Web Desk

 ന്യൂഡല്‍ഹി

January 10, 2020, 10:58 pm

കശ്മീർ; സുപ്രീംകോടതിയിൽ: കേന്ദ്രസർക്കാരിന് തിരിച്ചടി

Janayugom Online

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും ഏഴുദിവസത്തിനുള്ളിൽ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇന്റര്‍നെറ്റ് സേവനം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. കശ്മീരിലെ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് നിരോധനം എന്നിവയ്ക്കെതിരെ കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരാണ് ഹര്‍ജി സമർപ്പിച്ചിരുന്നത്. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അഞ്ച് മാസം പിന്നിടുമ്പോഴാണ് സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്. ജസ്റ്റിസുമാരായ എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇന്റര്‍നെറ്റ് മൗലികാവകാശമാണെന്നും അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 19-ാംവകുപ്പിന്റെ പരിധിയിൽ ഇത് ഉൾപ്പെടുന്നു. അതിനാൽ നിയന്ത്രണങ്ങൾ ഭരണഘടനയുടെ 19(2), 19(6) വകുപ്പുകൾക്ക് വിധേയമായിട്ടായിരിക്കണം. ഈ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് മറ്റ് ബദല്‍ മാര്‍ഗങ്ങളുടെ അഭാവത്തിൽ മാത്രമായിരിക്കണമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. ഇന്റർനെറ്റ് വഴിയുള്ള ജോലി, വ്യാപാരം, എന്നിവയ്ക്കും ഭരണഘടനയുടെ 19ാം അനുച്ഛേദം ഉറപ്പുനൽകുന്ന പരിരക്ഷ ലഭിക്കുന്നുണ്ട്. സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിനുള്ള കാരണമല്ല.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ടെലികോം നിയമം അനുസരിച്ച് താൽക്കാലികമായി സേവനങ്ങൾ വിച്ഛേദിക്കുന്നത് ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ ഏഴ് ദിവസവും നിരോധനാജ്ഞ പുനഃപരിശോധിക്കണമെന്നും നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ പുനഃപരിശോധനയ്ക്ക് ശേഷം ഇന്റർനെറ്റ് പുനഃസ്ഥാപനം സാധ്യമാകുന്നില്ലെങ്കിൽ സർക്കാർ വെബ്സൈറ്റുകൾ ലഭ്യമാക്കണമെന്നും ആശുപത്രി, ബാങ്ക്, സ്കൂൾ തുടങ്ങിയ അവശ്യസേവന കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കണമെന്നും കോടതി ജമ്മുകശ്മീർ ഭരണകൂടത്തിന് നിർദ്ദേശം നൽകി. കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിരോധനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജികളിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഇവയിൽ ചില ചെറിയ ഇളവുകൾ വരുത്തിയെങ്കിലും വിലക്കുകളെല്ലാം ഇപ്പോഴും നിലനിൽക്കുകയാണ്. ദീർഘകാലത്തേക്ക് നിയന്ത്രണങ്ങൾ നടപ്പാക്കണമെങ്കിൽ ആർട്ടിക്കിൾ 352 പ്രകാരമുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കണമെന്നും ഹർജിക്കാർ വാദിച്ചിരുന്നു. പുട്ടസ്വാമി കേസിൽ സുപ്രീംകോടതി നൽകിയിട്ടുള്ള പൗരന്റെ സ്വകാര്യത സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് ഹർജിക്കാർ പറയുന്നു. എന്നാൽ ദേശസുരക്ഷയ്ക്ക് ഈ നിയന്ത്രണങ്ങൾ ആവശ്യമാണെന്നായിരുന്നു സർക്കാർ വാദം. ഇത് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.