27 March 2024, Wednesday

കാസര്‍കോട് ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ ആദ്യഡോസ് 94.47ശതമാനംപൂര്‍ത്തീകരിച്ചു

Janayugom Webdesk
കാസര്‍കോട്
September 24, 2021 9:30 pm

100 ശതമാനം ലക്ഷ്യമിട്ട് ഊര്‍ജിത പ്രവര്‍ത്തനം
കാസര്‍കോട് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് ഒമ്പത് മാസം കൊണ്ട് 18 വയസ്സിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിനേഷന്‍ 95 ശതമാനം കടക്കുന്നത് വഴി കോവിഡിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാമെന്നതിനാല്‍ 18 നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ ആദ്യഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്. 45–60 വയസ്സുള്ളവരില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്-2,56,114 പേര്‍. കോവിഡ് പോസിറ്റീവ് ആയി 90 ദിവസം കഴിയാത്തവരിലാണ് കുത്തിവെപ്പ് ബാക്കിയുള്ളത്. 60 വയസ്സിന് മുകളിലുള്ളവരിലും ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തീകരിച്ചു-1,88,220 പേര്‍. അതിഥി തൊഴിലാളികളായ 9502 പേരില്‍ 9217 പേരും (97.82%) പട്ടിക വര്‍ഗ മേഖലയില്‍ 59757 പേരില്‍ 57567പേരും (97.2%) വാക്‌സിന്‍ സ്വീകരിച്ചു. പാലിയേറ്റീവ് രോഗികളില്‍ 96.54 ശതമാനവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. എന്നാല്‍ 18 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള 5,58,934 പേര്‍ (93.53 ശതമാനം) പ്രതിരോധ കുത്തിവെപ്പ് എടുത്തു. വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നവര്‍ക്കിടയില്‍ ബോധവത്കരണം നടത്തും.


ഗര്‍ഭിണികളില്‍ വലിയൊരുഭാഗം തെറ്റായ ധാരണ മൂലം വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയുണ്ടെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ നിര്‍ദേശിക്കുന്നുണ്ട്. ഡോക്ടര്‍മാരും വാക്‌സിന് അനുകൂലമാണ്. പക്ഷേ, 18 മുതല്‍ 44 വരെ പ്രായമുള്ള 17114 ഗര്‍ഭിണികളില്‍ 5001 പേര്‍ (31.8%) മാത്രമാണ് ഇതുവരെ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. എല്ലാ ബുധനാഴ്ചകളിലും ആരോഗ്യ കേന്ദ്രങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായി വാക്‌സിന്‍ നല്‍കുന്നതായും ഇത് പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മറ്റു പല വിഭാഗങ്ങളിലെ 35000 പേരും കുത്തിവെപ്പ് എടുത്തിട്ടില്ല. ഇതില്‍ 29000 ത്തോളം പേര്‍ കോവിഡ് പോസിറ്റീവ് ആയി 90 ദിവസം കഴിയാത്തവരാണ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കുറഞ്ഞതിനാല്‍ പ്രയാസമില്ലാതെ കുത്തിവെപ്പ് സ്വീകരിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട്.
പൊതുവില്‍ വാക്‌സിനേഷനില്‍ പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് നടപടികള്‍ ഊര്‍ജിതമാക്കും. യുവാക്കളെ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമാക്കാന്‍ വിവിധ പദ്ധതികളും ജില്ലയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിന് കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ വാക്‌സിനേഷന്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ സഹായത്തോടെ നടത്തും.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് പോസീറ്റീവ് ആയവര്‍ ശതമാന കണക്കില്‍ കൂടുതല്‍ കാസര്‍കോട് ജില്ല ആണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 884 പേര്‍ക്കും, 45നും 60നും ഇടയില്‍ 1229 പേര്‍ക്കും 60 വയസ്സിന് മുകളില്‍ 758 പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ വാക്‌സിനേഷന്‍ എടുത്തവരും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് വാക്‌സിന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ (ആരോഗ്യം) അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവരും പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.