്ക് ഈ പാട്ടിനെ സ്വരപ്പെടുത്തുകയായിരുന്നു. ഹാര്‍മോണിയത്തിന്റെ നാദവീചികളിലാണ് പാട്ട് തുടങ്ങുന്നത്. സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു നാടകത്തിന് വേണ്ടി കവി കൂടിയായ ജയദേവന്‍ (മമ്മൂട്ടി) എഴുതിയ കവിതയാണിത്. അത് ഈണമിടുന്നത് നായികയായ ഗീത (സീമ)യുടെയും ജയദേവന്റെയും സുഹൃത്താണ്. വേദിയില്‍ അരങ്ങേറുന്ന നൃത്തശില്‍പമായാണ് ഈ പാട്ടിന്റെ വരവ്. പി ജയചന്ദ്രന്റെയും ജാനകിയുടെയും ഭാവഭദ്രമായ ആലാപനം പാട്ടിനെ അഗാധമാക്കി. ചിട്ടപ്പെടുത്തിയ പാട്ട് ഗീതയെ പാടി പഠിപ്പിക്കുന്ന ദൃശ്യത്തില്‍ നിന്ന് നര്‍ത്തകിയുടെ കാല്‍ത്താളങ്ങളിലേക്കായിരുന്നു പാട്ടിന്റെ പല്ലവി ഒഴുകിയെത്തുന്നത്. മാനമിരുണ്ടു മനസിരുണ്ടു എന്ന വരി ഒരു ഈണവിരുത്തമായി വികസിക്കുകയായിരുന്നു. അതിലൊരു നൃത്തശില്‍പത്തിന്റെ മട്ടും ഭാവവുമിണക്കി വയ്ക്കുന്നതിലായിരുന്നു ശ്യാമിന്റെ വിജയം. ‘മറുകരയാരു കണ്ടു’ എന്ന വരിയുടെ ആവര്‍ത്തനമാണ് പാട്ടിലേക്ക് നമ്മുടെ ശ്രദ്ധയെ ഉറപ്പിച്ചു നിര്‍ത്തുന്നത്. ഫ്‌ളൂട്ടിന്റെയും ജലതരംഗത്തിന്റെയുമൊക്കെ ലയകേളികളാണ് പാട്ടില്‍ ഒരു ശ്യാമാന്തരീക്ഷമുണ്ടാക്കുന്നത്. രഞ്ജിനിരാഗത്തിന്റെ രമണീയഭാവങ്ങള്‍ ഈ പാട്ടിന്റെ അന്തരംഗമുണര്‍ത്തുന്നു.
‘സംഗീതത്തിന് ഭാഷയില്ല, അതിരുകളില്ല. എന്റെ സിനിമാരംഗത്തെ പരിചയം എനിക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വിവിധ ഭാഷകള്‍ സംസാരിക്കുന്ന സഹപ്രവര്‍ത്തകരെ നേടിത്തന്നിട്ടുണ്ട്. ദേവരാജനും ദക്ഷിണാമൂര്‍ത്തിയും കെ രാഘവനും ബാബുരാജും രവീന്ദ്രനും ജോണ്‍സണും എം ജി രാധാകൃഷ്ണനും എം കെ അര്‍ജുനനും തുടങ്ങിയ കേരളീയരായ സുഹൃത്തുക്കള്‍ക്കൊപ്പം അത്രയേറെ നീണ്ട ഒരു നിര ഉത്തരേന്ത്യയില്‍ നിന്നുമുണ്ട്. നൗഷാദ്, ബോംബെ രവി, സലില്‍ ചൗധരി, രഘുനാഥ് സേഥ് ഉത്തംസിംഗ്, ഖയ്യാം ഇവരെക്കുറിച്ചോര്‍ക്കുമ്പോള്‍ സംഗീതസാന്ദ്രമായ ഒരു ലോകത്ത് ചെന്നിരിക്കും പോലെയുള്ള ഒരനുഭവമുണ്ടാകാറുണ്ട്. അവരുടെ കൂട്ടത്തില്‍ മാന്യരില്‍ മാന്യനായ ശ്യാം എന്ന സുഹൃത്തുമുണ്ടാകും.’ ഒഎന്‍വി ഒരഭിമുഖത്തില്‍ പറഞ്ഞത് ഒരുപക്ഷേ, ഇത്തരമൊരു പാട്ടിന്റെ നിര്‍മിതിയെ സാര്‍ഥകമാക്കുന്നുണ്ട് എന്നത് വര്‍ഷങ്ങള്‍ക്ക് ശേഷവും നാം തിരിച്ചറിയുന്നു. ‘അക്ഷരങ്ങളിലെ’ ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം, ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം’ എന്ന മറ്റൊരു പാട്ടും ഈ സമാഗമത്തിന്റെ സാന്ദ്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണല്ലോ എന്നതും ചലച്ചിത്രസംഗീതത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുമെന്നത് തീര്‍ച്ചയാണ്.