കശ്മീരിലെ ആപ്പിള്‍ തോട്ടങ്ങളില്‍ കണ്ണീരിന്റെ വിളവെടുപ്പ്

Web Desk
Posted on September 10, 2019, 11:31 am

ശ്രീനഗര്‍: കശ്മീരിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ആപ്പിള്‍ കൃഷി മേഖല പുതിയ സാഹചര്യങ്ങളില്‍ നേരിടുന്നത് വന്‍ പ്രതിസന്ധി. ഭയവും ഗൂഢാലോചനയും ഇടകലര്‍ന്നു നില്‍ക്കുയാണ് കശ്മീരില്‍ ആപ്പിളിന്റെ ഈ വിളവെടുപ്പ് കാലം. കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വില്‍പനയില്ല. അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതിയില്ല. വിളവെടുപ്പിന് കൂട്ടമായെത്തിയാല്‍ കര്‍ഫ്യൂവിന്റെ പേരു പറഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും വ്യാപാരമോ മറ്റോ നടത്തരുതെന്ന് പറഞ്ഞ് ഭീകരരുടെയും ഭയപ്പെടുത്തല്‍. കശ്മീരിന്റെ സമ്പദ്ഘടനയെ തന്നെ താറുമാറാക്കുകയാണോ ലക്ഷ്യമെന്ന് പോലും സംശയിക്കാവുന്ന നടപടികളാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികളും ആപ്പിള്‍ തോട്ടങ്ങളുടെ ഉടമകളും പറയുന്നുവെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീരിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പത്തു ശതമാനം ആപ്പിളിന്റെ സംഭാവനയാണ്. 1,200 കോടി രൂപയാണ് ഇതുവഴിയുള്ള വിറ്റുവരവ്. 18 ലക്ഷം മെട്രിക് ടണ്‍ ആപ്പിള്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. 30 ലക്ഷം ജനങ്ങള്‍ നേരിട്ടും അല്ലാതെയും ആപ്പിള്‍ കൃഷിയും അനുബന്ധ വ്യാപാരവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. വടക്കന്‍ കശ്മീരിലെ സോപോര്‍, തെക്കന്‍ മേഖലയിലെ ഷോപ്പിയാന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ വ്യാപാരവും നടക്കുന്നത്.

ശ്രീനഗറില്‍ നിന്ന് ഷോപ്പിയാനിലേയ്ക്കുള്ള യാത്രാവഴികളില്‍ കായ്ചു നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങളുടെ കാഴ്ചകള്‍ നഷ്ടപ്പെടുത്താനാകില്ല.
ഓരോ വര്‍ഷവും ഈ സമയത്താണ് കായ്ക്കുക. ഇരുപത് ദിവസത്തിനകം വിളവെടുക്കാം. ഉത്സവവേളകളായതിനാല്‍ ആവശ്യക്കാര്‍ കൂടുകയും ചെയ്യും.
എന്നാല്‍ ബന്ദെന്നോ ഹര്‍ത്താലെന്നോ പറയാനാകാത്ത അവസ്ഥയില്‍ വിളവെടുപ്പും വില്‍പനയും നടത്താനാകാതെ പ്രതിസന്ധിയിലാണ് കര്‍ഷകരും വ്യാപാരികളും. പുല്‍വാമയിലും ഷോപ്പിയാനിലുമൊക്കെ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും ഒരുപോലെ കൃഷിക്കാരെയും തൊഴിലാളികളെയും ഭയപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായി.

ഒരു പടി കൂടി കടന്ന് കൃഷിയിടത്തിലെത്തിയ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരെ ഭീകരര്‍ വെടിയുതിര്‍ക്കുന്ന സംഭവം വരെയുണ്ടായി. ഓഗസ്റ്റ് ഏഴിനായിരുന്നു ഇത്. ഡങ്കര്‍പോറ മേഖലയില്‍ സോപോറിലായിരുന്നു സംഭവം. തോട്ടം ഉടമ അബ്ദുള്‍ ഹമീദ് രാവുത്തറുടെ മകന്‍ അര്‍ഷിദ്, പൗത്രന്‍ ഉസ്മാ ജാന്‍, രണ്ട് തൊഴിലാളികള്‍ എന്നിവര്‍ക്ക് വെടിയേറ്റു. അവര്‍ ഇപ്പോഴും ചികിത്സയിലാണ്.

ആപ്പിള്‍ വ്യാപാരികളാണ് ഭീകരര്‍ക്ക് പണം നല്‍കി സഹായിക്കുന്നതെനനാണ് സുരക്ഷാ സൈന്യത്തിന്റെ നിലപാടെങ്കില്‍ സാമ്പത്തികമായി നേട്ടമുണ്ടാകുന്ന ഒരു ജോലിയും ചെയ്തുപോകരുതെന്നാണ് ഭീകരരുടെ നിര്‍ദ്ദേശം. ഫലത്തില്‍ കശ്മീരിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് പറയാവുന്ന ആപ്പിള്‍ മേഖല അസാധാരണമായ പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയെന്നതാണ് സൈന്യത്തിന്റെയും ഭീകരരുടെയും ലക്ഷ്യമെന്നാണ് സംശയിക്കേണ്ടി വരുന്നത്.