Web Desk

കാസര്‍കോട്

December 31, 2020, 4:28 pm

വീണ്ടും ജപ്‌തി ഭീഷണിയില്‍ കാസര്‍കോട്‌ ഗസ്‌റ്റ്‌ ഹൗസ്‌

Janayugom Online

കാസര്‍കോട്‌ സര്‍ക്കാര്‍ അതിഥി മന്ദിരം വീണ്ടും ജപ്‌തി ഭീഷണിയില്‍. മഞ്ചേശ്വരം ചെക്ക്‌ പോസ്റ്റിന്‌ ഏറ്റെടുത്ത ഭൂമിക്ക്‌ ഉടമകള്‍ക്ക്‌ നല്‍കാനുള്ള ബാക്കി പണം നല്‍കാത്തതിന്റെ പേരിലാണ്‌ കോടതി ജപ്‌തിനോട്ടീസ്‌ പതിപ്പിച്ചത്‌. 2017 ലും സമാനമായ ജപ്‌തി ഭീഷണി ഇതേ സ്ഥലം ഏറ്റെടുക്കല്‍ വിഷയവുമായി ഉണ്ടായിരുന്നു. അന്ന്‌ പണം അടച്ച്‌ ജപ്‌തി ഒഴിവാക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിന്‌ പിറകയെ ഇതേ ആവശ്യത്തിന്‌ സ്ഥലം ഏറ്റെടുത്ത വകയില്‍ ബാക്കിയുള്ള തുകയ്‌ക്ക്‌ ഉടമകള്‍ കോടതിയെ സമീപിച്ചത്‌. മംഗ്‌ളൂരു സ്വദേശികളായ ദേവദാസ്‌ കുമാര്‍, എം സി ഹുസൈന്‍, മഞ്ചേശ്വരം സ്വദേശി മുഹമ്മദ്‌ ഹനീഫ്‌ എന്നിവരാണ്‌ കോടതിയെ സമീപിച്ചത്‌. ലഭിച്ച തുക അപര്യാപ്‌തമാണെന്ന്‌ കാണിച്ച്‌ ഇവര്‍ ആദ്യം സബ്‌ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന്‌ സുപ്രീംകോടിയാണ്‌ ഭൂമിക്ക്‌ വില നിശ്ചയിച്ച്‌ ഉത്തരവായത്‌. രണ്ടര സെന്റിന്‌ മൂന്നുലക്ഷം രൂപയാണ്‌ സുപ്രിം കോടതി വിധിച്ചത്‌. കോടതി ഉത്തരവ്‌ വന്നിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞിട്ടും പരാതിക്കാര്‍ക്ക്‌ സര്‍ക്കാര്‍ പണം നല്‍കിയില്ലെന്ന്‌ കാണിച്ച്‌ അഭിഭാഷകന്‍ മഹാലിംഗ ഭട്ട്‌ വഴിയാണ്‌ കോടതിയെ സമീപിച്ചത്‌. മഞ്ചേശ്വരം ചെക്ക്‌ പോസ്‌റ്റിനായി 66 സെന്റോളം ഭൂമിയാണ്‌ പരാതിക്കാരുടെ കൈയ്യില്‍ നിന്ന്‌ സര്‍ക്കാര്‍ ഏറ്റെടുത്തത്‌. ഇതിന്‌ സര്‍ക്കാര്‍ നിശ്ചിച്ച തുക 75 ശതമാനം നല്‍കിയിരുന്നു. ബാക്കിയുള്ള ഭൂമിക്ക്‌ കോടതി ഉത്തരവ്‌ പ്രകാരം 45 ലക്ഷം രൂപ വിലമതിക്കുമെന്നാണ്‌ പരാതിക്കാര്‍ പറയുന്നത്‌. എന്നാല്‍ ഏഴ്‌ ലക്ഷം രൂപ മാത്രമേ നല്‍കാനാവൂ എന്നാണ്‌ സര്‍ക്കാര്‍ വാദം. സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍എ), കളക്‌ടര്‍, വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയവരെ എതിര്‍ കക്ഷിയാക്കി കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി ഉത്തരവുണ്ടായത്‌. 2017ല്‍ ഗസ്റ്റ്‌ ഹൗസിന്‌ ജപ്‌തി ഭീഷണി നേരിടേണ്ടി വന്നത്‌ ഇതേ ആവശ്യത്തിന്‌ സ്ഥലം ഏറ്റെടുത്ത ബങ്കര മഞ്ചേശ്വരം കാളികാ പരമേശ്വരി ക്ഷേത്രത്തിന്റെ 1.80 ഏക്കര്‍ സ്ഥലവും ഏറ്റെടുത്തിനായിരുന്നു. ഏറ്റെടുത്ത സ്ഥലത്തിന്റെ അറുപത്‌ ശതമാനം പണം ആദ്യം നല്‍കിയെങ്കിലും ബാക്കി വരുന്ന തുക ലഭിക്കാത്തതിനെ തുടര്‍ന്ന്‌ അന്ന്‌ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ല്‍ ജപ്‌തി നോട്ടീസ്‌ ലഭിച്ചത്‌. 3,12,85,554 രൂപ നല്‍കാന്‍ 2017 ആഗ്‌സ്റ്റ്‌ മാസം 29 നാണ്‌ ഉത്തരവിട്ടത്‌. ഇത്‌ നല്‍കാത്തതിനെ തുടര്‍ന്ന്‌ 2017 സെപ്‌തംബര്‍ 22 നാണ്‌ ജപ്‌തി നടത്തിയത്‌.

കാസര്‍കോട്‌ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കോടതി നോട്ടീസ്‌ പതിച്ചപ്പോള്‍
ചെക്ക്‌ പോസ്റ്റിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ സ്ഥലം തഹസില്‍ദാര്‍ സെന്റിന്‌ 19,000 രൂപയാണ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍ നാല്‌ ലക്ഷം രൂപ സെന്റിന്‌ ആവശ്യപ്പെട്ട്‌ ക്ഷേത്രകമ്മറ്റി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്‌ ഹൈക്കോടതി സെന്റിന്‌ രണ്ടര ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഈ തുക അടച്ചതിന്‌ പിന്നാലെയാണ്‌ കഴിഞ്ഞ ദിവസം വീണ്ടും ജപ്‌തി നോട്ടീസ്‌ പതിച്ചത്‌. 2014 ലാണ്‌ മഞ്ചേശ്വരം ചെക്ക്‌ പോസ്റ്റിനായി മഞ്ചേശ്വരം എട്ട്‌ ഏക്കറോളം സ്ഥലം ഏറ്റെടുത്തത്‌. അതേ സമയം ജി എസ്‌ ടി വന്നതോടെ ചെക്ക്‌ പോസ്റ്റ്‌ ആവശ്യമില്ലാത്തപ്പോള്‍ ഇത്രയും സ്ഥലം എന്തിനാണെന്ന ആശങ്കയിലാണ്‌ സര്‍ക്കാര്‍.