കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ചൈനയോട് ഇന്ത്യ

Web Desk
Posted on October 10, 2019, 9:52 am

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പാക് ശ്രമത്തിന് പൂര്‍ണ പിന്തുണയെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ഷിയുടെ പ്രസ്താവനകള്‍.

ഉഭയകക്ഷി കരാറുകളുടെയും ഐക്യരാഷ്ട്രസഭനിയമാവലികള്‍ക്കനുസൃതമായും കശ്മിര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രിയുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ട് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് കൃത്യമായി ചൈനയ്ക്ക് അറിയാമെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ നിലപാടിനെ താന്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു ഇമ്രാന്‍ഖാന്റെ മറുപടി. നാളെയാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. ചെന്നൈയിലെ മാമല്ലപുരത്ത് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.