Web Desk

കാസകോട്‌

December 21, 2020, 4:36 pm

ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു

Janayugom Online

ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. 38 ഗ്രാമപഞ്ചായത്തുകളിലേക്കും ആറ്‌ ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളിലേക്കും മൂന്ന്‌ നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട 877 അംഗങ്ങളാണ്‌ ജില്ലയില്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്തത്‌. കാസര്‍കോട്‌ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ കളക്‌ട്രേറ്‌ര്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്‌ബാബുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. വിവിധ കക്ഷിനേതാക്കളടക്കം നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിന്‌ സാക്ഷികളാവാന്‍ എത്തിയിരുന്നു. മുതിര്‍ന്ന അംഗം ഉദുമ ഡിവിനില്‍ നിന്ന്‌ വിജയിച്ച ഗീതാ കൃഷ്‌ണനാണ്‌ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്‌. തുടര്‍ന്ന്‌ ഗീതാകൃഷ്‌ണന്‍ ഡിവിഷന്‍ ക്രമപ്രകാരം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.

സി പിഐ ജില്ലാ പഞ്ചായത്ത്‌ പ്രതിനിധി ബേഡകത്ത്‌ നിന്നുള്ള അഡ്വ. സരിത എസ്‌ എന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുന്നു

വൊര്‍ക്കാടിയില്‍ നിന്ന്‌ തെരെഞ്ഞെടുക്കപ്പെട്ട കമലാക്ഷി, പുത്തിഗെയിലെ നാരായണനായക്‌, എടനീര്‍ നിന്നുള്ള ശൈലജ ഭട്ട്‌ എന്നിവര്‍ കന്നടയിലും തുടര്‍ന്ന്‌ ദേലംമ്പാടിയില്‍ നിന്നുള്ള പി ബി ഷെഫീഖ്‌, കുമ്പളയില്‍ നിന്നുള്ള ജമീല സിദ്ദീഖ്‌ എന്നിവര്‍ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്‌തു. ബേഡകം ഡിവിഷനിലെ അഡ്വ. സരിത എസ്‌ എന്‍, കള്ളാറിലെ ഷിനോജ്‌ ചാക്കോ, ചിറ്റാരിക്കാലിലെ ജോമോന്‍ ജോസ്‌, കരിന്തളത്തെ കെ ശകുന്തള, പിലിക്കോട്ടെ എം മനു, ചെറുവത്തൂര്‍ ഡിവിഷനില്‍ നിന്നുള്ള സി ജെ സജിത്‌, മടിക്കൈ ഡിവിഷനില്‍ നിന്ന്‌ തെരെഞ്ഞെടുക്കപ്പെട്ട പി ബേബി, പെരിയയിരെ ഫാത്തിമത്ത്‌ ഷംന, ചെങ്കളയിലെ ഷാനവാസ്‌ പാദൂര്‍, സിവില്‍ സ്റ്റേഷനില്‍ നിന്നുള്ള ജാസ്‌മിന്‍ കബീര്‍ ചെര്‍ക്കളംഎന്നിവര്‍ മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. അഡ്വ. സരിത എസ്‌ എന്‍, കെ. ശകുന്ദള, ബേബി ബാലകൃഷ്‌ണന്‍, ഫാത്തിമത്ത്‌ ഷംന ബി.എച്ച്‌, സി.കെ സജിത്‌, എന്നിവര്‍ ദൃഡ പ്രതിജ്ഞ ചെയ്‌താണ്‌ അധികാരമേറ്റെടുത്തത്‌. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനാല്‍ മഞ്ചേശ്വരം ഡിവിഷനിലെ അംഗം ഗോള്‍ഡന്‍ റഹ്‌മാന്‍ എത്താന്‍ 50 മിനിട്ട്‌ വൈകി. മറ്റു അംഗങ്ങളുടെ പ്രതിജ്ഞ കഴിഞ്ഞിട്ടും റഹ്‌മാനായി 10 മിനിട്ടോളം കാത്തിരിക്കേണ്ടി വന്നു. എല്‍ഡിഎഫ്‌ ജില്ലാ പഞ്ചായത്ത്‌ പ്രതിനിധികള്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന്‌ പ്രകടനമായാണ്‌ എത്തിയത്‌. എല്‍ഡിഎഫ്‌ നേതാക്കളായ പി കരുണാകരന്‍, കെ പി സതീഷ്‌ ചന്ദ്രന്‍, എം.വി ബാലകൃഷ്‌ണന്‍ മാസ്റ്റര്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്‌ണന്‍, കെ വി കൃഷ്‌ണന്‍, കെ കഞ്ഞിരാമന്‍, അഡ്വ. സി എച്ച്‌ കുഞ്ഞമ്പു, ടി കെ രാജന്‍,മൊയ്‌തീന്‍ കുഞ്ഞികളനാട്‌, ടി വി ബാലകൃഷ്‌ണന്‍, എം അനന്തന്‍ നമ്പ്യാര്‍, ജോര്‍ജ്ജ്‌ പൈനാപ്പള്ളി, വി വി കൃഷ്‌ണന്‍, കുര്യാക്കോസ്‌ പ്ലാപറമ്പില്‍, സുരേഷ്‌ പുതിയടത്ത്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി ആദ്യയോഗം രാവിലെ 11.30 ന്‌ ചേര്‍ന്നു. മുതിര്‍ന്ന അംഗം ഗീതാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ 30 ന്‌ രാവിലെ 11 നും വൈസ്‌ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ 30 ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിനും നടക്കുമെന്ന്‌ യോഗത്തില്‍ അറിയിച്ചു. കാസര്‍കോട്‌ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി നന്ദകുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അംഗങ്ങളെ സഹായിച്ചു.

സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്ത എല്‍ഡിഎഫ്‌ ജില്ലാ പഞ്ചായത്ത്‌ പ്രതിനിധികള്‍
കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ സെക്രട്ടറി സോളമന്‍ അജാനൂര്‍ ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം ലക്ഷ്‌മി തമ്പാന്‌ സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന്‌ ലക്ഷ്‌മി തമ്പാന്‍ മറ്റ്‌ മെമ്പര്‍ മാര്‍ക്ക്‌ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയായിരുന്നു.13 ഡിവിഷനുകളിലെ 9 പേര്‍ ദൃഢ പ്രതിജ്ഞയും 4 അംഗങ്ങള്‍ ഈശ്വരനാമത്തിലും പ്രതിജ്ഞ ചെയ്‌തു. അതിന്‌ ശേഷം മുതിര്‍ന്ന അംഗം ലക്ഷ്‌മി തമ്പാന്റെ അധ്യക്ഷതയില്‍ യോഗവും നടന്നു.
നീലേശ്വരം:നഗരസഭയില്‍ നഗരസഭാ വരണാധികാരി കൃഷി അസിസ്റ്റന്‍റ്‌ ഡയറക്ടര്‍ സൂസന്‍ ബഞ്ചമിന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. മുതിര്‍ന്ന അംഗം പതിനാലാം വാര്‍ഡിലെ കെ.നാരായണന്‌ വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ കെ.നാരായണന്‍ ഒന്നു മുതല്‍ 32 വരെയുള്ള മറ്റ്‌ കൗണ്‍സിലര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക്‌ ശേഷം പുതിയ കൗണ്‍സിലര്‍ കെ.നാരായണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്തില്‍ വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍ കെ രവികുമാര്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 10ാം വാര്‍ഡ്‌ മെമ്പറുമായ പി വി ചന്ദ്രന്‌്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ മറ്റ്‌ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തു. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തില്‍്‌ വരണാധികാരിയും ഡെപ്യൂട്ടി കളക്ടറു(ആര്‍ ആര്‍)മായ സിറോഷ്‌ പി ജോണ്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും ആറാം വാര്‍ഡ്‌ മെമ്പറുമായ പി കെ ലക്ഷമിക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ മറ്റ്‌ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തു. കാസര്‍കോട്‌ ബ്ലോക്കില്‍ റിട്ടേണിങ്‌ ഓഫീസര്‍ വി ജെ ഷംസുദ്ദീന്‍ മുതിര്‍ന്ന അംഗമായ പി എ അഷ്‌റഫ്‌ അലിക്ക്‌ (66) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തില്‍ റിട്ടേണിങ്‌ ഓഫീസര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ബട്ടു ഷെട്ടിക്ക്‌ (65) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ ബട്ടു ഷെട്ടി മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാറഡുക്ക ബ്ലോക്കില്‍ റിട്ടേണിങ്‌ ഓഫീസര്‍ കെ.കെ.സുനില്‍ മുതിര്‍ന്ന അംഗമായ പെര്‍ളടുക്കം ഡിവിഷന്‌ ജനപ്രതിനിധി ബി.കെ നാരായണന്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം മുതിര്‍ന്ന അംഗം മറ്റ്‌ അംഗങ്ങള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.