കെ വി പത്മേഷ്

കാസർകോട്

March 06, 2021, 10:00 am

മാറ്റത്തിന്റെ പാതയില്‍ കാസര്‍കോട്

Janayugom Online

കാസർകോട് മണ്ഡലം ഉണ്ടായതുമുതൽ കോൺഗ്രസും മുസ്‌ലിംലീഗും കൈയ്യടക്കിവച്ച കാസർകോട് അസംബ്ളി മണ്ഡലം വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന്റെ പാതയിലാണ്. കാസർകോട് മണ്ഡലത്തിലായിരുന്നു ബാവിക്കര ചെക്ക് ഡാം യാഥാർത്ഥ്യമാക്കിയത് മാത്രം മതി ഇവിടുത്തെ ജനങ്ങളെ മാറി ചിന്തിക്കാൻ. കാസർകോട് നഗരസഭയിലെയും മധൂർ, ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത് മുളിയാർ പഞ്ചായത്തിലെ ബാവിക്കര തടയണയിൽനിന്നാണ്. പതിറ്റാണ്ടുകളായി വേനൽകാലത്ത് ഉപ്പുവെള്ളം കുടിക്കുന്ന കാസർകോടൻ ജനതയ്ക്ക് പദ്ധതി പ്രദേശം കാസർകോട് മണ്ഡലത്തിൽനിന്ന് മാറി എൽഡിഎഫ് പ്രതിനിധാനം ചെയ്യുന്ന ഉദുമ മണ്ഡലത്തിന്റെ ഭാഗമായപ്പോഴാണ് പ്രതീക്ഷയുടെ ചിറകുമുളച്ചത്. 2016ൽ എൽഡിഎഫ് വാഗ്ദാനമായിരുന്നു ബാവിക്കരയിൽ സ്ഥിരം തടയണയും ഉപ്പുവെള്ളത്തിൽനിന്നുള്ള മോചനവും. ഇത് പാലിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അരനൂറ്റാണ്ടിലധികമായി തങ്ങളെ പ്രതിനിധീകരിച്ചവർ കാണിച്ച നിരുത്തവാദം അവർ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇതിൽ തന്നെ മുപ്പത് വർഷത്തോളം തുടർച്ചയായി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടും സ്വന്തമായി ഒരു വികസന പദ്ധതിയും ചൂണ്ടിക്കാണിക്കാനില്ലാത്ത യു ഡിഎഫ്എം എൽ എമാരുടെ പ്രവർത്തനം വോട്ടർമാർക്ക് തികച്ചും മടുത്തിരിക്കുകയാണ്. ഇതിനെതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണ് കാസർകോട് മണ്ഡലത്തിലെ വോട്ടർമാർ. വർഗീയ പറഞ്ഞ് യുഡിഎഫും ബിജെപിയും വോട്ട് തേടുമ്പോൾ ഇവിടെ ഇടതു മുന്നണി വോട്ട് തേടുന്നത് എല്ലാം രംഗത്തുമുള്ള മണ്ഡലത്തിന്റെ ശാപം മാറ്റാനാണ്.

കാസർകോട് മണ്ഡലം രൂപീകൃതമായതു മുതൽ വലതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണുള്ളത്. ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1957 മുതൽ 65 വരെ കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് കാസർകോട് മണ്ഡലം വിജയിപ്പിച്ചത്. 1957ൽ കോൺഗ്രസിലെ കുഞ്ഞികൃഷ്ണൻ നായർ ചേരിപ്പാടിയും 1960ൽ കോൺഗ്രസിലെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാരും 65ൽ സ്വതന്ത്രനായ ഇ അബ്ദുൾഖാദറും 67ൽ യു പി കനിക്കുലായയും 70ൽ ബി എം അബ്ദുൾറഹ്മാനും എംഎൽഎമാരായി. 1977ൽ മുസ്‌ലീംലീഗിലെ ടി എ ഇബ്രാഹിം ജയിച്ചു. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 1978ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ബി എം അബ്ദുൾറഹ്‌മാൻ ആയിരത്തിലധികം വോട്ടുകൾക്ക് ലീഗിനെ അട്ടിമറിച്ചു. 80 മുതൽ 2011 വരെ ലീഗിലെ സി ടി അഹമ്മദലിയായിരുന്നു എംഎൽഎ.

ഇതിനിടയിൽ ഇദ്ദേഹം മന്ത്രിയാവുകയും ചെയ്തു. എന്നാൽ മണ്ഡലത്തിലെ ഏതെങ്കിലും ഒരു വികസനത്തിന് ചുക്കാൻ പിടിച്ചുവെന്ന് ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2011 മുതൽ എൻ എ നെല്ലിക്കുന്നാണ് മണ്ഡലത്തിന്റെ പ്രതിനിധി. യുഡിഎഫ് ഭരിച്ച കാലത്തും അവകാശപ്പെടാൻ ഒരു പദ്ധതിപോലുമില്ലാത്ത എംഎൽഎ. മുസ്ലീംലീഗ് പ്രതിനിധി മണ്ഡലത്തിൽ വിജയിക്കാൻ തുടങ്ങിയതോടെയാണ് ഹിന്ദുവർഗീയ ശക്തികൾ തലപൊക്കാൻ തുടങ്ങിയത്. കാസർകോട് നഗരസഭയും മൊഗ്രാൽപുത്തൂർ, മധൂർ, ചെങ്കള, ബദിയടുക്ക, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂർ, ദേലമ്പാടി, മുളിയാർ പഞ്ചായത്തുകളുമായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. 2011ൽ പുനഃക്രമീകരിച്ചപ്പോൾ മുളിയാറും ദേലമ്പാടിയും ഉദുമ മണ്ഡലത്തിലേക്ക് മാറി. നിലവിൽ കാസർകോട് നഗരസഭ, മൊഗ്രാൽ പുത്തൂർ, ചെങ്കള, ബദിയടുക്ക, കുമ്പഡാജെ പഞ്ചായത്തുകൾ യുഡിഎഫും മധൂർ, കാറഡുക്ക, ബെള്ളൂർ പഞ്ചായത്തുകൾ ബിജെപിയും ഭരിക്കുന്നു. യുഡിഎഫ് കാലത്ത് തറക്കല്ലിലൊതുങ്ങിയ കാസർകോട് മെഡിക്കൽ കോളജ് യാഥാർത്ഥ്യത്തിലെത്തിച്ചു. മലയോര ഹൈവേ, മെക്കാഡം റോഡുകൾ, കിഫ്ബി, കാസർകോട് പാക്കേജ് പദ്ധതികൾ ഉപയോഗിച്ച് ഹൈടെക് സ്കൂളുകൾ എന്നിവയെല്ലാം യാഥാർത്ഥ്യമാക്കാൻ എൽഡിഎഫ് സർക്കാരിനായി.

2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടായ മണ്ഡലമാണ് കാസർകോട്. ഓരോ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വോട്ട് വർധിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 21615 വോട്ടാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28567 വോട്ടായും തദ്ദേശ തെരഞ്ഞെടുപ്പിൽ 37332 വോട്ടായും വർധിച്ചു. ജനകീയ പ്രശ്നങ്ങളോട് മുഖംതിരിക്കുന്നവർക്കും വർഗീയ ചേരിതിരിവുണ്ടാക്കി നാടിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നവർക്കുമെതിരായ വിധിയെഴുത്തിന് കാത്തിരിക്കുകയാണ് മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർമാരും. കാസർകോട് മണ്ഡലത്തിൽ 196696 വോട്ടർമാരാണുളളത്. 98240 പുരുഷന്മാരും 98456 സ്ത്രീകളുമാണ്.

Eng­lish sum­ma­ry: Ker­ala Elec­tion updates

You may also like this video: