ജനാധിപത്യമല്ലാതെ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമില്ല

Web Desk
Posted on August 20, 2019, 12:23 pm

ന്യൂഡല്‍ഹി: ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ തനിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നില്ലെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യാ സെന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യക്രമം നടപ്പിലാക്കിയ ആദ്യത്തെ പശ്ചാത്യേതര രാജ്യമാണ് ഇന്ത്യ. ലോകത്ത് ജനാധിപത്യക്രമം നടപ്പിലാക്കുന്നതിന് വളരെയധികം പ്രയത്‌നിച്ച രാജ്യവുമാണിത്. എന്നാല്‍ ഇപ്പോള്‍ ആ രാജ്യത്തെയോര്‍ത്ത് അഭിമാനംകൊള്ളാന്‍ കഴിയുന്നില്ല.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ആത്യന്തികമായ ജനാധിപത്യമല്ലാതെ കശ്മീര്‍ പ്രശ്‌നത്തിന് മറ്റെന്തെങ്കിലും പരിഹാരമില്ലെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിന് എതിരായ ഭൂരിപക്ഷ പ്രമത്തതയാണ് കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഭൂവിനിയോഗത്തിന്റെ അവകാശം കാശ്മീരികളായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്. അവരുടെ ഭൂമിയാണത്. അവര്‍ക്ക് നിയമാനുസൃതമായ കാഴ്ചപ്പാടുണ്ടെന്ന് മനസിലാക്കണമെന്നും അമര്‍ത്യാ സെന്‍ വ്യക്തമാക്കി.
ജനനേതാക്കളുടെ ശബ്ദം കേള്‍ക്കാതെ ഒരിക്കലും നീതിയും ന്യായവും നടപ്പിലാക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും ആയിരക്കണക്കിന് നേതാക്കളെ നിശബ്ദരാക്കുകയും പലരെയും ജയിലില്‍ അടയ്ക്കുകയും ചെയ്താല്‍, ജനാധിപത്യം വിജയിക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരുടെ ഇരുനൂറ് വര്‍ഷം നീണ്ട ഭരണത്തെ പൊരുതി പറഞ്ഞയച്ച രാജ്യത്ത് കൊളോണിയല്‍ സംസ്‌കാരം തിരിച്ചുവരികയാണെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.