ഒ പ്രതീഷ്

 കാഞ്ഞങ്ങാട്

March 11, 2020, 10:02 am

അച്ഛനെ കാത്ത് പത്താം ക്ലാസുകാരി

Janayugom Online

മലയാളനാട്ടില്‍ പത്താംതരം പരീക്ഷയുടെ ആദ്യദിനം കഴിഞ്ഞിറങ്ങിയതിന്റെ സന്തോഷമല്ല ഈ രാജസ്ഥാനി പെണ്‍കൊടിയുടെ മുഖത്ത്. ഒരു മാസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ജന്മനാടായ ഭരത്‌പുരില്‍ ചികിത്സയ്ക്ക് പോയ അച്ഛനാണ് കശിഷ എന്ന കാ‍ഞ്ഞങ്ങാട് മഹാകവി പി സ്മാരക സ്കൂളിലെ വിദ്യാർത്ഥിയുടെ മനം നിറയെ. ചികിത്സ തുടരുന്നതിനിടെ രോഗം കരളിനെ ബാധിച്ചു ഇതോടെ ആ കുടുംബമാകെ ദുരിതത്തിലാണ്. എങ്കിലും അവൾക്ക് വലിയ പ്രതീക്ഷയുണ്ട്; മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുമെന്ന്.

35 വർഷം മുമ്പാണ് ഭരത്‌പുർ സ്വദേശി മുകേഷ് ഗ്രാനൈറ്റ് ജോലികൾക്കായി കാ‍ഞ്ഞങ്ങാട് വെള്ളിക്കോത്ത് എത്തിയത്. കശിഷ ഉൾപ്പെടെ ഏഴ് മക്കളും ഭാര്യയുമായി ഇവിടെ വാകട ക്വാട്ടേഴ്സിലായിരുന്നു. രോഗം കലശലായതോടെ മുകേഷ് നാട്ടിലേക്ക് പോയി. മുകേഷിന് കരൾ പകുത്തു നൽകാൻ ഭാര്യ പൂജ തയ്യാറാണ്. അച്ഛന്റെ കരളായ മക്കൾ അതിനുള്ള ധൈര്യവും നൽകുന്നു. പക്ഷെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും മുപ്പത്തിയഞ്ച് ലക്ഷം രൂപ വേണം. ഇവർക്കിത് കൂട്ടിയാൽ കൂടില്ല. ഇവർക്ക് തുണയാകാൻ ഇനി മലയാളികൾക്കേ കഴിയൂ.

ഈ പ്രതിസന്ധികളാണ് കശിഷയുടെ മുഖത്ത് കണ്ടത്. കുടുംബത്തിന്റെ കാവലാളാണിപ്പോൾ അവൾ. സഹോദരങ്ങളായ ഖുശി എട്ടാംതരത്തിലും കൃഷ ആറിലും കാജൽ അഞ്ചിലും വൻശിഖ മൂന്നിലും വേദിക, സൻസ്ക്കാർ എന്നിവർ പ്രൈമറി സ്കൂളിലുമാണ് പഠിക്കുന്നത്. ഇവരുടെയെല്ലാം കാര്യങ്ങൾ നോക്കുന്നതിനൊപ്പമാണ് കശിഷയുടെ പഠനവും മറ്റും. അച്ഛൻ തിരിച്ചു വരുമെന്ന കാത്തിരിപ്പാണ് അവളുടെ ഊർജ്ജം.

Eng­lish Sum­ma­ry; kashisha 10th class student

YOU MAY ALSO LIKE THIS VIDEO