Web Desk

ശ്രീനഗർ

November 06, 2020, 10:57 am

കശ്മീര്‍ ഉപതെരഞ്ഞെടുപ്പ് നവംബർ 28ന്

Janayugom Online

ജമ്മു കശ്മീരിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 28ന് ആരംഭിക്കും. 20 ജില്ലാ വികസന കൗൺസിലുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 19ന് അവസാനിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. 

ഒക്ടോബറിൽ ജമ്മു കശ്മീർ ഭരണകൂടം പഞ്ചായത്തി രാജ് നിയമം ഭേദഗതി ചെയ്തിരുന്നു. ഈ നിയമ പ്രകാരം ഓരോ ജില്ലയിലും ജില്ലാ വികസന കൗൺസിലുകൾ രൂപീകരിക്കുന്നതിന് സർക്കാർ ഭേദഗതി വരുത്തിയിരുന്നു. ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്തിലേയ്ക്കും മുനിസിപ്പൽ സീറ്റുകളിലേയ്ക്കും ഉപതെരഞ്ഞെടുപ്പ് ഒരേസമയം നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ കെ കെ ശർമ്മ പറഞ്ഞു.

നവംബർ 28ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്നലെ പുറപ്പെടുവിപ്പിച്ചു. അവസാനഘട്ട വോട്ടെടുപ്പ് ഡിസംബർ 19നും വോട്ടെണ്ണൽ ഡിസംബർ 22നും നടക്കും. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ജമ്മുവിലും കശ്മീരിലും 10 വീതം ജില്ലാ വികസന കൗൺസിലുകളാണുള്ളത്. ഓരോ ജില്ലാ വികസന കൗൺസിലുകളിലും 14 നിയോജകമണ്ഡലങ്ങൾ ഉണ്ടാകും. 

ജില്ലാ വികസന കൗൺസിലുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പും ബാലറ്റിലൂടെ നടക്കുമ്പോൾ മുനിസിപ്പൽ സീറ്റുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) വഴി നടത്തും. പശ്ചിമ പാകിസ്ഥാൻ അഭയാർത്ഥികളും വാൽമിക്കികളും ഗൂർഖകളും ഈ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ നിന്നും സമ്മതിദായക അവകാശം തേടുന്നത് ഇതാദ്യമായിരിക്കും. 

ENGLISH SUMMARY:Kashmir by-elec­tion on Novem­ber 28
You may also like this video