Web Desk

കാസർകോട്

January 24, 2020, 11:11 am

അധ്യാപികയുടെ മരണം കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ

Janayugom Online

കാസർകോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മിയാപദവ് എസ്‍‌വിഎച്ച്എസ്എസിലെ അധ്യാപികയായ ബി. കെ. രൂപശ്രീയുടെ (44) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. അധ്യാപികയെ ബക്കറ്റിൽ മുക്കി കൊന്നശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് സഹ അധ്യാപകനായ വെങ്കിട്ട് രമണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിൽ നിന്നും രൂപശ്രീയുടെയെന്ന് കരുതുന്ന മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേ കാറിലാണ് മൃതദേഹം കടൽക്കരയിൽ എത്തിച്ച് കടലിൽ തള്ളിയതെന്ന സൂചനയാണ് പുറത്തു വരുന്നത്.അതേസമയം പ്രതിയെ സഹായിച്ചെന്ന് കരുതുന്ന ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. വെങ്കിട്ട് രമണയുടെ സുഹൃത്ത് നിരഞ്ജനെയെയാണ് കസ്റ്റഡിയിൽ എടുത്തത്.

മഞ്ചേശ്വരം മിയാപദവ് സ്വദേശിയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയിൽ സഹപ്രവർത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാൽ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യം മഞ്ചേശ്വരം പോലീസ് അന്വേഷിച്ച കേസ് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കാണാതായ ദിവസം സ്വന്തം സ്കൂട്ടറിൽ രൂപശ്രീ മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. രൂപശ്രീയെ അധ്യാപകൻ കാറിൽ പിന്തുടർന്നതും സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമായിരുന്നു. അധ്യാപകനും രൂപശ്രീയും അടുപ്പത്തിലായിരുന്നുവെന്നും ഇവർക്ക് രൂപശ്രീയിൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

 

YOU MAY ALSO LIKE THIS VIDEO