പരീക്ഷ ഒഴിവാക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം

Web Desk
Posted on December 14, 2017, 11:15 am

വിദ്യാനഗര്‍ (കാസര്‍കോട്): ഇംഗ്ലീഷ് പരീക്ഷയെഴുതുന്നത് ഒഴിവാക്കാന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മെനഞ്ഞ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊലീസിനെ മണിക്കൂറുകളോളം വട്ടംകറക്കി. എടനീരിലെ ഒരു സ്‌കൂളിലെ പതിമ്മൂന്നുകാരനാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം മെനഞ്ഞത്.

ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയുമായി പിതാവ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ ഷര്‍ട്ട് കീറിപ്പറിഞ്ഞ് ദേഹത്ത് ബ്ലെയ്ഡുപയോഗിച്ച് പോറലേല്‍പ്പിച്ച നിലയിലായിരുന്നു. സ്‌കൂളിന് സമീപത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെ വെളുത്ത വാനിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടു പോയെന്നും ആദൂര്‍ ഭാഗത്തെത്തിയപ്പോള്‍ ചാടിയിറങ്ങി രക്ഷപ്പെട്ടതാണെന്നുമാണ് പോലീസിനോട് പറഞ്ഞത്.

രണ്ടുപേരിലൊരാള്‍ ജീന്‍സും കറുത്ത ടീ ഷര്‍ട്ടും രണ്ടാമത്തെയാള്‍ ലുങ്കിയും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ചെര്‍ക്കള ഭാഗത്തേക്കാണ് വാന്‍ ആദ്യം പോയത്. ഫോണിലൂടെ ആളെ കിട്ടിയിട്ടുണ്ടെന്ന് ഇതിലൊരാള്‍ ആരോടോ പറഞ്ഞപ്പോള്‍ പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് മറുപടി ലഭിച്ചു. ഇതേത്തുടര്‍ന്ന് ആദൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. വാനില്‍വെച്ചാണ് ബ്ലെയ്ഡുപയോഗിച്ച് മുറിവേല്‍പ്പിച്ചത് ‑കുട്ടി വിശദീകരിച്ചു.

ആദൂരിനടുത്തെത്തിയപ്പോള്‍ അക്രമികളുടെ കൈയില്‍ കടിച്ച് പുസ്തകമടങ്ങിയ ബാഗും ചെരിപ്പും വാനിലുപേക്ഷിച്ച് രക്ഷപ്പെട്ടതായും സമീപത്തെ ബന്ധുവീട്ടിലെത്തിയ കുട്ടി പറഞ്ഞു. ബന്ധുവീട്ടില്‍നിന്നാണ് പിതാവിനെ വിളിച്ച് തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞത്. പിതാവ് ആദൂരിലെത്തി കുട്ടിയുമായി സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ അറിയിച്ചു.

വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങേത്ത്, എസ്.ഐ. കെ.പി.വിനോദ്കുമാര്‍ എന്നിവരുടെ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊപോകല്‍ നാടകം പൊളിഞ്ഞത്. കുട്ടിയുടെ ദേഹത്ത് സ്വയം മുറിവേല്‍പ്പിക്കാവുന്ന ഭാഗങ്ങളില്‍ മാത്രമാണ് പരിക്കുണ്ടായിരുന്നത്. നുണപരിശോധന വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞപ്പോഴാണ് സത്യം പറഞ്ഞത്. ആദൂരിലെ വിജനമായ സ്ഥലത്ത് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബാഗും ചെരുപ്പും കുട്ടിയുമായെത്തി വിദ്യാനഗര്‍ എസ്.ഐ. കെ.പി.വിനോദ്കുമാര്‍ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി.