നൂറ് കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി; ആശങ്കയില്‍ ജനങ്ങള്‍

Web Desk
Posted on May 21, 2019, 9:23 pm

കാസര്‍കോട്: നെയ്യംകയത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ആശങ്ക പരത്തി. കാസര്‍കോട് ജില്ലയിലെ പയസ്വിനി പുഴയിലെ നെയ്യംകയം എന്നറിയപ്പെടുന്ന ആഴമേറിയ സ്ഥലത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ നൂറ് കണക്കിന് മീനുകള്‍ ചത്തുപൊങ്ങിയത്. ഇരുപതിനം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളം കുറവും വെള്ളം കലങ്ങിയതിനാലുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എ അജിത അറിയിച്ചു. ഇന്ത്യന്‍ മെഹസര്‍ എന്ന് വിളിക്കുന്ന മെരുവല്‍ എന്നും കറ്റി എന്നും പേരുള്ള മീനുകളാണ് കൂടുതലും ചത്തുപൊങ്ങിയത്. മരുവല്‍ (കറ്റി),കൂര്‍മാന്‍,തേമീന്‍, കരിമീന്‍, കുരുടന്‍, കലുവ, കൊളോന്‍, മലഞ്ചില്‍, നൊളി, വാള,മുഷി(മുശു),വരാല്‍(ബ്രാല്‍), ആമവര്‍ഗത്തില്‍പെട്ട പാലപ്പൂവന്‍, ഏരി, നരിമീന്‍സ കൊയ്‌ല, ബാലത്താന്‍, കൊയ്ത്തന്‍ എന്നീ മിനുകളും ചത്തവയില്‍പെടും. മൂന്നുദിവസം മുമ്പാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. നാട്ടുകാര്‍ ആദ്യമൊക്കെ ചത്തുപൊങ്ങിയ മീനുകളെ മണലില്‍ കുഴിച്ചിട്ടെങ്കിലും ചത്തുപൊങ്ങുന്ന മീനുകളുടെ എണ്ണം വര്‍ധിച്ചതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഫിഷറീസ് അധികൃതരുമായി സംസാരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എ അജിതയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രാഥമിക പരിശോധനയില്‍ ആഴം ഏറിയ കയത്തില്‍ കുത്തനെ വെള്ളം കുറഞ്ഞതും ഈ സമയത്ത് ആരോ മീന്‍പിടിക്കാന്‍ ശ്രമിച്ചതിനാല്‍ വെള്ളം കലങ്ങാന്‍ ഇടയായി. ഇതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമായതെന്നാണ് ഫിഷറീസ് അധികൃതര്‍ പറയുന്നത്.
മീന്‍ പിടിക്കാന്‍ മറ്റെന്തെങ്കിലും കലക്കിയിട്ടുണ്ടോ എന്ന പരിശോധിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെള്ളത്തിന്റെയും മീനുകളുടെയും സാമ്പിള്‍ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. സാധാരണ രീതിയില്‍ മാര്‍ച്ച് വരെ മാത്രമേ ഇവിടെ നാട്ടുകാര്‍ക്ക് മീന്‍ പിടിക്കാന്‍ അനുവാദമുള്ളൂ. പുഴയിലെ ഒഴുക്ക് പൂര്‍ണമായും നിലച്ചാല്‍ ഈ കയത്തില്‍ വെള്ളമുണ്ടാകും. ചുരങ്ങിയത് ഒരേക്കര്‍ വിസ്തൃതിയുള്ള അമ്പതുമീറ്ററിലധികം ആഴമുള്ള കയത്തിലാണ് ഇപ്പോള്‍ വെള്ളം കുറഞ്ഞിരിക്കുന്നത്. ഈ കയം ഇത്രയും വറ്റിക്കാണുന്നത് ആദ്യമായിട്ടാണെന്ന് പരിസരവാസികള്‍ പറയുന്നു.

you may also like this: