കുറുവടിയെ നേരിടാന്‍ കുറുക്കുവഴികളില്ല

Web Desk
Posted on April 16, 2019, 10:39 pm
karyavicharam

അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിന് അഞ്ചാണ്ടത്തെ ഭരണത്തിന് ശേഷം ജനങ്ങളോട് പറയാനുള്ളത് കരയിലും ആകാശത്തും ബഹിരാകാശത്തും നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് മാത്രമാണ്. അതിലൂടെ രാജ്യത്തെ സുരക്ഷിതമാക്കിയെന്ന വ്യാജം സ്ഥാപിച്ചെടുക്കാനുള്ള ശ്രമം നടത്താനേ അദ്ദേഹത്തിന് സാധിക്കുന്നുള്ളു. അഞ്ചാണ്ടുകൊണ്ട് എത്ര തൊഴിലവസരം സൃഷ്ടിച്ചു? കര്‍ഷകരുടെ ക്ഷേമത്തിന് എന്ത് ചെയ്തു? കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഇരട്ടി വില ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാനായോ?
തൊഴിലാളികളുടെ കുറഞ്ഞ കൂലി ചുരുക്കാനായോ? കൊട്ടിഘോഷിച്ച കക്കൂസ് നിര്‍മാണം എന്ത് നേട്ടമുണ്ടാക്കി? ഇതിനകം നിര്‍മിച്ച അശാസ്ത്രീയമായ ലീച്ച് പിറ്റ് കക്കൂസുകള്‍ ഭാവിയിലുണ്ടാക്കാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ എന്ത് നടപടിയെടുത്തു? ഇടത്തരം ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ എന്ത് ചെയ്തു? നോട്ട് പിന്‍വലിച്ച നടപടിയിലൂടെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സമ്പദ്‌വ്യവസ്ഥയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ എന്തെങ്കിലും ചെയ്‌തോ? ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പ്രഖ്യാപിച്ച കള്ളപ്പണം ഇല്ലാതാക്കും, കള്ളനോട്ട് തടയും, ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയും തുടങ്ങിയ ലക്ഷ്യങ്ങളില്‍ ഏതെങ്കിലും പ്രാപിക്കാനായോ? അങ്ങനെ നിരവധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരിക്കെയാണ് കരയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്തിയെന്ന വീരവാദം. അതൊക്കെ നടത്തിയെന്നും വിജയം കണ്ടെന്നും നിര്‍ബന്ധിത രാജ്യസ്‌നേഹത്തിന്റെ (അടിയന്തരാവസ്ഥയിലെ നിര്‍ബന്ധിത വന്ധ്യംകരണം പോലെ) സാഹചര്യത്തില്‍ അംഗീകരിച്ചാല്‍ തന്നെ അതുവഴി 130 കോടിയിലേറെയുള്ള ജനതയില്‍ ഇന്നും ദാരിദ്ര്യത്തില്‍ തുടരുന്ന അമ്പത് ശതമാനത്തിന് ഗുണമെന്ത്?
ഉറിയില്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷമാണ്, വീരവാദങ്ങളില്‍ ആദ്യത്തേതായ കരയിലൂടെയുളള മിന്നലാക്രമണം. ഭീകര കേന്ദ്രങ്ങളാകെ തകര്‍ത്തു; ഇന്ത്യന്‍ മണ്ണിലെ ഒരില അനക്കാന്‍പോലും ശേഷിയില്ലാത്ത വിധത്തില്‍ ഉന്മൂലനം ചെയ്തു എന്നൊക്കെയായിരുന്നു അന്നത്തെ അവകാശവാദം. അതിന് ശേഷം കശ്മീരിലുണ്ടായ ആക്രമണങ്ങളുടെ എണ്ണമെത്രയാണ്? അവയില്‍ ഏറ്റവും വലുതായിരുന്നില്ലേ പുല്‍വാമയിലേത്? ഉച്ചഭാഷിണിയിലെ അലര്‍ച്ച കേള്‍ക്കുന്ന, ആട്ടിനെ തെളിച്ചുകൊണ്ടുവരുന്ന അനുയായി വൃന്ദങ്ങളുടേയോ വര്‍ഗീയതയില്‍ മുങ്ങി കാഴ്ച നഷ്ടപ്പെട്ടവരുടെയോ മനസില്‍ ഈ ചോദ്യങ്ങളുണ്ടാകില്ല.
മൂന്ന് നേരത്തെ ഭക്ഷണത്തിന് വിയര്‍പ്പൊഴുക്കുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ മനസില്‍ ഈ ചോദ്യങ്ങളൊക്കെയുണ്ടാകും. അവരുടെ മറുപടി വോട്ടിങ് മെഷീനിലെ നീണ്ടമരുന്ന ശബ്ദമാകാന്‍ സാധ്യത ഏറെയാണ്. എതിര്‍ ശബ്ദങ്ങളെയൊക്കെ ഇല്ലാതാക്കി, സര്‍ക്കാരിന്റെ വാഴ്ത്തുമൊഴികള്‍ മാത്രം ജനങ്ങളിലേക്ക് എത്തിച്ച അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി സര്‍ക്കാരിനെ ജനം വിധിച്ചത് സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതാണ് യഥാര്‍ഥ മിന്നലാക്രമണം. തല്ലാനും കൊല്ലാനും രാജ്യത്തു നിന്ന് പുറത്താക്കാനും യത്‌നിക്കുന്നവര്‍ക്ക്, അത്തരക്കാര്‍ക്ക് സ്വതന്ത്ര വിഹാരത്തിന് അവസരമുണ്ടാക്കി ഇന്ത്യന്‍ യൂണിയന്റെ അടിസ്ഥാന സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരാണ് പെരുമാറ്റച്ചട്ടമുണ്ടാക്കുക.
നോട്ട് നിരോധനവും കര്‍ഷകര്‍ അനുഭവിക്കുന്ന കടക്കെണിയും വംശീയ വെറിയും ആള്‍ക്കൂട്ടക്കൊലപാതകങ്ങളുമെല്ലാം മോഡിക്കും സംഘത്തിനും എതിരായി ജനവിധിയില്‍ പ്രതിഫലിക്കേണ്ടതാണ്. കുറുവടിയെ നേരിടാന്‍ കുറുക്കുവഴികളില്ലെന്ന് എല്ലാവരും മനസിലാക്കണം. ഭൂരിപക്ഷ സമുദായത്തിന്റെ മതവൈകാരികതയെ ബിജെപിയും ആര്‍എസ്എസും സമര്‍ഥമായി ചൂഷണം ചെയ്യുന്നതില്‍ വിജയിക്കുമ്പോള്‍ മതേതര നിലപാടുള്ള പാര്‍ട്ടികള്‍ ചിലത് മറന്നുപോകുന്നു. അതായത്, ഫാസിസത്തെ ചെറുക്കാന്‍ ലൊട്ടുലൊടുക്ക് വിദ്യകള്‍ ഇല്ല എന്ന സത്യം. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഏക പരിഹാരമായി തെളിഞ്ഞുവരുന്നത്. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കുകയും മറ്റ് പാര്‍ട്ടികള്‍ നിര്‍ണായകമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്താല്‍ അടുത്ത അഞ്ച് വര്‍ഷം എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രതീക്ഷകളോടെ ജീവിക്കാം.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍, മുസ്‌ലിങ്ങളോടും ന്യൂനപക്ഷ പിന്നാക്ക ദളിത് സമൂഹത്തോടും ചെയ്യുന്ന അതിക്രമങ്ങള്‍, വിമര്‍ശനങ്ങളെയും മറ്റു ശബ്ദങ്ങളെയും തളച്ചിടാന്‍ വേണ്ടി രാജ്യത്തെ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും കലാകാരന്‍മാരെയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുക, മുത്തലാഖും ഏക സിവില്‍ കോഡും പറഞ്ഞ് ഒരു മത വിഭാഗത്തിനു നേരെ പുതിയ നിയമത്തിന്റെ മതിലുകള്‍ പണിയുക തുടങ്ങി രാജ്യം ഭീഷണികളുടെ നടുവിലാണ്.
ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഇനിയും നിശബ്ദമായി മൗനം അവലംബിക്കുന്നത് അപകടകരമാണ്. പുതിയൊരു ഇന്ത്യയെ നിര്‍മിച്ചെടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇനി രാജ്യത്ത് സ്വസ്ഥമായൊരു ജീവിതം സാധ്യമാകുകയുള്ളു. 2014 മുതല്‍ ഇതുവരെ ഇന്ത്യയില്‍ അരങ്ങേറിയ നെറികേടുകള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ നാം മറുപടി നല്‍കണം.