Thursday
22 Aug 2019

കാസര്‍കോട് ഇനി ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനം

By: Web Desk | Saturday 13 July 2019 10:32 PM IST


കാസര്‍കോട് ജില്ലയിലെ ബാംബു ക്യാപ്പിറ്റല്‍ പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: വരള്‍ച്ചയുടെ ബാധയേറ്റ കാസര്‍കോട് ബാംബൂ ക്യാപിറ്റല്‍ പദ്ധതിയിലൂടെ ഇനി ദക്ഷിണേന്ത്യയുടെ മുളതലസ്ഥാനമാവും. പദ്ധതിയുടെ ജനകീയോദ്ഘാടനം അംഗഡിമൊഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് മുളത്തൈ നട്ട് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കില്‍ പെട്ട 13 പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡുതലങ്ങളില്‍ വാര്‍ഡ് അംഗങ്ങളുമാണ് പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ കുഴല്‍ കിണര്‍ നിര്‍മ്മാണവും ജലസേചന രീതികളും കാരണം ജില്ലയിലെ ഭൂഗര്‍ഭ’ജലം അപകടകരമാം വിധത്തില്‍ കുറയുകയാണ്. വരണ്ട് തരിശായ ലാറ്ററൈറ്റ് ഭൂമികള്‍ ഉപയോഗ്യശൂന്യമായി കിടക്കുന്ന സാഹചര്യവുമാണ് ഇവിടെ നിലവിലുള്ളത്. ബാംബൂ ക്യാപിറ്റല്‍ പദ്ധതിയിലൂടെ ഇത്തരം ചെങ്കല്‍ പ്രദേശങ്ങളെ ഹരിതാഭമാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കാവശ്യമായ തൈകള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഏകോപിത പ്രവൃത്തിയിലൂടെയാണ് ഉല്‍പ്പാദിപ്പിച്ചത്. കൂടാതെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും പദ്ധതിക്കാവശ്യമായ മുളത്തൈകള്‍ കൈമാറിയിരുന്നു.

കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ ലഭ്യമാക്കുന്ന വിത്തുകളുപയോഗിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ വാര്‍ഡിലും നഴ്‌സറികള്‍ സ്ഥാപിച്ച് 2,40,00മുളത്തൈകളായിരുന്നു തയ്യാറാക്കിയത്. മൂന്നു മാസത്തോളം വരുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പു തൊഴിലാളികളാണ് നിര്‍വ്വഹിക്കുക. മാലിന്യമുക്ത കാസര്‍കോട് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ശുചിത്വമിഷന്‍ ലഭ്യമാക്കിയ ഫണ്ട് പ്രയോജനപ്പെടുത്തിയായിരുന്നു ജൈവമാലിന്യ സംസ്‌കരണം നടപ്പിലാക്കിയത്. പദ്ധതി പ്രദേശങ്ങളെ കൃഷിക്ക് ഉപയുക്തമായ രീതിയില്‍ മാറ്റിയെടുക്കുതിനായി മണ്ണിന്റെ ഘടനയും ഗുണനിലവാരവും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ജൈവവ്യതിയാനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടാതെ ഭൂഗര്‍ഭജലവിതാനത്തില്‍ വരുന്ന മാറ്റങ്ങളെ നിരീക്ഷിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിരീക്ഷണ കിണറുകളില്‍ പരിശോധനയും നടത്തും.