അന്ന
കേള്‍ക്കുമ്പോള്‍ എത്രയോ ലളിതവും ചെറുതുമെന്ന് തോന്നുന്ന രണ്ട് വെറും വാക്കുകള്‍! എന്നാല്‍ ഈ വാക്കുകളുടെ ചരിത്രത്തിനുള്ളില്‍ പതിഞ്ഞിരിക്കുന്നത് അധികാരത്തിന്റെയും ഫാസിസത്തിന്റെയും കോട്ടകൊത്തളങ്ങള്‍; അവയെത്ര വലുതായിരുന്നാലും തകര്‍ത്ത് തരിപ്പണമാക്കാന്‍ ശേഷിക്കുന്ന വിപ്‌ളവവീര്യത്തിന്റെ സ്‌ഫോടകശേഷിയാണ്. കണ്ടത് ഉറക്കെ പറയുകയും ഉറക്കെ പറഞ്ഞത് അതുപോലെ കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ നെറിയാണ് ഈ വാക്കുകളില്‍ നിഴൽപോലെ തുടരുന്നത് . അതുകൊണ്ടുതന്നെ ഈ പുതിയ വര്‍ഷാരംഭത്തില്‍ വലിയ പ്രാധാന്യമുണ്ട് ഈ രണ്ട് കമ്മ്യൂണിസ്റ്റ് വാക്കുകള്‍ക്ക്! 2020 ജനുവരി 1 ‘ഹം ദേഖേംഗേ’ ‘ഹം ദേഖേംഗേ’ (നമ്മള്‍ കാണും, നമ്മള്‍ കാണും) കാണ്‍പൂരിലെ ഐ ഐ ടി കാമ്പസില്‍ അലയടിച്ചുയര്‍ന്ന മുദ്രാവാക്യമായിരുന്നു ഇത്. മുദ്രാവാക്യമല്ല, പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ യുവത്വം ഉച്ചത്തില്‍ ആലപിച്ച ഒരു കവിത. ‘നമ്മള്‍ കാണും ഉറപ്പായും നമ്മള്‍ കാണും ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്‌തൊരാ നാളില്‍’ ഇങ്ങനെ തുടങ്ങുന്ന ആ കവിത നേരും നെറിയും പറയുന്ന ഏതൊരു കവിതയേയും പോലെ ഇവിടെയും മതം കൊണ്ട് ചാപ്പ കുത്തുന്ന ‘പൗരത്വ’ത്തിന്റെ പടയാളികളെ വിറളി പിടിപ്പിച്ചു. പെണ്‍കുട്ടികളടക്കമുള്ള കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ‘സംഘിബോധം’ വാളെടുത്തു. ഇന്ത്യന്‍ കാമ്പസുകളില്‍ ഇരമ്പിവരുന്ന പുത്തന്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകളെ തറവേലകളുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ആവേശം പൂണ്ട് വെമ്പിനില്‍ക്കുന്ന കാവിപ്പട ഇവിടെയും അതേ വേലകളി പുറത്തെടുത്തു ! ‘ഹം ദേഖേംഗേ’ (‘ഞങ്ങള്‍ കാണും’) കവിത ചൊല്ലിയ കുട്ടികള്‍ക്കെതിരെ കാണ്‍പൂര്‍ ഐഐടി തലവന്‍ തന്നെ രംഗത്തിറങ്ങി. ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പ്രതികരിച്ചത് ” ആ വരികളിലൂടെ ഹിന്ദുമതം വ്രണപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് കേസെടുക്കും” എന്നായിരുന്നു.
പൗരത്വനിയമത്തിനെതിരെ ചെന്നൈയിലെ വീട്ടുമുറ്റത്ത് അരിക്കോലം വരച്ചവരുടെ പാക്ബന്ധം അന്വേഷിക്കുന്ന കാലത്തിന്റെ ആയത്തില്‍ അഗർവാൾമാർ ഉറപ്പായും കേസെടുത്തേക്കാം. കവിത ചൊല്ലിയ വിദ്യാര്‍ഥികൾ ഒരുപക്ഷെ ഈ കുറിപ്പ് അച്ചടിച്ചുവരുന്ന സമയത്ത് അകത്തുമായേക്കാം . അത്രയേറെ രൂക്ഷമായിരുന്നു, ഡയറക്ടറുടെ അന്വേഷണത്വര. ക്ഷുഭിതനായ മനീന്ദ്ര ഒരു ചോദ്യം കൂടി ചോദിച്ചു, ‘ഫൈസ് അഹമ്മദ് ഫൈസിനെ ആരറിയും ? ’ എന്ന്. ഫൈസ് അഹമ്മദ് ഫൈസ് ഇന്ത്യയിൽ പിറന്ന് പാക്കിസ്ഥാനിലായിപ്പോയ കവിയാണ്. വിഭജനത്തിന്റെ മുറിവുകള്‍ മരണംവരെ ഉള്ളിലൊരു നീറ്റലായി കൊണ്ടുനടന്ന കമ്മ്യൂണിസ്റ്റ്കാരന്‍. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പാകിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളും വിപ്‌ളവകവിയും അന്ത്യംവരെ യുക്തിവാദിയുമായിരുന്ന ബുദ്ധിജീവി. മുസ്ലീമായതുകൊണ്ടു മാത്രമല്ല കമ്മ്യൂണിസ്റ്റ്കാരനായതുകൊണ്ടുകൂടിയാണ് ഫൈസ്അഹമ്മദ്‌ഫൈസിന്റെ ‘ഹം ദേഖേംഗേ’ എന്ന വിഖ്യാതമായ വരികള്‍ കാണ്‍പൂരിലെ കുട്ടികള്‍ പാടിയപ്പോള്‍ അത് മുളയിലെ നുള്ളണമെന്ന് സംഘിപ്പടക്ക് തോന്നിയത് എന്ന് ചുരുക്കം . ഫൈസ് അഹമ്മദ്‌ഫൈസിന്റെ വരികള്‍ എന്നും ഭരണകൂടങ്ങളെ വിറപ്പിച്ചിട്ടുണ്ട്. ഇരുപതാമത്തെ വയസില്‍ ഫൈസ് നാലു സുഹൃത്തുക്കളുമായി ചേര്‍ന്ന് പുറത്തിറക്കിയ ‘കത്തുന്ന കല്‍ക്കരി’ എന്നര്‍ത്ഥം വരുന്ന ‘അങ്കാറെ‘എന്ന പുസ്തകം വെറും രണ്ടര മാസത്തിനുള്ളില്‍, 1933 മാര്‍ച്ചില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിച്ചത് വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കനല്‍ ആ താളുകളില്‍ കത്തുന്നത് കണ്ടിട്ടായിരുന്നു !.
സയ്യിദ്‌സജ്ജാദ് സാഹിബ്, മുല്‍ക്കരാജ്ആനന്ദ്, തുടങ്ങിയ പ്രഗത്ഭരുമായി ചേര്‍ന്ന് പുരോഗമനസാഹിത്യപ്രസ്ഥാനം രൂപീകരിച്ചപ്പോഴും (Progressive Writers Movement) വിഭജനത്തെ എതിര്‍ത്തുകൊണ്ട് സ്വതന്ത്ര പാക്കിസ്ഥാനിലേക്ക് പോയപ്പോള്‍ സജ്ജാദ്‌സാഹിപിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ കമ്മ്യീണിസ്റ്റ് പാര്‍ട്ടി മാതൃകയില്‍ പാക്കിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോഴും പാക്കിസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന ഫൈസ് അഹമ്മദ് ഫൈസ് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നത്, വര്‍ഗസമരങ്ങളെയും മനുഷ്യത്വത്തെയും മാര്‍ക്‌സിസത്തെയും പറ്റിയായിരുന്നു. അതുകൊണ്ടാണ് ഫൈസിന്റെ കവിതകള്‍ക്കും ചുവപ്പുനിറമായതും. അധികാരപ്രമത്തത പലതവണ തടവറകളില്‍ തള്ളിയിട്ടുണ്ട് ഫൈസിനെ. ഇരുട്ടറകളിലിരുന്ന് ഫൈസ് എഴുതിതീര്‍ത്തത് ബ്രിട്ടീഷുകാരനുള്ള മാപ്പപേക്ഷകളായിരുന്നില്ല. പട്ടിണിയുടെയും നിരാസത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും വിപ്ലവത്തിന്റെയും കവിതകളായിരുന്നു. അപ്പോഴൊക്കെയും ഭരണകൂടം നടുങ്ങിയത് ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ജീവിതം ഫൈസ് അഹമ്മദിന് ഇല്ലാതിരുന്നതുകൊണ്ടാണ്, ഇപ്പോഴും നടുങ്ങുന്നതും അതുകൊണ്ടു തന്നെ. കാണ്‍പൂരിലെ കാമ്പസിലിരുന്ന് പെണ്‍കുട്ടികള്‍ ‘ഹം ദേഖേംഗേ’ ഉച്ചത്തില്‍ പാടുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് അറിയാത്തതുകൊണ്ടല്ല നന്നായി അറിയാവുന്നതുകൊണ്ടാണ് ഐഐടി ഡയറക്ടര്‍ ‘ഫൈസ് അഹമ്മദ് ഫൈസി‘നെ ആര്‍ക്കറിയാം ’ എന്ന് ചോദിച്ചത്. ജനാധിപത്യമൂല്യങ്ങളെ മതഭാരം കയറ്റി ഞെക്കിക്കൊല്ലാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് അത്ര പെട്ടന്ന് മറക്കാനാവില്ല ആ വരികളെയും ഫൈസിനെയും.
പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ജനാധിപത്യസ്വരങ്ങള്‍ പാകിസ്ഥാനിൽ ദുര്‍ബലപ്പെടുകയും മതവും സൈന്യവും പുതിയ അധികാര സമതലങ്ങള്‍ സൃഷ്ടിച്ച് പാകിസ്ഥാനെ സമ്പൂര്‍ണമായ ഒരു മതരാഷ്ട്രമാക്കി മാറ്റുകയും ചെയ്ത ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. 1977ല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിലേറ്റിക്കൊണ്ട് സിയാഉള്‍ഹഖ് എന്ന സൈനികതലവന്‍ അധികാരമേറ്റതോടെയാണ് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ മതത്തിനു മുന്നിലുള്ള കീഴടങ്ങൽ പൂർണമാവുന്നത്.. അധികാരത്തിലേറിയ ഉടന്‍ തന്നെ കല്ലെറിഞ്ഞുകൊല്ലല്‍, ചാട്ടവാറടി, കൈ വെട്ടല്‍ തുടങ്ങി ഒട്ടേറെ പ്രാകൃതനിയമങ്ങള്‍ നടപ്പാക്കിക്കൊണ്ട് പാകിസ്ഥാനെ സമ്പൂര്‍ണ മതരാഷ്ട്രമാക്കി മാറ്റി സിയാ ഉൾ ഹക്ക്. കടുത്ത മത നിയമങ്ങളില്‍ ഒന്നായിരുന്നു ‘സാരി നിരോധനം’. സൈനികനടപടിയായതുകൊണ്ടു തന്നെ പലരും ഭയന്നും പേടിച്ചും ജനാധിപത്യ വിരുദ്ധതയെ അനുസരിച്ചുവെങ്കിലും നിര്‍ഭയമായ പ്രതിഷേധങ്ങൾക്കും കുറവുണ്ടായിരുന്നില്ല. ചോരകൊണ്ടും പൊട്ടിത്തെറികൊണ്ടും എഴുതപ്പെട്ട പാകിസ്ഥാന്റെ ചരിത്രത്തില്‍ ‘സാരിനിരോധന’ ത്തിനെതിരായ ഒരു ഉജ്വലചരിത്രം സംഘ പരിവാരങ്ങളറിയേണ്ടതുണ്ട് 1979 നവംബറില്‍ ഇക്ബാല്‍ ബാനു എന്ന ഗായിക സ്വേച്ഛാധിപത്യ ഭരണത്തിന്റെ സാരിനിരോധനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് 1985ൽ കറാച്ചി നഗരഹൃദയത്തില്‍ ഉയര്‍ത്തിക്കെട്ടിയ തട്ടകത്തിൽ തിളക്കമുള്ള കറുത്ത സാരി ഉടുത്തൊരുങ്ങി കയറിനിന്നു. മതഭരണത്തിന് കുഴലൂത്തുനടത്തുന്ന ഭരണാധികാരികള്‍ക്കെതിരായ ജനരോഷം ആയിരങ്ങളുടെ ഹര്‍ഷാരവമായി ആ സന്ധ്യയില്‍ നിറഞ്ഞുതുളുമ്പി. ഒരു ഇസ്‌ലാമിക സ്വേച്ഛാധിപതിക്കുള്ള മറുപടിയായിരുന്നു അന്ന് ആ പാകിസ്ഥാൻ ഗായികയുടുത്ത ഇന്ത്യൻ സാരി എന്ന് ആർഷഭാരത സാംസ്കാരികൾ മനസിലാക്കണം .
സാരിയുടുത്തുള്ള മറുപടി തന്റെ രാഷ്ട്രീയം കൂടിയാണെന്ന് സിയായുടെ മതഭരണത്തോട് വിളിച്ചുപറയാന്‍ ഇക്ബാല്‍ബാനു ഉപയോഗിച്ച ആദ്യവാചകം ‘ഹം ദേഖേംഗേ’ എന്നായിരുന്നു. ‘ഹം ദേഖേംഗേ’ മുഴുവൻ പാടിക്കൊണ്ട് അവർ അന്ന് വെല്ലുവിളിച്ചതും മത ഫാഷിസത്തെയായിരുന്നു. ഏത് സന്നിധിയില്‍ വെച്ചായിരുന്നാലും ഏത് കാലത്തായിരുന്നാലും “നമുക്ക് കാണാം, അഥവാ കാണേണ്ടിവരുമെന്ന” ഫൈസ് അഹമ്മദ് ഫൈസിന്റെ വരികള്‍! മുപ്പത് വര്‍ഷം മുമ്പ് 1989 ജനുവരി 1 ഡെല്‍ഹിയിലെ ഗാസിയാബാദിലെ തെരുവില്‍ പട്ടാപ്പകല്‍ ഒരു തെരുവ് നാടകം അരങ്ങേറുന്നു. നാടകം അവതരിപ്പിക്കുന്നത് ‘ജനനാട്യമഞ്ച്’ എന്ന കലാസംഘം. നാടകത്തിനുള്ളിലെ നാടകം പോലെ ജനനാട്യമഞ്ചിലെ കലാകരന്‍മാരും ഒരു പോലീസുകാരനുമാണ് കഥാപാത്രങ്ങള്‍. തൊഴിലാളിപണിമുടക്കിനെപ്പറ്റി പറഞ്ഞുതുടങ്ങുന്ന നാടകം പോലീസുകാരന്‍ വിലക്കുന്നു. കെട്ടിപ്പിടിക്കരുത്, മുദ്രാവാക്യം വിളിക്കരുത്, രാഷ്ട്രീയം പറയരുത്. ഇതാണ് ആ കാവല്‍പോലീസുകാരന്റെ ആവശ്യം. നാടകക്കാര്‍ അത് സമ്മതിക്കുന്നു. പോലീസുകാരന്‍ പറഞ്ഞുകൊടുക്കുന്നത് പോലെ വീട്ടുകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, പ്രണയം, പ്രേമം ഒളിച്ചോടല്‍ തുടങ്ങി പല പൈങ്കിളിവിഷയങ്ങളും നാട്യമഞ്ചിന് കളിക്കേണ്ടിവരുന്നു. പോലീസ് പറയുംപോലെ അച്ചടക്കത്തോടെ അവരത് കളിക്കുകയും ചെയ്യുന്നു . പക്ഷേ എന്നിട്ടും പോലീസുകാരന് കലിയടങ്ങുന്നില്ല. കാരണം ഏത് വിഷയം കളിച്ചാലും കളി ഒടുവിലെത്തുന്നത് രാഷ്ട്രീയത്തിലാണ്. ഇനിയുള്ളത് നാടകമല്ല, ഇന്ത്യൻ ഭരണകൂട ഭീകരതയുടെ മൂന്ന് പതിറ്റാണ്ടു പഴക്കമുള്ള ചരിത്രം. നാടകം പൂര്‍ത്തിയാവുംമുമ്പെ ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകേഷ്ശര്‍മയുടെ ഗുണ്ടകള്‍ പാഞ്ഞുവന്ന് ഒരിരുമ്പ് വടികൊണ്ട് പ്രധാനനടന്റെ തലയടിച്ചുതകര്‍ത്തു. പിളര്‍ന്നുപോയ തലച്ചോറിന് 24 മണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളു.തെരുവരങ്ങിലെ രക്തസാക്ഷി സഫ്ദർ ഹാഷ്മി ജനുവരി രണ്ടിന് മരിച്ചു. എന്നാൽ സഫ്ദര്‍ ഹാശ്മി എന്ന കമ്യൂണിസ്റ്റ് കലാകാരന്റെ വാക്കുകള്‍ക്കും കലയ്ക്കും ഇന്നും ആയുസറ്റിട്ടില്ല. അടിയന്തിരാവസ്ഥകാലത്ത് ‘കസേര കസേര കസേര’ എന്ന നാടകവുമായി തെരുവിലിറങ്ങിയ സഫ്ദര്‍ കലയും തെരുവും തമ്മിലുള്ള ആത്മബന്ധം കൊണ്ട് ആധികാരവും തെരുവും തമ്മിലുള്ള ആപേക്ഷികബന്ധത്തെ അളന്നെടുക്കുകയായിരുന്നു.സഫ്ദര്‍ നാടകത്തെ തെരുവിലേക്ക് ഇറക്കി.
ഭരണകൂടങ്ങളെ വെല്ലുവിളിച്ചു. തെരുവുകളെ തൂത്തുവൃത്തിയാക്കി ‘സ്വഛ’മാക്കിയിടുക എന്നത് ഭരണാധികാരികളുടെ ഇച്ഛയാണ്. മലിനപ്പെടാത്ത തെരുവുകൾ രാജകീയതയാണ് വിളംബരം ചെയ്യുന്നത്. അത് തൂത്തുതുടച്ച് പളുങ്കുപോലാക്കിയിടാനും നാമജപസ്തുതിപാടകര്‍ക്ക് വിളക്കു തെളിക്കാനും മാറ്റിവെക്കുന്നത് രാജാവിന്റെ സിംഹാസനമുറപ്പിക്കാനാണ്. ഇതറിയാവുന്നതുകൊണ്ടാണ് സഫ്ദർ തെരുവുകളെ കല കൊണ്ട് മലിനപ്പെടുത്തിയത്. തെരുവുകളിലെ ‘മലിനജന ‘വും ‘അപരകവിത’കളും ഏത് ഭരണകൂടത്തെയും അത്രയേറെ അലോസരപ്പെടുത്തുമെന്നറിയാവുന്ന സഫ്ദറാണ് കലയെ തെരുവിലിറക്കി കലാപമാക്കി മാറ്റിയത്. 2020ലെ പുതുപ്രഭാതത്തിലും ഇന്ത്യന്‍തെരുവുകള്‍ കലാപകലുഷമാകുമെന്നറിഞ്ഞുതന്നെയാവണം സഫ്ദര്‍ ആ തെരുവുകളെ അന്നേ കലാവേദിയാക്കിയത്. തെരുവിലും “ഹം ദേഖേംഗേ” വിലക്കുമെന്നറിഞ്ഞുതന്നെയാവണം ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതകള്‍ കാണാപാഠമായിരുന്ന സഫ്ദര്‍ ഇന്നത്തെ കുട്ടികളോട് അന്നേ പറഞ്ഞത് ‘ഹല്ലാ ബോല്‍’ എന്ന്, അഥവാ ഉറക്കെപ്പറയൂ എന്ന്. 1989 ജനവരി ഒന്നിന് കളിച്ചുപൂർത്തിയാക്കാതെ സഫ്ദർ യാത്രയായ നാടകത്തിന്റെ പേരും ‘ഹല്ലാ ബോല്‍’ എന്നായിരുന്നു. ആ തെരുവുകൾ ഇന്നും ഭരണകൂടത്തിന്റെയും മതഫാഷിസത്തിയെയും വിടുവായത്തങ്ങൾക്കെതിരെ ജാഗ്രതയോടെ കണ്ണുറപ്പിക്കുകയും കാതു കൂർപ്പിക്കുകയും ചെയ്യുന്നുണ്ട് .കാരണം ഉറപ്പായും കണ്ടത് ഉച്ചത്തില്‍ പറയാന്‍ പഠിപ്പിച്ചവരെയും പഠിച്ചവരെയുമാണ് ചരിത്രം കമ്യൂണിസ്റ്റുകൾ എന്ന് വിളിക്കുന്നത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.