Web Desk

തൃശൂര്‍

July 25, 2021, 9:24 am

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ക്രൈംബ്രാഞ്ച് ഇന്ന് ഭരണസമിതിയംഗങ്ങളുടെ മൊഴിയെടുക്കും

Janayugom Online

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭരണസമിതിയംഗങ്ങളിൽ നിന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. ബാങ്ക് ഡയറക്ടർമാരോട് നേരിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുൻ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ ആ ഭരണസമിതിയുടെ കാലത്തെ മൂന്ന് പേർ നിലവിൽ ഉണ്ടായിരുന്ന ഭരണസമിതിയിലുമുണ്ട്. ഇവരാണ് പരാതി നൽകിയത്. ഭരണസമിതിയുടെ അറിവില്ലാതെ വായ്പകൾ അനുവദിക്കാനാവില്ലെന്നാണ് ചട്ടം.

ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. 46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് വൻ തട്ടിപ്പ് നടത്തിയത്. ക്രമക്കേട് നടന്നതായി പരാതി വന്നതിനെ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. പിന്നാലെ സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. മുകുന്ദപുരം അസി. രജിസ്ട്രാർ അജിത്താണ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ. സഹകരണ രജിസ്ട്രാറുടേതാണ് നടപടി. കേസിലെ പ്രതികളിൽ മൂന്ന് പേരെയും സിപിഐ(എം) പുറത്താക്കിയിട്ടുണ്ട്. ആറ് ഭരണസമിതി അംഗങ്ങളിൽ നിന്ന് വിശദീകരണവും തേടി.

Eng­lish sum­ma­ry: Karu­van­nur Bank scam case

You may also like this video: