Web Desk

കാസർകോട്

January 04, 2021, 12:05 pm

കാസർകോട് ബസപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധ ; ഗതാഗതമന്ത്രി

Janayugom Online

കാസർകോട് പാണത്തൂരിലുണ്ടായ ബസപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു . അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ വ്യക്തമാക്കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും കാസർകോട് ആർടിഒ രാധാകൃഷ്ണൻ പറഞ്ഞു. ചെങ്കുത്തായ ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം.

ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും ആർടിഒ രാധാകൃഷ്ണൻ അറിയിച്ചു.. വാഹനാപകടത്തിൽ പരിക്കേറ്റ 11 പേർ അപകട നില തരണം ചെയ്തു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണിവർ.

ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിൽ 2 കുട്ടികളടക്കം 7 പേരാണ് മരിച്ചത്. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള വിശദ പരിശോധനക്കായി ആർടിഒ യുടേയും സബ് കളക്ടറുടേയും സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.ഡ്രൈവറുടെ അശ്രദ്ധയ്ക്കൊപ്പം ബസിൽ അമിതമായി ആളുകൾ കയറിയതും അപകട കാരണമായെന്നാണ് അനുമാനം. എന്നാൽ ചെങ്കുത്തായ അന്തർസംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ പ്രദേശത്ത് അപകടം തുടർക്കഥയാവുകയാണെന്ന് നാട്ടുകാ‍ർ പരാതിപ്പെടുന്നു.

Eng­lish sum­ma­ry : Kasar­god bus acci­dent fol­lowup story.

you may also like this video