Wednesday
21 Aug 2019

കശ്മീര്‍ വീണ്ടും അശാന്തം

By: Web Desk | Sunday 16 December 2018 10:47 PM IST


ന്യൂഡല്‍ഹി: കശ്മീര്‍ വീണ്ടും അശാന്തിയുടെ നാളുകളിലേക്ക്. പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാ സേനയുടെ വെടിയേറ്റ് ഏഴ് നാട്ടുകാര്‍ കൊല്ലപ്പെട്ടത് മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കുമോയെന്ന ആശങ്കയിലാണ് സുരക്ഷാ ഏജന്‍സികള്‍.

ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ സുരക്ഷാസേനയെ തടയാനെത്തിയ പ്രദേശവാസികളാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സാധാരണക്കാരെ മറയാക്കി ഭീകരര്‍ നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി നേരിട്ട് അടിച്ചമര്‍ത്താന്‍ തന്നെയാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ പൊലീസിന്റെയും രാജ്ഭവന്റെയും വിശദീകരണങ്ങളിലെ പൊരുത്തക്കേടുകള്‍ സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍നിന്നും ഭീകരര്‍ക്കെതിരായ കടുത്ത നടപടികളിലൂടെ മുഖംരക്ഷിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കൂകൂട്ടലാണ് കശ്മീരിലെ സംഘര്‍ഷത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന് അനിവാര്യമാണ്. ഇതനുസരിച്ചാണ് ഗവര്‍ണറുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ വേഗത കൈവരിച്ചിരിക്കുന്നത്.
കശ്മീരില്‍ വീണ്ടും സൈനിക നടപടി ശക്തമാകുന്നത് ഭീകരസംഘടനകളുടെ തിരിച്ചടിക്കും ആക്കംകൂട്ടും. തുടര്‍ന്ന് വീണ്ടും അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങളിലേക്ക് വരെ കാര്യങ്ങള്‍ എത്തുമെന്നും വിലയിരുത്തപ്പെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അതിര്‍ത്തിമേഖലകളിലെ ഭീകരത്താവളങ്ങളിലേക്ക് ഇന്ത്യന്‍ സേന വീണ്ടും ശക്തമായ ആക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് മറ്റ് ലോകരാഷ്ട്രങ്ങളും വിലയിരുത്തുന്നത്.
നിയമസഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. പിഡിപി-ബിജെപി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണമാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ സത്യപാല്‍ മലിക് നിയമസഭ പിരിച്ചുവിടുകയും ചെയ്തു. ഈ മാസം 19 ന് ഗവര്‍ണര്‍ ഭരണം അവസാനിച്ച് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് മാറാനിരിക്കെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ മൂന്ന് ദിവസത്തെ ബന്ദിനാണ് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 15 ാം കോര്‍പ്‌സ് ബറ്റാലിയന്റെ ശ്രീനഗര്‍ ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച് നടത്താനും ആഹ്വാനമുണ്ട്. അതേസമയം മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കശ്മീര്‍ ജനതയോട് സൈന്യം ആവശ്യപ്പെട്ടു.

ഇന്ന് താഴ്‌വരയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ബാരമുള്ളയ്ക്കും ബനിഹാളിനുമിടയില്‍ ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വച്ചു. പുല്‍വാമയിലും പരിസര പ്രദേശങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദക്ഷിണ കശ്മീരില്‍ ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും നിര്‍ത്തി വച്ചു. മധ്യ കശ്മീരില്‍ ഇന്റര്‍നെറ്റിന് വേഗനിയന്ത്രണവുമുണ്ട്. ശ്രീനഗര്‍ പഴയ നഗരത്തിലും മയ്‌സുമ മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുല്‍വാമയില്‍ ജനങ്ങളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല.
പ്രതിഷേധങ്ങള്‍ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്നും ഒരു അപ്രഖ്യാപിത നിരോധനാജ്ഞ പോലെയാണ് കാര്യങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു.

Related News