ഹൈ ​റി​സ്ക് മേ​ഖ​ല​ക​ൾ 10: കാസർകോടും പത്തനംതിട്ടയും പട്ടികയിൽ

Web Desk

ന്യൂഡ​ല്‍​ഹി

Posted on March 31, 2020, 9:38 pm

രാ​ജ്യ​ത്ത് കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂടുതലുള്ള സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്രസര്‍ക്കാര്‍. ഡൽഹിയിലെ നിസാമുദ്ദീൻ, കേരളത്തിലെ കാ​സ​ര്‍​കോട്, പ​ത്തനം​തി​ട്ട​ ഉ​ള്‍​പ്പെ​ടെ​യു​ള്ള പത്ത് മേ​ഖ​ല​ക​ളെ​യാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട ഹോട്ട് സ്പോട്ടുകളായി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ നോ​യ്ഡ, മീ​റ​റ്റ്, ഗൗതംബുദ്ധ നഗർ, രാജസ്ഥാനിലെ ഭി​ല്‍​വാ​ര, ഗുജറാത്തിലെ അ​ഹ​മ്മ​ദാ​ബാ​ദ്, മഹാരാഷ്ട്രയിൽ മും​ബൈ, പൂ​നെ എ​ന്നീ സ്ഥ​ല​ങ്ങ​ളും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടുന്നുണ്ട്. ഹോട്ട് സ്പോട്ടുകളിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് നിസാമുദ്ദീനിലാണ്.

ഇവിടെ രണ്ടായിരം പേർ പങ്കെടുത്ത മതസമ്മേളനമാണ് രോഗം വ്യാപിക്കുന്നതിനിടയാക്കിയത്. ഇവിടെ 200 ലേറെപ്പേരെ ഐസൊലേഷനില്‍ പാർപ്പിച്ചിരിക്കുകയാണ്. ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​നെയും നിസാമുദ്ദീനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിൽവാരയിൽ 26 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളെ പരിചരിച്ച ഡോക്ടർമാർ അടക്കമുള്ളവർക്ക് ഇവിടെ രോഗം പിടിപെട്ടിരുന്നു. മീററ്റിൽ ഇതുവരെ 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുബായിൽ നിന്നെത്തിയ ഒരാൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കംപുലർത്തിയ നിരവധിപേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്. യുപിയിലെ തന്നെ ഗൗതംബുദ്ധ നഗറിൽ 38 കൊറോണ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. രണ്ടായിരത്തിലേറെപ്പേർ നിരീക്ഷണത്തിലുണ്ട്. ഗൗതം ബുദ്ധ ഹോസ്റ്റൽ അന്തേവാസികളായ 69 പേരടക്കം 300 ഓളം പേർ ക്വാറന്റൈനിൽ കഴിയുകയാണ്. മുംബൈ, പൂനെ നഗരങ്ങളാണ് ഇന്ത്യയില്‍ കോവിഡ് ഹോട്ട് സ്പോട്ടുകളായി അടയാളപ്പെടുത്തപ്പെട്ട മറ്റ് രണ്ട് പ്രധാന കേന്ദ്രങ്ങൾ. മുംബൈയിൽ ഇതുവരെ എട്ടുപേർ മരണമടഞ്ഞിട്ടുണ്ട്.

താനെ, സംഗ്ലി എന്നിവിടങ്ങളിലും വ്യാപകമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട് 82 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇവരിൽ 72 പേർ ദുബായിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഇവരിൽ ഭൂരിഭാഗം ദുബായിലെ നൈഫ് എന്ന സ്ഥലത്തുനിന്നുമാണ് എത്തിയത്. ഇവിടവും കോവിഡ് വ്യാപനത്തിന്റെ ഒരു കേന്ദ്രമായി മാറിയിട്ടുണ്ട്. പത്തനംതിട്ടയിൽ ഇതുവരെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയവർ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ കഴിഞ്ഞദിവസം രോഗമോചിതരായിരുന്നു.

YOU MAY ALSO LIKE THIS VIDEO