അന്ന
പി. ഭാസ്കരനുണ്ണിയുടെ 19- നൂറ്റാണ്ടിലെ കേരളം എന്ന ബൃഹത്തായ ചരിത്ര ഗ്രന്ഥത്തിൽ ‘വസ്ത്രം’ എന്ന തലക്കെട്ടിൽ രണ്ടാമത്തെ അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. ”വസ്ത്രധാരണം കൊണ്ട് ഒരാൾ ഏത് ജാതിയിൽ, എതു നിലയിൽ പെട്ടവനാണെന്ന് ഒറ്റ നോട്ടത്തിൽ അറിയണം എന്നത് അന്ന്(19.. നൂറ്റാണ്ടിൽ) ഒരു നിർബന്ധമായിരുന്നു. ആ വിധത്തിലേ മുണ്ടുടുക്കലും മേൽമുണ്ടിടീലും ആകാവൂ. ഉടുക്കുന്നത് ജാതിഭേദവും അവസ്ഥാഭേദവും അനുസരിച്ച് മുട്ടിന് മേൽവരെ, മുട്ടുവരെ, കണങ്കാലെത്തിച്ച്, നേരിയാണി വരെ അങ്ങനെ പ്രത്യേകമായി നിർബന്ധപ്പെടുത്തിയ കീഴ്നടപ്പുണ്ടായിരുന്നു. ഈ കീഴ്നടപ്പ് അലംഘനീയവുമായിരുന്നു. പല വിഭാഗക്കാർക്കുമുള്ള രണ്ടാംമുണ്ട് മറ്റ് ചില യജമാനൻമാരുടെ മുമ്പാകെ എളിയിൽ ചുറ്റിക്കെട്ടാനോ ചുരുട്ടികക്ഷത്തുവെക്കാനോ ഉള്ളതുമായിരുന്നു.
19.. നൂറ്റാണ്ടിൽ ‘വസ്ത്ര’മെന്നതിന്റെ പ്രാഥമികദൗത്യം ശരീരം മറയ്ക്കുക എന്നതിനേക്കാൾ ജാതി/മതം വെളിപ്പെടുത്തുക എന്നതായിരുന്നു എന്നാണ് ഭാസ്കരനുണ്ണി സമർത്ഥിക്കുന്നത്. 20. . നൂറ്റാണ്ടിലും 21… നൂറ്റാണ്ടിലും ഈ ‘വസ്ത്രദൗത്യ’ത്തിന് എന്തെങ്കിലും മാറ്റം വന്നതായി കരുതി നാം നിഷ്കളങ്കത ചമയേണ്ടതില്ല. വസ്ത്രം എന്നത് നഗ്നതയുടെ മറയ്ക്കലോ ആചാരത്തിന്റെ അനുഷ്ഠിക്കലോ പാരമ്പര്യത്തിന്റെ സംരക്ഷണമോ അല്ല ഉപയോഗിക്കാൻ അറിയാവുന്നവർക്ക് ഇന്നും അത് അധികാരത്തിന്റെ അടയാളമാകുന്നു;. അതുകൊണ്ടാണ് The Moor’s Last Sigh എന്ന പുസ്തകത്തിൽ സൽമാൻ റുഷ്ദി പറഞ്ഞത് ‘ഉടുവസ്ത്രത്തിന് മാറ്റംവരുത്തിക്കൊണ്ട് നിങ്ങൾക്ക് യജമാനനെത്തന്നെ മാറ്റാനാവുമെന്ന്.
മതത്തിന്റെ പേരിൽ ഇന്ത്യ പിളർന്നുപോയത് ബ്രിട്ടീഷുകാരന്റെ വിഭജിക്കൽ ഭരണതന്ത്ര (Divide and Rule) ത്തിൽ നമ്മൾ വീണുപോയത് കൊണ്ടാണെന്ന് തത്തയുരുവിടുംപോലെ പാഠപുസ്തകത്തിൽ പഠിച്ചവരാണ് നമ്മൾ. ഒരാൾ പോലും ആ പാഠാവലിയെ ഇന്നേവരെ ചോദ്യം ചെയ്തിട്ടില്ല. എന്നിട്ടും പൗരത്വബില്ലിന്റെ കറുത്ത വരയാൽ ഓരോ പൗരനേയും മതംകൊണ്ട് വേർതിരിക്കുമ്പോൾ നാം വിഭജനത്തിന്റെ പാഠാവലികൾ മറന്നുപോകുകയോ അത് ഓർക്കാൻ മടിക്കുകയോ ചെയ്യുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യത്തിൽ നിന്ന് 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്ന ബില്ലിലെവിടെ മതവിവേചനം? ഒരു മതത്തെയും ഒഴിവാക്കണമെന്ന് പറയുന്നില്ല എന്ന് മാത്രമല്ല മതമെന്ന വാക്കുപോലും അതിൽ പറയുന്നില്ല എന്നൊക്കെയുള്ള അതീവനിഷ്കളങ്കമായ ചോദ്യമുന്നയിക്കുന്ന ചോദ്യകർത്താക്കളെ ദയവായി അലോസരപ്പെടുത്താതിരിക്കൂ. ഉറക്കം നടിക്കുന്ന അവരെ നിങ്ങളുണർത്താതിരിക്കൂ. ഉണർത്തിയാൽ ‘പൗരത്വബില്ലിനെ എതിർക്കുന്നവർ ആരാണെന്നറിയാൻ നിങ്ങൾ അവരുടെ ഉടുവസ്ത്രത്തിലേക്ക് നോക്കിയാൽ മതി’ എന്ന നരേന്ദ്രമോഡിയുടെ വാക്കുകളിൽ എവിടെയാണ് മതം എന്ന് അവർ വീണ്ടും നിഷ്കളങ്കമായി ചോദിച്ച് നിങ്ങളെ ഉത്തരം മുട്ടിക്കും. ഭാസ്കരനുണ്ണിയുടേതെന്നല്ല ഒരു ചരിത്രം കൊണ്ടും നിങ്ങൾക്കവരെ തൃപ്തിപ്പെടുത്താനാവില്ല. ഉറക്കുപാട്ടോ പടുപാട്ടോ അല്ല ചരിത്രം.
ചരിത്രത്തെ ഭയക്കുന്ന നിഷ്കളങ്കരുടെ എണ്ണം ഇന്ത്യയിൽ അമിതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നിഷ്കളങ്കർക്ക് ഇന്നറിയാവുന്ന വസ്ത്രത്തിന്റെ ഒരേയൊരു നിറം കാവിയാണ്. വസ്ത്രം എന്നത് വെറും വസ്ത്രമല്ലാതായിമാറുന്നതും ആ നിറത്തിലൂടെയാണ്. ഇന്നത് സർവസംഗപരിത്യാഗിയായ സന്യാസിയുടെ കാഷായമല്ല, കാഷായം വിറ്റ് കോടീശ്വരനായ രാംദേവിന്റെ പുറത്ത് ചുറ്റിയ കാപട്യമാണ്. യോഗിയെന്ന മറ്റൊരാൾ ഇതേ കാവിചുറ്റി അധികാരത്തിൽ വിലസുമ്പോൾ യോഗിത്വത്തിന്റെ കാവി വെറുപ്പിന്റെ വ്യാപാരമാവുന്നു. ഗോഡ്സെയെ മഹാനാക്കിയ പ്രജ്ഞസിംഗിന്റെ മേനിയിൽ അത് അറപ്പിന്റെ രാഷ്ട്രീയവും 2019ലും ഗാന്ധിജിയെ വെടിവെച്ചുകൊന്ന ശങ്കൺ പാണ്ഡെയെന്ന സ്ത്രീയുടെ ശരീരത്തിൽ അത് രാജ്യദ്രോഹത്തിന്റെ ദുർമേദസ്സുമാവുന്നു. ഒരു വസ്ത്രം അധികാരത്തിന്റെയും അധീശത്വത്തിന്റെയും അധിനിവേശത്തിന്റെയും നിഗ്രഹത്തിന്റെയും ‘ഏകവസ്ത്ര’മായി മാറുന്നിടത്താണ് മോഡി ഇന്ത്യയോട് പറഞ്ഞത് വർഗീയതയുടെ വിഷവിത്ത് വിതക്കുന്ന ‘പൗരത്വ ബില്ലിനെ എതിർക്കുന്ന’ വരുടെ വസ്ത്രത്തിലേക്ക് നോക്കാൻ. ഇതേ നിറമുള്ള തുണി, വസ്ത്രമാക്കിക്കൊണ്ടാണ് മോഡിയും കേദാരനാഥിലെ രുദ്രാഗുഹയിൽ അധികാരത്തിന്റെ തപസ്സിനിരുന്നത്. ഒരു മതേതരരാജ്യത്തിന്റെ സമ്പൂർണാധികാരം കാവിചുറ്റി കണ്ണടച്ചിരുന്നപ്പോൾ മറ്റെല്ലാ വസ്ത്രങ്ങളും ‘അപര’മാണെന്ന സന്ദേശമാണ് മഹാഭൂരിപക്ഷം വരുന്ന നിഷ്കളങ്കവിശ്വാസികളുടെ നെഞ്ചിലുറച്ചുപോയത്. മറ്റെല്ലാ മതങ്ങൾക്കും നിറങ്ങൾക്കും നേരെ കണ്ണടക്കാനും അവർ അങ്ങനെ പഠിച്ചുതുടങ്ങി. ആ ഇരുട്ടിന്റെ ശക്തിയാവാഹിച്ചുകൊണ്ടാണ് മോഡി അവരോട് ആവർത്തിച്ചുപറഞ്ഞത് പ്രതിഷേധിക്കുന്നവന്റെ ഉടുതുണി നോക്കി ഉള്ളിലിരിപ്പ് കണ്ടുപിടിക്കാൻ.
പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോൾ അസമിലെ വേദിയിൽ നിന്നുകൊണ്ട് മോഡി പറഞ്ഞത് സ്വന്തം വാക്കുകളേയല്ല. ഏതാണ്ട് എട്ടുപതിറ്റാണ്ടു മുമ്പ് ഗോൾവാൾക്കർ എന്ന ‘ഹിന്ദുത്വരാഷ്ട്രീയഗുരുജി‘യുടെ ഇച്ഛയായിരുന്നു അത്. ‘നാം അല്ലെങ്കിൽ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു’(We or Our Nationhood Defined) എന്ന പുസ്തകത്തിലൂടെ ഗോൾവാൾക്കർ ആയിരുന്നു ഇന്ത്യയിൽ അപരവിദ്വേഷത്തിന്റെ വിത്തിന് വളമിട്ടത്. ആര്യൻ-ജർമൻ വംശത്തിന്റെ രക്തവിശുദ്ധിയുടെ സ്തുതിഗീതങ്ങളുമായി ഫാസിസത്തിന്റെ വെള്ളിടിയെ മണ്ണിലേക്ക് വിളിച്ചിറക്കിയ ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ൻ കെപ്ഫ് (1924—-1926) ന്റെ ഇംഗ്ലീഷ് പതിപ്പുകൾ ലോകമാകമാനം വിറ്റഴിച്ച മുപ്പതുകളുടെ രണ്ടാംപാദത്തിലാണ് ഇറ്റലിക്കാർ ലോകത്തെ മറ്റെല്ലാ ‘മ്ലേച്ഛരെ’ ക്കാളും ഉന്നതരാണെന്ന വൈശിഷ്ട്യത്തിന്റെ ആത്മ ഗീതവുമായി മുസോളിനിയുടെ ചാർട്ടർ ഓഫ് റെയ്സ് എന്ന പുസ്തകം പുറത്തിറങ്ങുന്നത്. അതേ കാലത്താണ് ‘ഹിന്ദുക്കളുടെ ‘പിതൃപുണ്യഭൂമി’ യാണ് ഭാരതം എന്ന മന്ത്രവും ഹിന്ദുരാഷ്ട്രത്തിനർഹർ ഹിന്ദുക്കൾ മാത്രമാണെന്ന വാദവു മുന്നയിച്ചുകൊണ്ട് ‘നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു’ എന്ന സംഘകുടുംബത്തിന്റെ പ്രത്യയ ശാസ്ത്രം പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ അഞ്ചാമധ്യായത്തിൽ അർത്ഥശങ്കക്കിടയില്ലാത്തവിധം ഗോൾവാൾക്കർ അന്നേ തന്നെ കുടിയേറ്റ‑ന്യൂനപക്ഷ പ്രശ്നങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. ”വിദേശഘടകങ്ങൾക്ക് മുന്നിൽ രണ്ട് മാർഗങ്ങൾ മാത്രമേ തുറന്നിട്ടുള്ളു. ഒന്നുകിൽ ദേശീയജാതിയുടെ സംസ്കാരം സ്വീകരിച്ച് അതിൽ ലയിച്ചുചേരണം. അല്ലെങ്കിൽ അവിടെ ജീവിക്കാൻ ദേശീയജാതി അനുവദിക്കുന്നിടത്തോളം അങ്ങനെ ചെയ്യുകയും ദേശീയജാതിയുടെ മധുരതരമായ ഇഷ്ടത്തിനനുസൃതമായി രാജ്യം വിട്ടുപോവുകയും വേണം” ഈ ‘ഉദാര ദാർശനികത’ യുടെ ഉടയാടയുരിഞ്ഞുമാറ്റിയ ഉടലിന്റെ പരിഭാഷയാണ് ‘പ്രതിഷേധിക്കുന്നവർ ആരാണെന്ന് അവരുടെ ഉടയാട നോക്കി കണ്ടുപിടിക്കൂ’ എന്ന മോഡിയുടെ ഒറ്റവാചകം.
ഒരു ജനതക്ക് ഒന്നുമുടുക്കാനില്ലെന്നറിഞ്ഞ് ഉള്ള ഉടയാട കൂടി ഉരിഞ്ഞെറിഞ്ഞ ഒരു മഹാത്മാവിന്റെ മണ്ണാണിത് എന്ന കാര്യം തലയിൽ മൺകൂന വഹിക്കുന്ന നിഷ്കളങ്കർക്കറിയാൻ വഴിയില്ല. ഒരുപക്ഷെ വസ്ത്രം നോക്കി മതം കണ്ടുപിടിക്കുന്നൊരു കാലമുണ്ടാവുമെന്നറിഞ്ഞു തന്നെയാവും ആ മഹാനായ മനുഷ്യൻ പണ്ടേ അൽപവസ്ത്രധാരിയായതും. 1921 സെപ്റ്റംബർ 21 ന് തമിഴ് നാട്ടിലെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ മദ്രാസിലെത്തിയ ഗാന്ധിജി ട്രെയിൻമാർഗം മധുരയിലേക്ക് പോവുകയായിരുന്നു. കംപാർട്ട്മെന്റിൽ തിങ്ങിക്കൂടിയിരുന്ന ‘അസൽ ഇന്ത്യൻ ജനത’ യുമായി അദ്ദേഹം സംസാരം തുടങ്ങിയപ്പോഴാണ് ഗാന്ധിജി ഒരു കാര്യം ശ്രദ്ധിച്ചത്. ചുറ്റുമിരുന്ന സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടക്കം മുഴുവൻപേരും വെറും അൽപമാത്രവസ്ത്രധാരികളായ മനുഷ്യക്കോലങ്ങൾ! അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘കണ്മുന്നിൽ നഗ്നമായ സത്യം ‘. നടുമുറിയെ പണിയെടുത്തിട്ടും ഒരുനേരത്തെ അന്നത്തിനു പോലും ഗതിയില്ലാതെ വിശന്നും അലഞ്ഞും നെട്ടോട്ടമോടുന്നവർക്കെന്തു വസ്ത്രവിചാരം. അന്ന് ഒരു സാധാരണ നേതാവായിരുന്ന ഗാന്ധിജി ആ കംപാർട്ട്മെന്റിലെ അർധനഗ്നമേനികളിൽ ഇന്ത്യയുടെ പിടയുന്ന ആത്മാവ് കണ്ടെത്തുകയായിരുന്നു. അന്നു രാത്രിയുറങ്ങിയില്ല. മധുരയിൽ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള യോഗത്തിൽ സംസാരിക്കാനായി പിറ്റേ ദിവസം രാവിലെ മഹാത്മാഗാന്ധി പുറപ്പെടുമ്പോൾ 1931ൽ വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ച പോലെ അദ്ദേഹം ‘അർധനഗ്നനായ ഫക്കീറാ’ യി മാറിയിരുന്നു. പിന്നീടൊരിക്കൽ പോലും ഗാന്ധിജി മുഴുവസ്ത്ര ധാരിയായിട്ടില്ല! അന്ന് വട്ടമേശ സമ്മേളനത്തിന് ബ്രിട്ടന്റെ ചക്രവർത്തിയെ കാണാൻ ലണ്ടനിലെത്തിയപ്പോൾ. ” അങ്ങേയ്ക്ക് നാണം തോന്നുന്നുണ്ടോ? എന്ന ജേർണലിസ്റ്റിന്റെ ചോദ്യത്തിന് അദ്ദേഹം സരസമായി നൽകിയ ഉത്തരം ” ഞാനെന്തിന് നാണിക്കണം, എനിക്കുള്ള വസ്ത്രം കൂടി ചക്രവർത്തി ധരിച്ചിട്ടുണ്ടല്ലോ? എന്നായിരുന്നു. ആദ്യത്തെ തവണ പ്രധാനമന്ത്രിയായശേഷം വെറും ഒന്നരക്കൊല്ലത്തിനുള്ളിൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത ഇന്ത്യാക്കാരന് വേണ്ടി സ്വർണനൂലുകൊണ്ട് സ്വന്തം പേര് എഴുതിനിറച്ച പത്തുലക്ഷത്തിന്റെ കോട്ടുമിട്ട് ഒബാമയെ സ്വീകരിച്ച മോഡിയുടെ വസ്ത്രവീമ്പിനുള്ള ഉത്തരമായിരുന്നോ മഹാത്മാവ് അന്നേ പറഞ്ഞത്. ചേലയ്ക്ക് മതമുണ്ടെങ്കിലെന്തുകൊണ്ട് മതമുള്ളവന് ചേലയില്ലെന്ന് ചോദിക്കപ്പെട്ട മണ്ണിലാണ് ഇന്ന് ഭരണാധികാരികൾ ചേല നോക്കി മതം പറയാനാവശ്യപ്പെടുന്നത്!
മെലിഞ്ഞ ദേഹത്ത് അയഞ്ഞുതുടങ്ങിയ ഒരു തുണിക്കീറുകൊണ്ട് അധിനിവേശത്തെ ആട്ടിപ്പായിച്ച രാഷ്ട്രീയത്തെയാണ് നാം വസ്ത്രത്തിന്റെ രാഷ്ട്രീയമായി അടയാളപ്പെടുത്തേണ്ടത്. പ്രതിഷേധിക്കുന്നവന്റെ മതമേതെന്നറിയാൻ വസ്ത്രത്തിന്റെ നിറവും ഞൊറിവും നോക്കുന്ന രാഷ്ട്രീയത്തിന് ‘വർഗീയത’ എന്നാണ് പേര്. ‘നടന്നുപോകുന്ന തമ്പുരാൻ നഗ്നനാണെ‘ന്ന് പറഞ്ഞിരുന്ന കുട്ടികളുടെ തലമുറ ഇന്ന് ജാമിയയിലും ജെ. എൻ. യു വിലും മദ്രാസിലും കൽക്കട്ടയിലും ഗുവാഹട്ടിയിലുമൊക്കെ കണ്ണു തുറന്ന് കയ്യുയർത്തി വരുന്നുണ്ട്. അവർ ഉറക്കം നടിക്കുന്ന നിഷ്കളങ്കരല്ല അതുകൊണ്ടുതന്നെ സന്ദേഹം വേണ്ട. ‘പുതിയ തമ്പുരാക്കൻമാരെ അവർ നഗ്നരാക്കുകതന്നെ ചെയ്യും’!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.